”കിംഗ് കോബ്ര, KING KOBRA-3 “
”കിംഗ് കോബ്ര-KING KOBRA-3 “
+++++++++++++++++++
നിങ്ങളും കണ്ടില്ലേ മുകളിലത്തെ ആ ബോർഡ് ആരോ കൊണ്ട് വന്നു ഇപ്പൊ തൂക്കിയിട്ടു പോയതേയുള്ളൂ . ഞാനിവിടെ പുതിയ ആളാണ് .
പേര് പോലെ തന്നെ ഞാനിപ്പോഴും രാജാവ് തന്നെയാണ് കിരീടമില്ല . കൊട്ടാരമില്ല ഭാര്യമാരില്ല തടവറയാണുനുള്ളത് പക്ഷെ സേവകരുണ്ട് കേട്ടോ. “രാജാവാണ് ഞാൻ “ എന്ന് പറയാൻ ആരാണ് ഇഷ്ടപ്പെടാത്തത് .
ചുറ്റും ഒരു മായാ പ്രപഞ്ചം , മണലാണ് , ഇഴയാനാവുന്നില്ല . ചതുരാകൃതിയിലുള്ള സ്ഫടിക കൂട്ടിലാണ് .കൊറേ പേര് എന്നെ കാണാനായി വരി നിൽക്കുന്നു .ടിക്കറ്റ് എടുത്താല് നിങ്ങൾക്കും കാണാൻ പറ്റും എന്നെ .ഞാനിപ്പോൾ കാഴ്ച വസ്തുവാണ് .
മക്കളോടൊത്തു ഇഴഞ്ഞു നീങ്ങുകയാണ് . പെട്ടെന്ന് തിരിച്ചു പോകണം . അവരെ ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയതാണ് . മക്കളെ സേഫ് ആക്കണം .അവരേം കൂടി ആരേലും കണ്ടാൽ എന്റെ കുടുംബം മുഴുവൻ ജീവിത കാലം മുഴുവനും തടവറയിൽ ആകും .വേണ്ട ,ഞാനോ തടവറയിൽ ആണ് .എനിക്കിനി മോചനമില്ല.
ഒരു പത്തു ദിവസം കൊറന്റൈൻ എന്ന് പറഞ്ഞു സ്വന്തം വീട്ടിൽ സ്വന്തം കുടുംബത്തോടൊപ്പം ഇരിക്കാൻ കഴിയാത്ത മനുഷ്യർ ഉള്ള നാടാണ് ഇത് . ദൈവത്തിന്റെ സ്വന്തം മണവാട്ടിയെ ഇരുട്ടിന്റെ മറവിൽ തലക്കടിച്ചു കൊന്നിട്ട് നീതിയും ന്യായവും മാത്രം നോക്കുന്ന കോടതി ശിക്ഷിച്ചിട്ടു , മൂന്നു മാസം തികയും മുൻപേ പരോൾ എന്ന പരാക്രമത്തിലൂടെ ബെൻസ് കാറിൽ കറങ്ങുന്ന നാടാണ് ഇത് .
പക്ഷെ ഒരു തെറ്റും ചെയ്യാത്ത ഞാൻ കഴിഞ്ഞ കൊറേ വർഷമായി തടവിലാണ് . അവകാശങ്ങൾ ഇല്ല ഞങ്ങൾക്ക് .
സൂര്യൻ ഉദിക്കുന്നതിന് മുൻപ് തിരിച്ചെത്തണം . ഗേറ്റിൽ സെക്യൂരിറ്റി കാണും . അത് കൊണ്ട് പുറകിലെ തോട് മുറിച്ചു കടന്നു പോകാം .പണ്ട് വെള്ളം ഒഴുകുന്ന തോടായിരുന്നു .ഇപ്പൊ വെള്ളത്തിന്റെ മുന്നിൽ ‘അഴുക്കു’ വെള്ളം എന്നൂടെ ചേർക്കണം . ഇങ്ങോട്ടു ഇറങ്ങിയ പൊത്തു വഴി തന്നെ തിരിച്ചും കയറാം . ആരും കാണില്ല . കുറച്ചു സമയം എങ്കിലും മക്കളോടും ഭാര്യയോടുമൊത്തു ഒന്നിരിക്കാമല്ലോ . പക്ഷെ മനുഷ്യരെ പേടിച്ചു രാത്രിയാണ് എന്റെ സഞ്ചാരം . പതുക്കെ ഇഴഞ്ഞു നീങ്ങുകയാണ് .
വലത്തേ വശത്തെ ആ വലിയ നീളമുള്ള കെട്ടിടം , നെഞ്ചിൽ ഒരു വിങ്ങൽ അങ്ങോട്ട് നോക്കിയപ്പോ ഞാൻ ഒരു പത്തിരുപതു വര്ഷം പുറകോട്ടു പോയി .ഇതാരുന്നു മക്കളെ അച്ഛന്റെ പഴയ തറവാട് .നിങ്ങൾ വഴി തെറ്റി പോലും ഒരു കാരണവശാലും അങ്ങോട്ട് കേറരുത് കേട്ടോ . ഇപ്പോഴും വിഷപ്പാമ്പുകൾ ഉണ്ട് അവിടെ .
