തിരികെ ഒരിക്കൽ കൂടി
തിരികെ ഒരിക്കൽ കൂടി
സമയം രാത്രി ഒൻപതര കഴിഞ്ഞിരുന്നു. എങ്കിലും അതിന്റെതായ ഒരു ഇരുട്ട് ഇല്ലായിരുന്നു. മുസ്സഫ റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പ്രകാശവും പകൽ പോലെ തോന്നിപ്പിച്ചു. ഇനി ലണ്ടൻ ഡയബറ്റിക് സെന്ററിന്റെ അടുത്ത് കൂടിയുള്ള അണ്ടർ പാസ്സേജ് വഴി റോഡ് മുറിച്ചു കടക്കണം.
രാവിലെ അഞ്ചുമണിക്ക് ഉണർന്നതാണെങ്കിലും എന്തോ അതിന്റെതായ ഒരു ക്ഷീണം തോന്നിയില്ല. മനം മടുപ്പിക്കുന്ന ജോലി അല്ലായിരുന്നെങ്കിലും ഫോർമാന്റെ സ്ഥിരം കുറ്റപ്പെടുത്തലുകൾ ഒഴിച്ചുനിർത്തിയാൽ ഇരുമ്പിനെ ഇരുമ്പിനോട് ചേർത്തുവെക്കുന്ന വെൽഡിങ്ങിന്റെ ചൂടോടു കൂടിയ പ്രകാശം കണ്ണിൽ പതിക്കുമ്പോഴോ , വെയർ ഹൗസിന്റെ ആസ്ബേറ്റോസ് ഷീറ്റിന് മുകളിൽ തകൃതിയോടെ സൂര്യൻ മരുഭൂമിയുടെ മണലിലേക്ക് എറിയുന്നതിനേക്കാൾ കൂടുതൽ തീ കിരണങ്ങൾ എറിഞ്ഞപ്പോഴുംഒന്നും മനസ് ഇതുവരെ തളർന്നിരുന്നില്ല.എങ്കിലും കഴിഞ്ഞ ഒരു പകൽ മുഴുവൻ എന്നെ അലട്ടിയിരുന്നത് അവളുടെ ആ ചോദ്യം ആയിരുന്നു.
"അപ്പൊ ഇങ്ങളു ഈ
കൊല്ലോം വരൂല ല്ലേ"
ഒന്നു മരിക്കുന്നതിനുമുമ്പ് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും. ഉറപ്പാണ്. കഴിഞ്ഞ മാസമാണ് അവൾക്ക് കൊറോണ വന്നത്. എവിടെ നിന്ന് കിട്ടിയത് എന്ന് അറിയില്ലായിരുന്നു.
ചികിത്സ ഗവൺമെന്റ് ആശുപത്രിയിൽ ആയിരുന്നെങ്കിലും അത് കഴിഞ്ഞുള്ള ആശുപത്രിയിൽ പോക്കും വരവും മരുന്നും ഗുളികയും എല്ലാംകൂടി എന്റെ കയ്യിലുള്ള പൈസ തികയാതെ വന്നിരുന്നു.ഒറ്റപ്പെടുത്തൽ അതായിരുന്നു ഏറ്റവും വേദന. ആരും അസുഖം മാറിയോ എന്നറിയാൻ പോലും വീട്ടിലേക്കു വന്നില്ല എന്ന്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അവളുടെ നാത്തൂനും കുടുംബവും അങ്ങ് ഓമല്ലൂർ പോയി. അവരുടെ വീട് അവിടെ ആയിരുന്നു. ബന്ധുക്കൾ ഇങ്ങനെ കാണിച്ചപ്പോൾ പിന്നെ ബാക്കിയുള്ളോരെ കുറ്റം പറയണ്ട എന്ന് അവൾ തന്നെ പറഞ്ഞു. ശരിയാണ്. കൊറേ പേര് ശ്വാസം കിട്ടാതെ മരിച്ചു അത്രേ. ആർക്കാണ് മരിക്കാൻ ഇഷ്ടം. ഭൂമിയിൽ നന്മ ചെയ്തവർ മരിച്ചു കഴിഞ്ഞാൽ സ്വർഗം കിട്ടുമെന്ന് എല്ലാരും പറഞ്ഞു. പക്ഷെ എല്ലാർക്കും മരിക്കാൻ പേടിയാണ്. ആരും നന്മചെയ്യുന്നില്ലാരിക്കും. അതാവും.ആരോ വീട്ടിൽ നിന്നും ദൂരെ കൊണ്ടു വെക്കുന്ന ഗവണ്മെന്റ് കൊടുക്കുന്ന കിറ്റ് മാത്രമായിരുന്നു ആശ്രയം. ഭക്ഷണം അങ്ങനെ കഴിഞ്ഞു പോയി. അതിലുണ്ടായിരുന്ന ശർക്കരയിൽ മോള് കുറച്ചെടുത്ത് കഴിച്ചെന്നും വയറുവേദനയും ഛർദിയും ആയിരുന്നു എന്നും പറഞ്ഞു.