ഒരു വലിയ പുറ്റായിരുന്നു . കൂട്ട് കുടുംബം ആയിരുന്നു . സന്തോഷം ആയിരുന്നു . ഞാൻ അന്ന് യുവാവായിരുന്നു .മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും അമ്മായിമാരും മക്കളും എല്ലാരും കൂടി എന്ത് സന്തോഷമുള്ള ജീവിതം ആയിരുന്നു . ആ നിൽക്കുന്ന മരം ഇല്ലേ . അതാണ് തെങ്ങു . അതിന്റെ മുകളിൽ ഒക്കെ ഞങ്ങൾ കുട്ടികൾ കേറുമായിരുന്നു . അന്നിവിടെ നിറച്ചും തെങ്ങും കാടും വൃക്ഷങ്ങളും ആയിരുന്നു . ഇഷ്ടം പോലെ വെള്ളവും ഉണ്ടായിരുന്നു . ഇപ്പൊ ഈ കെട്ടിടത്തെ വിളിക്കുന്നത് നിയമസഭ എന്നാണ് .
ഒരു ദിവസം രാവിലെ പ്രതീക്ഷിക്കാതെ ദിനോസർ പോലെ കൈയുള്ള ഒരു സാധനം വന്നു . കൊറേ മനുഷ്യന്മാരും . ഒന്നും മനസിലായില്ല . ബഹളം . അച്ഛൻ വന്നു ഞങ്ങളെ എല്ലാരേയും വിളിച്ചുണർത്തി . ഞാൻ ഉറങ്ങുകകയായിരുന്നു . ഞാൻ ഭാര്യയാക്കിയ എന്റെ പെണ്ണും ഉണ്ടായിരുന്നു കൂടെ . ഉറക്കത്തിൽ എന്നെ ആരെങ്കിലും വിളിക്കുന്നത് എനിക്കിഷ്ടമല്ല . അത് കൊണ്ട് ഞാൻ മാത്രം പിന്നെയും കിടന്നു . ബഹളം കേട്ടപ്പോൾ മാളത്തിലെ ഇലകൾ കൊണ്ടുണ്ടാക്കിയ മെത്തയുടെ അടിയിലേക്ക് ഊളിയിട്ടു .ബഹളം നിൽക്കുന്നില്ലായിരുന്നു , ഞാൻ പതുക്കെ താഴത്തെ നിലയിലേക്ക് പോയി .
ഞങ്ങളുടേതു കൂട്ടു കുടുംബം ആയിരുന്നത് കൊണ്ട് കൊറേ മുറികൾ ഉണ്ടായിരുന്നു വീടിനു, ഉറങ്ങി പോയി . പുറത്തു എന്ത് നടക്കുന്നു എന്ന് പോലും അറിഞ്ഞില്ല. പെട്ടെന്ന് ആയിരുന്നു അത് സംഭവിച്ചത് . മണ്ണിന്റെ അടിയിലേക്ക് എന്തോ തുളച്ചു കയറുന്ന ശബ്ദം . ഞങ്ങളുടെ തറവാട് മുഴുവൻ അനങ്ങുന്ന പോലെ . ഞാൻ കണ്ണ് തുറന്നപ്പോ എന്തോ ഒരു ഇരുമ്പിന്റെ പാത്രത്തിൽ ഞാൻ എന്റെ വീട്ടിൽ ഇരിക്കുന്നു . ഞങ്ങളുടെ തറവാട് മുഴുവനായി ആ യന്ത്രം മണ്ണിൽ നിന്ന് കോരി എടുത്തിരിക്കുന്നു . എന്നെ വായുവിലേക്ക് പൊക്കുകയാണ് .ഒന്നും മനസിലായില്ല .
“പട്ടെ ട്ടെ ട്ടെ “ ന്നു ഒരു ശബ്ദം . ഞാൻ നിലത്തു വീണിരിക്കുന്നു .അഥവാ എന്റെ വീടിനെ തകർത്തു എല്ലാം വാരിക്കൂട്ടി ചുരുട്ടി എവിടേക്കോ എറിഞ്ഞിരിക്കുന്നു . ഞാനും കൂടെ ദൂരെ തെറിച്ചു വീണിരിക്കുന്നു . നിലത്തു വീണു . എന്റെ ബാക്കിയുള്ളോരേ എങ്ങും കാണുന്നില്ല . അമ്മ അച്ഛൻ മുത്തച്ഛൻ ഗർഭിണിയായ എന്റെ ഭാര്യ ആരെയും കാണാൻ പറ്റുന്നില്ല . ആകെ പൊടി പടലം ആണ് . അതിനിടയിൽ ആരോ കൊറേ മനുഷ്യന്മാർ എങ്ങോട്ടൊക്കെയോ ഓടുന്നു . അടിക്കെടാ , കൊല്ലെടാ , വിടരുത് എന്നൊക്കെ ഉറക്കെ പറയുന്നു . ഇതൊക്കെ സ്ഥിരം കേൾക്കുന്നത് ആയതു കൊണ്ട് ഞാൻ കരുതി പാർട്ടിക്കാരോ , അല്ലേൽ കൊട്ടേഷൻ കാരോ ആണെന്ന് . പക്ഷെ അതല്ലായിരുന്നു .
പൊടി പടലങ്ങൾ ഒന്ന് ഒതുങ്ങിയപ്പോ ഞാൻ ആ കാഴച കണ്ടു . ഹൃദയം നുറുങ്ങി പോയി . എന്റെ അച്ഛനെ കൊറേ മനുഷ്യർ ചേർന്ന് അടിച്ചു കൊല്ലുകയാണ് . അച്ഛൻ പരമാവധി പിടിച്ചു നിൽക്കുന്നുണ്ട് . തല പൊക്കി തിരിച്ചും ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട് . പക്ഷെ കണ്ണുകൾ മുന്നിലേക്ക് മാത്രമേയുള്ളൂ ഞങ്ങൾക്ക് . പുറകിൽ നിന്നുള്ള അടി കാണാൻ പറ്റില്ല . ചതിയാണ് പുറകിൽ നിന്നുള്ള അടികൾ . അല്ലേലും നേർക്ക് നേർ നിന്ന് പോരാടാൻ ഏതു മനുഷ്യന് ആണ് ധൈര്യം ഉള്ളത് . ചതിയിലൂടെ മാത്രമേ ഇവിടെ കീഴ്പെടുത്തിയിട്ടുള്ളൂ എല്ലാരും . മിത്രമായി കൂടെ കൂടും . അവസാന നിമിഷം ആണ് ആ മിത്രം ചതിയൻ ആയിരുന്നു എന്ന് മനസിലാക്കാൻ കഴിയുന്നത് , നേരത്തെ മനസിലാക്കാൻ ഉള്ള കഴിവുണ്ടായിരുന്നെങ്കിൽ ചതി എന്ന വാക്ക് തന്നെ ഇവിടെ ജനിക്കില്ലായിരുന്നു .
അച്ഛൻ മരിച്ചിരിക്കുന്നു . അഥവാ അവർ കൊന്നിരിക്കുന്നു . ഒരാൾ ഒരു കുപ്പിയിൽ കൊണ്ട് വന്ന മണ്ണെണ്ണ അച്ഛന്റെ ദേഹത്തേക്ക് ഒഴിച്ചു , മരിച്ചെങ്കിലും അച്ഛൻ പുളയുന്നുണ്ട് , മറ്റൊരുത്തൻ തീയും കൊടുത്തു. അച്ഛൻ ചാമ്പലാകുന്നു എന്റെ കണ്മുന്നിൽ .
വീഴ്ചയിൽ എവിടെയൊക്കെയോ ഇടിച്ചിരുന്നു എന്റെ ദേഹം. വേദനിക്കുന്നു മനസും ശരീരവും. അച്ഛൻ മരിച്ചു പക്ഷെ ബാക്കി ആരെയും കാണുന്നില്ല . അമ്മ ,ഭാര്യ, കുടുംബക്കാർ ആരെയും കാണുന്നില്ല . ഞാൻ പതുക്കെ ഒന്ന് ശരീരം ഇളക്കി , ഇഴയാൻ ശ്രമിച്ചു , എവിടൊക്കെയോ തൊലി പോയിട്ടുണ്ട് നീറുന്നുണ്ട്. പതുക്കെ എങ്ങോട്ടേലും രക്ഷപ്പെടണം . മനുഷ്യരുടെ കണ്ണിൽ പെടാതെ .
ഡാ ഓടി വാടാ , ഇവിടെ ഒരുത്തൻ കൂടിയുണ്ട് . എന്നെ ചൂണ്ടി കാണിച്ചു ആരോ വിളിച്ചു പറയുന്നു . എന്റെ സ്വപ്നങ്ങൾ അവസാനിക്കുന്നു ഇവിടെ , അവർ എന്നെയും കണ്ടിരിക്കുന്നു . അച്ഛന്റെ കൂടെ ഞാനും യാത്രയാകും . വെയിലാണ് , ഉച്ച സമയം ആണ് . ഇനി ഇങ്ങോട്ടും ഒളിക്കാൻ ഇല്ല . ഞാൻ നേരെ എങ്ങോട്ടെന്നില്ലാതെ മുന്നിലേക്ക് വേഗത്തിൽ ഇഴഞ്ഞു നീങ്ങി , എന്തോ ഒന്ന് എന്റെ പുറത്തു വന്നു വീണു . അടിയായിരുന്നു അത് . അതും ഒരു പേരകമ്പു കൊണ്ടു .
ഒന്നും ഓര്മയില്ലായിരുന്നു . ഞാൻ ഇപ്പോൾ ഒരു ജീപ്പിന്റെ പുറകിൽ ഇട്ടിരിക്കുന്ന ചാക്കിലാണ് .വണ്ടി നല്ല വേഗത്തിൽ ആണ് ഓടുന്നത് . ഞാൻ ഒന്ന് രക്ഷപെടാൻ വേണ്ടി നോക്കി . ഇല്ല പറ്റുന്നില്ല . അത് കെട്ടി വെച്ചിരിക്കുകയാണ് . മനുഷ്യൻ ലോക പോലീസ് ആണ് . അവർക്കു ആരെയും എന്തും ചെയ്യാം . പോത്തിനെ കൊല്ലാം തിന്നാം , കോഴിയേയും കൊല്ലാം തിന്നാം , മനുഷ്യനെ തന്നെ കൊല്ലുന്നു അവർ .