കൂടാതെ ആശുപത്രിയിൽ പോകാൻ ഒരു ഓട്ടോ വിളിച്ചാൽ പോലും ആരും വരില്ല. വീട്ടിലെ പ്ലാവിൽ ചക്ക നിറഞ്ഞു നിൽക്കുമ്പോൾ അതിനായി വരുന്ന സുനിലിനെ വിളിച്ചപ്പോൾ കാലൊടിഞ്ഞു കിടക്കുക ആണെന്ന് പറഞ്ഞു. പക്ഷെ ഇന്നലെ അടുത്ത വീട്ടിലെ പ്ലാവിൽ നിന്നും ആടിന് വേണ്ടി പ്ലാവിള സുനിൽ വെട്ടിക്കൊണ്ട് പോകുന്നത് അവൾ ജനലിലൂടെ കണ്ടു എന്നും പറഞ്ഞു.ആരും വരില്ല. വന്നാൽ തന്നെ അവർക്ക് ഡബിൾ ചാർജ് കൊടുക്കണം. പോകാതിരിക്കാൻ ആവില്ലല്ലോ. എനിക്ക് പോകാൻ പറ്റാത്തത് നന്നായി എന്ന് എനിക്ക് തോന്നിപ്പോയി. പോയിരുന്നെങ്കിൽ അവധികാലത്തു കമ്പനി ശമ്പളം തരില്ലാരുന്നു.ഇപ്പോൾ അവൾക്ക് നെഞ്ചുവേദന ആണ്. ഇനി അടുത്തമാസം ഡോക്ടറെ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു.
പോകണം എന്നുണ്ടായിരുന്നു നാട്ടിലേക്ക്. സാധാരണ രണ്ടുവർഷം കൂടുമ്പോൾ ആയിരുന്നു കമ്പനിയിൽനിന്ന് അവധി തരാറുണ്ടായിരുന്നത്. കഴിഞ്ഞ വർഷം പോകേണ്ടതായിരുന്നു. എവിടുന്നോ വന്ന കൊറോണ എന്റെ രണ്ടു വർഷത്തെ കാത്തിരിപ്പ്...
അനന്തമായി നീട്ടുകയായിരുന്നു... ഇപ്പോൾ ഇത് 2022 ആയിരിക്കുന്നു... ഇപ്പോൾ മൂന്നു വർഷം
കഴിഞ്ഞിരിക്കുന്നു, അന്ന് നാട്ടിൽ നിന്നും പോന്നിട്ട്. ഇനിയും എത്രനാൾ എന്നറിയില്ല. കമ്പനിയിൽ നിന്നും പറഞ്ഞു വിമാനം ഉണ്ടെങ്കിൽ പോകാം പക്ഷേ 30 ദിവസം മുമ്പ് വന്നു തിരിച്ചു ജോലിയിൽ കയറണം. അതിനു പറ്റിയില്ല എങ്കിൽ വരാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്. ഒരു മലയാളിയായ മാനേജരുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ അയാളെ കൊല്ലാൻ ആണ് തോന്നിയത്. അതിന് കഴിയാതിരുന്നതു കൊണ്ട് മനസ്സിൽ ഞാൻ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കൊന്നു കുഴിച്ചുമൂടാൻ തീരുമാനിച്ചു. അതല്ലാതെ എനിക്കൊന്നുമാവില്ലായിരുന്നു.
സ്നേഹത്തോടൊപ്പം മക്കൾക്കും കൂടെ കൂട്ടിയവൾക്കും ഭക്ഷണവും കൊടുക്കണം. അത്യന്തികമായി മനുഷ്യന് വിശപ്പാണ് വലുത്. ശ്വസന വായു സൗജന്യമായി പ്രകൃതി
മൂന്നു വർഷം മുമ്പ്, അന്ന് വീട്ടിൽ നിന്ന് അബുദാബിയിലേക്ക് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ രണ്ടാം ക്ലാസുകാരി മകൾ ഉപ്പാ ഇതു കൂടി ഇരിക്കട്ടെ എന്റെ സർപ്രൈസ് ഗിഫ്റ്റ് ആണ് എന്നുപറഞ്ഞ് പഴയ ഒരു ലുലുവിന്റെ കവറിൽ എന്തോ തന്നിരുന്നു. വേർപിരിയലിന്റെ വിഷമത്തിൽ ഒരിക്കൽക്കൂടി മോൾക്ക് ഒരു ഉമ്മ കൊടുത്തിട്ട് അത് ഞാൻ എന്റെ ഹാൻഡ് ബാഗിലേക്ക് വെച്ചു. അന്ന് ആ പൊതിയിൽ ഉണ്ടായിരുന്നത് എന്റെ മോൾ എനിക്കായി കരുതിവെച്ച ഏതു സൂര്യന്റെ ചൂടിലും മനസ്സ് ചുട്ടു പഴുക്കുമ്പോളും തണുപ്പിക്കാനായി ഒരു സ്നേഹ സമ്മാനമായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി അവൾ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന അവളുടെ ഒരു ചുവപ്പ് വെള്ളക്കുപ്പി. അതിപ്പോൾ നിറംമാറി വെള്ളയോട് അടുത്തൊരു റോസ് നിറമായി മാറിയിരുന്നു. എങ്കിലും മുപ്പതു ദിവസത്തെ അവധിക്കായി അന്നു വീട്ടിലെത്തിയപ്പോൾ ഉറങ്ങാതെ കാത്തിരുന്ന എന്റെ മോളുടെ മുഖത്ത് വെള്ള കുപ്പിയുടെ നഷ്ടപ്പെട്ട ചുവപ്പുനിറത്തെക്കാൾ ഏറെ സന്തോഷം ഞാൻ കണ്ടിരുന്നു.പിന്നീടു ആ കുപ്പി തണുപ്പുകാലത്തും ചൂടിലും പോലും മനസ്സിനെ തണുപ്പിക്കാൻ നെഞ്ചോട് ചേർത്തുവെച്ച എന്റെ മകളുടെ ഹൃദയമായി എനിക്ക് തോന്നി. അതിൽ നിന്ന് കുടിച്ചിരുന്ന വെള്ളത്തിന് എന്തോ ഒരു പ്രത്യേക മധുരം തോന്നിയിരുന്നു എനിക്ക്.