അങ്ങനെ അവർക്കു തോന്നുന്ന എന്തിനെയും എന്തും ചെയ്യാം . മനുഷ്യന് മാത്രമേ അവകാശങ്ങൾ ഉള്ളൂ ഇവിടെ . ബാക്കിയുള്ള ജീവിതങ്ങൾ എല്ലാം മനുഷ്യന്റെ കരുണയിൽ വേണമെങ്കിൽ ഇവിടെ കഴിയണം . കണ്ണിൽ പെടരുത് . പെട്ട് പോയാൽ തീർന്നു .
എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ട് . വണ്ടി കൊറെ കറങ്ങി . ഏതോ ഒരു വലിയ ഗേറ്റ് കടന്നു അകത്തേക്ക് കയറുന്ന പോലെ തോന്നി എനിക്കു . അതെ ശരിയാണ് , വണ്ടി നിന്നിരുന്നു . ആരോ എന്റെ ചാക്ക് വലിച്ചു പൊക്കുന്നു . ഞാൻ എവിടെയോ ചെന്ന് വീണിരിക്കുന്നു . എന്നെ എറിഞ്ഞതാണ് . ചാക്കിനുള്ളിൽ ഇഴയാൻ പറ്റുന്നില്ല . ഉറങ്ങാനും പറ്റുന്നില്ല, മനസിലെ ആവലാതികൾ ഒരുപാടുണ്ട് . അച്ഛൻ മരിച്ച , അഥവാ കൊന്ന ദിവസം , എന്റെ കുടുംബം ശിഥിലമാക്കപ്പെട്ട ദിനം, എന്നെ തടവറയിൽ ആക്കക്കപ്പെട്ട ദിനം , ഇതിൽ കൂടുതൽ ഒരു ജീവിതം സന്തോഷമാക്കാൻ മനുഷ്യന് പറ്റില്ല . ഇനി നിങ്ങൾ പറയൂ , എനിക്കെങ്ങനെ ഉറങ്ങാൻ പറ്റും .
രാവിലെ ആയിരിക്കുന്നു . കണ്ണ് തുറന്നു ഓരോന്ന് ആലോചിച്ചു വെപ്രാളത്തോടെ ചുരുണ്ടു കിടക്കുക ആയിരുന്നു . ആത്മഹത്യ ചെയ്യാൻ പോലും അറിയില്ല . ചാക്കിന്റെ വള്ളിയും അഴിഞ്ഞ പോലെ തോന്നി . അതെ അഴിഞ്ഞിട്ടുണ്ട് . ഒന്ന് രക്ഷപ്പെടണം . വിശപ്പുണ്ട് . ശരീരം അനങ്ങുന്നില്ല ,എങ്കിലുംഇഴഞ്ഞു നീങ്ങി പുറത്തു ചാടി .
സൂര്യ പ്രകാശം കണ്ണിലേക്കടിച്ചപ്പോ പതുക്കെ കണ്ണ് തുറന്നു . ഒന്നുംമനസിലായില്ല . കൊറേ കുട്ടികളും വലിയവരും ഒക്കെ തിങ്ങി തിങ്ങി നിൽക്കുന്നു .എന്നെ കുറിച്ചും എന്റെ വർഗത്തെ കുറിച്ചും ആരോ പറഞ്ഞു കൊടുക്കുന്നുണ്ട് . വിശക്കുന്നു . ചുറ്റും പരതി , ഒന്നുമില്ല . രാവിലത്തെ ആ ഇളം വെയിലിൽ ഞാൻ നീണ്ടു കിടന്നു ചുറ്റും നോക്കി . ഇല്ല ഇതൊരു കൂടാണ് . ചില്ലു കൊണ്ടുള്ള കൂടു . ഇതിനൊരു വാതിലും ഉണ്ട് .ഒരു ചെറിയ വാതിൽ . പക്ഷെ അടച്ചിട്ടിരിക്കുകയാണ് . എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല , അതായത് തടവറ .
ഒരു മുഖം ഞാൻ കണ്ടു ചില്ലിനിടയിലൂടെ . നരച്ച താടി ഒക്കെ ഉള്ള ഒരു കാക്കി ഷർട്ടും പാന്റും ഇട്ട ഒരാൾ, കൈയ്യിൽ ഒരു അറ്റം വളഞ്ഞ ഒരു നീളമുള്ള കമ്പിയും . അയാൾ കുനിഞ്ഞു വന്നു ആ കുഞ്ഞു വാതിൽ തുറന്നു എന്നെ നോക്കി . ആ കമ്പിയുടെ വളഞ്ഞ ഭാഗം വെച്ച് എന്നെ പൊക്കി എടുത്തു . നീ പുതിയത് ആണല്ലേ … “ഞാൻ ഷറഫു . നിന്നെ നോക്കുന്നത് ഞാനാ “ എന്നും പറഞ്ഞു എന്നെ നിലത്തേക്ക് തന്നെ ഒരു ഏറു . അങ്ങ് മൂലയിൽ ചില്ലിൽ ചെന്ന് ഇടിച്ചു വീണു ഞാൻ . എന്തിനാണ് എന്നെ എറിഞ്ഞതെന്നു എനിക്കും മനസിലായില്ല , എന്നെ എറിഞ്ഞ ആ ചേട്ടന് പോലും മനസിലായില്ല എന്തിനാ എന്നെ എറിഞ്ഞത് എന്ന് .