എന്റെ നടത്തത്തിന് എന്തോ വേഗത കൂടിയിരുന്നു. എല്ലാ വർഷവും കമ്പനിയിൽനിന്ന് തരുന്ന യൂണിഫോമിനോടൊപ്പമുള്ള ഷൂ
ഇപ്രാവശ്യം കുറെയേറെ തേഞ്ഞിരിക്കുന്നു. അത് തേഞ്ഞത് അല്ലെന്നും നിന്റെ ആയുസ്സ് ആണെടാ തേഞ്ഞതെന്നും എനിക്ക് സ്വയം തോന്നി.സാധാരണയായി റോഡ്സൈഡിൽ വ്യാഴാഴ്ചയുടെ തിരക്ക് അനുഭവപ്പെട്ടില്ല. പരസ്പരം ഒന്ന് പുഞ്ചിരിക്കാൻ
ഞാൻ നടന്നു അടുത്ത അണ്ടർപാസ് ക്രോസ്സ് ചെയ്തു വലതുവശത്തേക്ക് കിടക്കണം. പെട്ടെന്നാണ് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. ഒരു അസാമാന്യം ശരീര ശേഷിയുള്ള എല്ലാവരും ആവശ്യത്തിൽ അധികം തടിച്ച ഒരു കുടുംബം പാർക്ക് പോലെയുള്ള അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു. "താൽ അബൂയി താൽ " അവരുടെ ഭാഷയായ അറബിയിൽ എന്നെ അങ്ങോട്ട് വിളിച്ചതായിരുന്നു.മടിച്ചു ഞാനങ്ങോട്ട് ചെന്നപ്പോൾ രണ്ടു കവർ എന്റെ കയ്യിൽ തന്നു. ഒന്നിൽ അവർ കഴിച്ച് ഭക്ഷണ അവശിഷ്ടങ്ങൾ ആയിരുന്നു.അത് ഞാൻ ആ ചവറ്റുകുട്ടയിലിടണം. വയറു നിറയെ കഴിച്ചു വലിയൊരു കുഴൽ വഴി എന്തോ സുഗന്ധമുള്ള ഒരു വെളുത്ത പുക അദ്ദേഹം വായിലൂടെ പുറത്തേക്കു വിടുന്നു. അദ്ദേഹത്തിന് അവിടെ നിന്നും എഴുന്നേൽക്കാൻ വയ്യാത്ത പോലെ എനിക്ക് തോന്നി. അതിനായിരുന്നു എന്നെ വിളിച്ചത്. മറ്റതിൽ ബാക്കി വന്ന ഭക്ഷണം എനിക്കായി... ഭക്ഷണം കിട്ടിയതിലുള്ള സന്തോഷവും എന്തോ ഒരു സങ്കടവും മനസ്സിൽ അറിയാതെ തോന്നി. വീണ്ടും അയാൾ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ വസ്ത്രത്തിലെ വലത്തേ പോക്കെറ്റിൽ കയ്യ്യിട്ട് രണ്ടു നാണയങ്ങൾ കൂടി എനിക്ക് തന്നു. അ കവർ കയ്യിൽ പിടിച്ച് അടുത്ത അണ്ടർ പാസ്സേജ് വഴി ഞാൻ വലതുവശത്ത് എത്തി.
സൈഡിൽ ഒരു പാകിസ്ഥാനി ഒരു കുഞ്ഞു മൊബൈലിൽ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളിയാണ്.വീട്ടിലേക്ക് ഒന്നു വിളിക്കാൻ മൊബൈലിൽ ഒരു ദിർഹം പോലും ബാക്കിയില്ലാത്ത ഒരു വിഷമം എനിക്ക് അദ്ദേഹത്തിന്റെ മുഖത്ത് ഇരുട്ടിലും കാണാമായിരുന്നു. കൈസേ ജീ എന്ന് ഞാൻ വെറുതെ ചോദിച്ചു. നിസ്സംഗതയോടെ അദ്ദേഹം കൈ പൊക്കി കാണിച്ചു എന്നെ. എനിക്ക് ദാനമായി കിട്ടിയ കവറിൽ കൈയ്യിട്ടപ്പോൾ കിട്ടിയ ഒരു ജ്യൂസ് കുപ്പി അദ്ദേഹത്തിന് കൊടുത്തു. മുഖത്ത് ഒരു സന്തോഷവും ഇല്ലാതെ ആർക്കോ വേണ്ടി അദ്ദേഹം അത് വാങ്ങി വെച്ചു.
അടുത്തത് കോ
ഓപ്പറേറ്റീവ് സ്റ്റോർ ആയിരുന്നു.
സമയം
10 മണി കഴിഞ്ഞു കാണും എന്ന് കരുതുന്നു. ഈ
ഒരു കറുപ്പ് വസ്ത്രം ഇട്ട സ്ത്രീ മൊബൈലിൽ നോക്കി വേഗത്തിൽ നടക്കുന്നു. അവരുടെ ഗദ്ദാമ എന്ന തോന്നും വിധം ഒരു ഫിലിപ്പിനോ സ്ത്രീ ഒരു ട്രോളിയിൽ ഒരു കുഞ്ഞിനെയും തള്ളിക്കൊണ്ട് പുറകെ നടക്കുന്നു.