പ്രതികരിക്കാൻ ആവാത്തവരെ എടുത്തെറിയുക എന്നത് എല്ലാര്ക്കും ഒരു ഹരം ആണ് ലോകത്തെവിടെയും . അതാ വീണ്ടും എന്തോ ഒന്നൂടെ വന്നു വീഴുന്നു . പിന്നേം വീഴുന്നു , വീഴുകയല്ല , എറിയുകയാണ് .. ഓഹ് സന്തോഷായി എന്താന്നറിയോ ...അവൻ ചാടുന്നുണ്ട് ...സന്തോഷം . രണ്ടു പെട പെട പെടക്കുന്ന പച്ച തവളകൾ .ഏതായാലൂം എന്റെ ഇന്നത്തെ റേഷൻ ആണ് , അടുത്ത നിമിഷം മരിക്കാൻ പോകുന്ന ഈ തവളക്കു ഇനി നൊന്താലെന്ത് , എല്ലു ഒടിഞ്ഞാൽ എന്ത് , അതാണ് ആ ചേട്ടന്റെ മനസ്ഥിതി. നന്ദിപൂർവം ഞാൻ ആ ചേട്ടനെ നോക്കി ,പിന്നെ ഭാഗ്യം കെട്ട ആ തവളെയും .
പാവം തവളകൾ അവർ നിസ്സഹായരായി ആ ചേട്ടനെ നോക്കുന്നു . എനിക്ക് വേറെ വഴിയില്ല , അവരുടെ നിസ്സഹായത എന്റെ വിശപ്പാണ്.ക്ഷമിക്കണം തവളകളേ എന്നോട് ക്ഷമിക്കേണമേ. വിശപ്പിനോളം വലിയ വികാരമില്ല . പെട്ടെന്ന് നോക്കിയപ്പോൾ എന്റെ കൂട്ടിലൂടെ ഒരു പച്ചത്തുള്ളൻ ചാടുന്നു . രണ്ടു തവളയും കൂടി അതിനെ പിടിച്ചു തിന്നാനായി പുറകെ ചാടുന്നു . പ്രാണ ഭയം കൊണ്ട് ഓടുന്ന പച്ച തുള്ളന്റെ മുഖം ഒന്ന് നോക്കി , നെഞ്ചിടിച്ചു പോയി . അടുത്ത നിമിഷം ഏതെങ്കിലും ഒരു തവള ആ പച്ച തുള്ളനെ തിന്നും .അതിന്റെ അടുത്ത നിമിഷം ആ തവള എന്റെ വയറ്റിൽ എത്തും . അതോടൊപ്പം ആ പച്ച തുള്ളനും . സത്യത്തിൽ ആ തവള എനിക്ക് വേണ്ടി ആണ് ആ പച്ച തുള്ളനെ തിന്നുന്നതു .
അങ്ങനെ ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . എന്റെ പല്ലുകൾ വരെ കൊഴിഞ്ഞു ഞാനും മുത്തച്ഛൻ ആയിരിക്കുന്നു . പഴയ ആരോഗ്യം ഇല്ല . ഇനി മരിക്കുന്നതിന് മുൻപ് കുടുംബത്തെ ഒരു പ്രാവശ്യമെങ്കിലും കാണണം . അങ്ങനെ ഇറങ്ങിയതാണ് ഇപ്പോഴത്തെ ഈ യാത്ര. .
ഇപ്പൊ മക്കളെയും കണ്ടു മടങ്ങുകയാണ് .ഭാര്യക്കും ഒട്ടും വയ്യ , തിരിച്ചു പോരാൻ തോന്നിയില്ല .പഴയതു പോലെ വേഗത്തിൽ ഇഴയാൻ പറ്റുന്നില്ല .നേരം വെളുക്കാറായി . എന്റെ യജമാനൻ വന്നു നോക്കുമ്പോ ഞാൻ അവിടെ ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ജോലി പോകും .അദ്ദേഹത്തിനും എന്നെ പോലെ കുടുംബം ഉള്ളതാണ് .ഇത്രയും കാലം എനിക്ക് ഭക്ഷണം തന്ന അദ്ദേഹത്തെ ചതിക്കാൻ വയ്യ .ചതി ഞങ്ങൾക്ക് അറിയില്ല .
ആ ജോലി പോയാൽ അദ്ദേഹത്തിന്റെ പിഞ്ചു കുട്ടികൾ പട്ടിണി ആവും , വേണ്ട തിരിച്ചു പോവാം . കാരണം എനിക്ക് വിഷം ഉള്ളതാണ് . ഞാൻ ആരെയെങ്കിലും കൊത്തുമോ എന്നാണ് അവരുടെ പേടി . പക്ഷെ കാരണം ഇല്ലാതെ ഞങ്ങൾ ആരെയും ഉപദ്രവിക്കാറില്ലായിരുന്നു .ഇന്നേ വരെ ജീവിതത്തിൽ ഞാൻ ആരെയും വിഷം വെച്ച് കൊത്തിയിട്ടില്ല .
നേരം വെളുത്തല്ലോ ദൈവമേ ...എന്റെ എല്ലാ ശക്തിയുമെടുത്തു ഞാൻ ഞാൻ സത്യത്തിൽ ഓടുകയാണ് ഇഴയുകയല്ല . എത്തുന്നില്ല , നീങ്ങുന്നില്ല . യ്യോ ഗേറ്റ് എത്തി , ഭയങ്കര ആൾക്കൂട്ടം മൃഗശാല കാണാൻ വന്ന സ്കൂൾ കുട്ടികൾ ആണ് . ഇനി അത് വഴി പോകണ്ട . എന്നെ ആരെങ്കിലും ചവിട്ടിയാൽ ഞാൻ അറിയാതെ കടിച്ചു പോകും . ചുറ്റി പുറകു വശം വഴി പോകാം . എല്ലായിടത്തും ആളുകൾ ആണ് . കണ്ണിൽ പെടാതെ പോകാൻ പറ്റുന്നില്ല . ഞാൻ എങ്ങനെയൊക്കെയോ സൈഡിലെ ഓട്ടോയുടെ പുറകിലൂടെ ഒറ്റ ഓട്ടം . ട്രര്ര്ര്ര് ഡ്രൈവർ ഓട്ടോ എടുത്തോണ്ട് പോയതാണ് . ഭാഗ്യം എന്റെ ദേഹത്തൂടെ കേറിയില്ല . ഇനി പുതിയ പൊത്തു കണ്ടു പിടിക്കണം . എങ്ങും കാണാൻ പറ്റുന്നില്ല . ഓഹ് കണ്ടു ആ മതിലിന്റെ ഇടയിലൂടെ കേറാം . എങ്ങനെയൊക്കെയോ ആരും കാണാതെ ഞാൻ കേറി . മുന്നോട്ടു വഴി ഇല്ല . നല്ല വിശപ്പും ഉണ്ട് .
ഇപ്പൊ എനിക്കുള്ള ഭക്ഷണവും ആയി എന്റെ യജമാനൻ അവിടെ എത്തിയിട്ടുണ്ടാവും . എന്നെ നോക്കി കാണാതെ ആകുമ്പോ ആകെ പ്രശനം ആവും അവിടെ . ഓർത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല . മുന്നിൽ കണ്ട ചെറിയ ഒരു സുഷിരം വഴി ഞാൻ കയറി . യ്യോ ആകെ പെട്ടു . കുഞ്ഞു കുട്ടികൾ ആണ് പുറത്തെല്ലാം . വേണ്ട ഇപ്പൊ ഇറങ്ങേണ്ട . അവർ എന്നെ കണ്ടു പേടിച്ചു ഓടും . തിരിച്ചു കേറാൻ നോക്കിയിട്ടു പറ്റുന്നില്ല . ഇവിടെ ഈ കരിങ്കല്ലിന്റെ അടിയിൽ പതുക്കെ ചുരുണ്ടു കൂടി ഇരിക്കാം തല്ക്കാലം . കുട്ടികൾ ഒക്കെ പോയി കഴിയുമ്പോൾ ഇറങ്ങാം . പറ്റുന്ന അത്രയും ചുരുണ്ടു കൂടി ഇരുന്നു , ആരും കാണാതെ .
ഇവിടിരുന്നാൽ എന്റെ കൂടു കാണാൻ പറ്റും . കൊറേ പേരുണ്ട് അതിനു ചുറ്റും . എന്നെ തിരയുകയാണെന്നു എനിക്ക് മനസിലായി . ആരോ വിളിച്ചു പറയുന്നു , കൂട്ടിലെ രാജവെമ്പാല അവിടെ ഇല്ലെന്നും സന്ദർശകരെ എല്ലാം പെട്ടെന്ന് മാറ്റണമെന്നും . ആകെ ബഹളം , ഓട്ടം . ടീച്ചർമാർ ആണെന്ന് തോന്നുന്നു സാരി ഒക്കെ ഉടുത്തു കുട്ടികളെ ഒക്കെ പിടിച്ചോണ്ട് ഓടുന്നു . എനിക്കവരോട് പറയണം എന്നുണ്ട് , ഞാൻ ഇവിടെ ഉണ്ടെന്നും , ഞാൻ ആരെയും ഒന്നും ചെയ്യില്ലെന്നും , പക്ഷെ എന്റെ ഭാഷ വേറെയാണല്ലോ ...എന്റെ രൂപം ക്രൂരത ആണെന്നാണല്ലോ കുഞ്ഞിലേ മുതൽ കുട്ടികളെ പഠിപ്പിക്കുന്നത് . അത് കൊണ്ടാണല്ലോ കുട്ടികൾ വരെ ഞങ്ങളെ കാണുമ്പോ കല്ലെടുത്തു എറിയുന്നത് .