എന്നെ എത്രയും പെട്ടെന്ന് എന്റെ അമ്മയുടെ അടുത്തെത്തിക്കൂ എന്നൊരു ഭാവം ആ
പിഞ്ചു മുഖത്ത് ഞാൻ കണ്ടു. പക്ഷേ ആ കുഞ്ഞിനെ ലാളിക്കാൻ ഉള്ള ഒരു ഭാവവും ആ
അമ്മയിൽ ഇല്ലാത്ത പോലെ എനിക്ക് തോന്നി.
ഒരു ഭാഗത്ത് ശരീരത്തിൽ കൊഴുപ്പിന്റെ ഒരു അംശം പോലും ഇല്ലാത്ത ഞാൻ നടക്കുമ്പോൾ മറുവശത്ത് ഭക്ഷണത്തിന്റെ ആധിക്യത്താൽ ശരീരത്തിലടിഞ്ഞു കൂടിയ ദുർമേദസിനെ എങ്ങനെയെങ്കിലും ഒന്നു ഇല്ലാതാക്കാനായി ഓടുകയും നടക്കുകയും ചാടുകയും ചെയ്യുന്ന കുറെ ജന്മങ്ങൾ. ഈ ലോകത്ത് ഓരോ നിമിഷവും പട്ടിണികിടന്ന് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഞാനോർത്തുപോയി ഇവരൊക്കെ ഈ അധികമായി കഴിക്കുന്ന ഭക്ഷണം ഒരുനേരത്തെ ഭക്ഷണം ഇല്ലാത്തവർക്ക് കൊടുക്കാൻ ഇവർക്ക് തോന്നിയിരുന്നെങ്കിൽ എന്ന്.
ഇനിയുമുണ്ട് എട്ടു കിലോമീറ്റർ കൂടി. നാല്പത്തൊന്നാം നമ്പർ ബസ് ഉണ്ടായിരുന്നു. പക്ഷേ ബസ്സിൽ യാത്ര ചെയ്യുമ്പോൾ രണ്ടു ദിർഹം പോകും എന്നതായിരുന്നില്ല സങ്കടം, കാരണം അത്രക്കു ജോലി ക്ഷീണവും വിഷമവും മനസ്സിനെ തളർത്തിയിരുന്നു.കഴിഞ്ഞ പ്രാവശ്യം ശരീരം വല്ലാതെ വന്നപ്പോൾ ഹംദാനിലുള്ള ഡോക്ടർ ഉണ്ണികൃഷ്ണൻ സാറിനെ കണ്ടപ്പോൾ അദ്ദേഹമാണ് പറഞ്ഞത് എനിക്ക് പ്രമേഹം ആണെന്നും മൂന്നു നേരം കഴിക്കാനുള്ള ഗുളികകളോടൊപ്പം നടക്കുകയും കൂടി വേണമെന്ന്. മൂന്നുനേരം ശരിക്കും ആഹാരം കഴിക്കാൻ പോലും കഴിയാത്ത എന്റെ ശരീരത്തിൽ എങ്ങനെ പഞ്ചസാരയുടെ അളവ് കൂടിയെന്ന എന്റെ ചോദ്യത്തിന് ഡോക്ടർ ഉണ്ണികൃഷ്ണൻ സാറിന് പ്രത്യേകിച്ച് ഒരു ഉത്തരവും പറയാനായില്ല. അന്നുമുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും വയറുനിറയെ ഗുളിക കഴിക്കാം എന്ന ഒരു അനുഗ്രഹം കൂടി എന്നിൽ വന്നു ചേർന്നു.