കുട്ടികളും ബാക്കിയെല്ലാരും കൂടി ഓടുന്നതിന്റെ നല്ല ബഹളം പുറത്തു .പറ്റുന്ന അത്രയും കല്ലിന്റെ അടിയിലേക്ക് ഒതുങ്ങി കൂടിയിരുന്നു . എന്നെ ആരും കാണില്ലെന്നും ഞാൻ വിചാരിച്ചു .
പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . എന്തോ ഒരു ഭാരം എന്റെ പുറത്തു വന്നു വീണു . ആരോ എന്നെ കല്ലെടുത്തു എറിഞ്ഞതാണ് .വേദന കൊണ്ട് പുളഞ്ഞു പോയി ഞാൻ .വേദന കാരണം കുട്ടികളുടെ ഇടയിലേക്ക് അറിയാതെ ഓടി ഇറങ്ങി ഞാൻ . കുട്ടികളിൽ ആരൊക്കെയോ എന്നെ ചവിട്ടുന്നുണ്ട് കുട്ടികൾ അല്ലെ , എല്ലാം ഞാൻ സഹിച്ചു ഓടുകയാണ്. എനിക്ക് വേദന സഹിക്കാനാവുന്നില്ല . ജീവനും കൊണ്ട് രക്ഷപ്പെടണം . ഇല്ല എന്നെ ജീവിക്കാൻ അനുവദിക്കില്ല ഇവർ . ഞാനിവിടെ തീരുകയാണ് .
പെട്ടെന്ന് എന്റെ പുറത്തേക്കു ഒരു പ്രഹരം .എന്തോ കട്ടിയുള്ള വടി കൊണ്ടാണ് . കണ്ണിലൂടെ പൊന്നീച്ച പറക്കുന്ന പോലെ തോന്നി .ഞാൻ വേദന കൊണ്ട് ചുരുണ്ടു പോയി . ചോര ഒലിക്കുന്നുണ്ട്. ഞാൻ എന്റെ സർവ ശക്തിയും എടുത്തു ഓടുകയാണ് . ഇല്ല രക്ഷയില്ല . വീണ്ടും വീണ്ടു ആ വടി എന്റെ പുറത്തു വന്നു വീഴുകയാണ് . അവർ നിർത്തുന്നില്ല . എന്റെ എല്ലുകൾ നുറുങ്ങുന്നു . വീണ്ടും ഒരിക്കൽ കൂടി എന്റെ കഴുത്തിൽ ആ വടി പ്രഹരിച്ചു . അടിയുടെ ആഘാതത്തിൽ അറിയാതെ എന്റെ തല ആഞ്ഞു പൊങ്ങി . എവിടെയോ ഞാൻ ഒന്ന് കൊത്തി ഞാൻ പോലും അറിയാതെ എന്റെ രോഷത്തിൽ എന്നിലെ വിഷവും പുറത്തേക്കു ചീറ്റി തെറിച്ചു .
ആഞ്ഞു ആഞ്ഞു കൊത്തേണ്ടി വന്നു . എനിക്കും ജീവിക്കണം .എന്റെ ജീവൻ നില നിർത്തണമെങ്കിൽ എന്റെ അവസാന ആയുധം . അറിഞ്ഞു കൊണ്ടായിരുന്നില്ല . അങ്ങനെ ആദ്യമായി ജീവിതത്തിൽ സ്വന്തം ജീവൻ നിലനിർത്താൻ വേണ്ടി മാത്രം എനിക്കൊരാളെ കൊത്തേണ്ടി വന്നു . എന്റെ വിഷം വെച്ച് കൊത്തേണ്ടി വന്നു .
എത്ര പ്രഹരങ്ങൾ കിട്ടിയെന്നറിയില്ല .എനിക്കൊന്നും ഓര്മയില്ലായിരുന്നു . ബോധം പോയിരുന്നു എന്റെ .
ഞാനിപ്പോൾ എന്റെ തടവറയിലാണ് വീണ്ടും . എന്നെ ആരോ ഇവിടെ എത്തിച്ചിരുന്നു . ശരീരം അനക്കാൻ പറ്റുന്നില്ല .അത്രയ്ക്ക് വേദനയുണ്ട് . ശരീരം മുഴുവൻ നീരുണ്ട് .
എല്ലായിടത്തും നിശബ്ദത മാത്രം . ഇന്ന് കാഴ്ചക്കാർ ആരും വന്നില്ല . എന്തോ സംഭവിച്ചിട്ടുണ്ട് . അവിടവിടെ കറുത്ത കൊടി വെച്ചിട്ടുണ്ട് . എന്താണെന്നു എനിക്ക് മനസിലായില്ല ഒന്നും . എല്ലാവരുടെയും ഷർട്ടിന്റെ പോക്കെറ്റിന്റെ വശത്തുമുണ്ട് കറുത്ത ഒരു തുണി .
ആരോ വരുന്നു . ചീനി മരത്തിന്റെ കൊമ്പിൽ ഒരു കറുത്ത നിറമുള്ള ഫ്ളക്സ് ബോർഡ് കെട്ടി തൂക്കുന്നു . അതിലേക്കു ഒരു പ്രാവശ്യം മാത്രമേ നോക്കാൻ എനിക്ക് സാധിച്ചുള്ളൂ . അതിൽ ഇങ്ങനെ എഴുതിയിരുന്നു .
“കൃത്യ നിർവഹണത്തിനിടെ ഞങ്ങളോട് വിട പറഞ്ഞ സഹപ്രവർത്തകൻ പ്രിയ ഷറഫുവിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ “
കൂടെ എന്റെ യജമാനന്റെ ഒരു ഫോട്ടോയും .
ഇപ്പൊ നിങ്ങൾക്കെന്നെ മനസ്സിലായിക്കാണും . ഞാനാണ് സ്വന്തം യജമാനനെ വിഷം വെച്ച് കൊത്തി കൊത്തി കൊന്ന ആ മൃഗ ശാലയിലെ രാജാവ് നിങ്ങൾ വിളിച്ച , ഇരുപതു വർഷത്തോളം ആരെയും ഉപദവിക്കാതെ തടവറയിൽ ആരെയും ഉപദ്രവിക്കാതെ നിങ്ങളുടെ കാഴ്ച വസ്തുവായ
“KING KOBRA -3 “
ഹൃദയം കൊണ്ട് ഞാനും മരിച്ചിരുന്നു .ഒരിക്കൽ പോലും, ഒരിക്കൽ പോലും ആഗ്രഹിച്ചതല്ല . ആരെയും കൊല്ലണമെന്ന് . അതും എന്റെ യജമാനനെ .കഴിഞ്ഞ ഇരുപതു വർഷത്തിൽ ഒരിക്കൽ പോലും ഇങ്ങനെ തോന്നാത്ത എനിക്ക് തോന്നിപ്പോയി.ഞാൻ ഇത്രയും ധൃതി കൂട്ടി മതിലിന്റെ ഇടയിലൂടെ ആരും കാണാതെ കൂട്ടിൽ കയറാൻ വേണ്ടി വന്നത് തന്നെ അദ്ദേഹത്തെ മാത്രം ഓർത്തിട്ടായിരുന്നു .അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രം ഓർത്തിട്ടായിരുന്നു . അദ്ദേഹത്തിന്റെ കുടുംബം എങ്ങനെ സഹിക്കും ഇത് .
. “ദൈവമേ ഈ നിമിഷം ഞാൻ സ്വയം മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി “ സങ്കടം സഹിക്കാനാവുന്നില്ല .അടി കിട്ടിയതിന്റെ വേദന ഒന്നും അറിയുന്നില്ല ഞാനിപ്പോൾ . നിങ്ങളുടെ KING KOBRA -3 ഹൃദയം കൊണ്ട് മരിച്ചിരിക്കുന്നു സുഹൃത്തുക്കളെ .
തല താഴ്ത്തി കിടന്നു ഞാൻ . ഒന്നും ചെയ്യാനാവുന്നില്ല. ഉറങ്ങി പോയി എപ്പോഴോ ……
ഉണർന്നപ്പോൾ ആരോ എന്റെ അടി കൊണ്ട മുറിവുകളിൽ എന്തോ മരുന്ന് വെക്കുകയാണ് . പരിചയമുള്ള ശബ്ദം . വാവ സുരേഷേട്ടനാണ് . ഈ ലോകത്തു ഞങ്ങളോട് സ്നേഹം മാത്രം ഉള്ള മനുഷ്യൻ . ഞാൻ കണ്ണടച്ച് വീണ്ടും അദ്ദേഹത്തിന്റെ കൈകളിൽ കിടന്നു .
ആരോ പറയുന്നതു കേൾക്കുന്നു .
സുരേഷേട്ടാ ഇത് നമ്മുടെ മരിച്ച ഷറഫുവിന്റെ മോൻ ആണ് . പ്ലസ് ടു കഴിഞ്ഞു നിൽക്കുവായിരുന്നു . തല്ക്കാലം കുടുംബം നോക്കാനായി ഇവനോട് ഇവിടെ ജോലി ചെയ്തോളാൻ സാറു പറഞ്ഞു . സുരേഷേട്ടൻ കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു കൊടുക്ക് പയ്യന് ….
ആ മോൻ പതുക്കെ എന്റെ തലയിൽ അവന്റെ വിരലുകൾ വെച്ച് സ്പർശിച്ചു .എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണത് ഞാൻ മാത്രമേ കണ്ടുള്ളൂ …
മൃഗശാലയിലെ ഒരു രാജാവ് കൂടി ഹൃദയം പൊട്ടി കരഞ്ഞിരിക്കുന്നു .
അനീഷ് ശ്രീധരൻ

👌👌👍
മറുപടിഇല്ലാതാക്കൂ👌👌👌👌
മറുപടിഇല്ലാതാക്കൂSuperb
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ👍👍👍👏👏
മറുപടിഇല്ലാതാക്കൂനല്ലെഴുത്ത്
👏👏👏👏
മറുപടിഇല്ലാതാക്കൂ👍👍👍👍👍😘😘😘
മറുപടിഇല്ലാതാക്കൂ