വഴി വക്കിൽ പുൽത്തകിടിയിൽ ഒരു
മെലിഞ്ഞു സുന്ദരിയായ വെളുത്ത ഇംഗ്ലീഷുകാരി സ്ത്രീ നിലത്തു ചമ്രം പടഞ്ഞു ഇരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ അവരുടെ സ്വർണനിറത്തിലുള്ള മുടി കൂടുതൽ തിളങ്ങുന്നതായി എനിക്ക് തോന്നി. അവരുടെ കൈയ്യിലുള്ള ബാഗിൽ നിന്നും ചുറ്റും കൂടിയിരിക്കുന്ന സുന്ദരികളും സുന്ദരന്മാരും ആയ
പൂച്ചകൾക്കുള്ള ഭക്ഷണമായിരുന്നു. പലപ്പോഴും നടന്നുപോകുമ്പോൾ പൂച്ചകളെ വഴിവക്കിൽ കാണാറുണ്ടായിരുന്നെങ്കിലും ഒരു അമ്മയുടെ വാൽസല്യത്തോടെ അവർക്ക് ഭക്ഷണം വിളമ്പുന്ന ഇവരെ ഞാൻ ആദ്യമായിട്ടായിരുന്നു കണ്ടതു. അനുസരണയുള്ള കുട്ടികളെ പോലെ ഓരോ പൂച്ചയും അവരവരുടെ ഊഴത്തിനായി കാത്തു നിൽക്കുന്നു.
മനുഷ്യനു മനുഷ്യനെ മാത്രമല്ല സ്നേഹിക്കാൻ കഴിയുന്നത് എന്ന്
ഓർത്തുപോയി. സ്വന്തം വളർത്തു പട്ടിയെ വാഹനത്തിൽ കയർ കൊണ്ട് കെട്ടിയിട്ടു ഓടിച്ചുപോയവന്റെ മനസ് ആകാശത്തോളം വലുതാകട്ടെ എന്ന് വെറുതെ പ്രാർത്ഥിച്ചു.
നാളെ വീണ്ടും ഒരു വെള്ളിയാഴ്ചയാണ്.
നാട്ടിലേക്ക് പോകുവാനായി അരിമണി കൂട്ടിവെച്ച ഉറുമ്പിനെ പോലെ കുഞ്ഞു കുഞ്ഞു കവറുകൾ ആയിരുന്നു എന്റെ കട്ടിലിന്റെ താഴെ മൊത്തം.
കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞാൻ ചെല്ലുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ വാങ്ങി വെച്ച എന്റെ സ്നേഹ സമ്മാനങ്ങൾ.
എല്ലാം കൂടി ഒരുമിച്ച് വാങ്ങാൻ കഴിയാതിരുന്നതു കൊണ്ട് ഓരോ മാസം ഓരോന്നായി വാങ്ങി വെച്ചതായിരുന്നു എല്ലാം. കുഞ്ഞുടുപ്പും കുഞ്ഞു പാവയും തിളങ്ങുന്ന കവറുകൾ ഉള്ള ഇത്തിരി
മധുര മിട്ടായികളും. പിന്നെ അവൾക്കായി ഒരു വെള്ളയിൽ ചുവന്ന പൂക്കൾ ഉള്ള ഒരു സാരിയും.
ഇമിയുമുണ്ട് കുറെ. ഗൾഫിൽ നിന്നും വരുമ്പോൾ എല്ലാർക്കും നമ്മൾ എന്തേലും കൊടുക്കണം.
അത് കൊണ്ടു ആരെയും ഒഴിവാക്കാതെ ഓരോന്ന് വാങ്ങി, കൊടുക്കേണ്ടവരുടെ പേരു
ഓരോ കവറിലും വ്യക്തമായി എഴുതി വെച്ചു. അത് മാഞ്ഞു പോകാൻ പാടില്ല. ഇന്നും റൂമിലേക്ക് കയറിച്ചെല്ലുമ്പോൾ ദയനീയമായി അവയെല്ലാം എന്നെ നോക്കും.
എന്തുചെയ്യണമെന്നറിയാതെ സ്വയം താടിയിൽ കയ്യും കൊടുത്തു ഇരുന്ന് ഉറക്കം വരാത്ത രാത്രികളിൽ ക്ലോക്കിൽ നോക്കി പകലാക്കി ഇരുന്നിട്ടുണ്ട്. ഇന്നെങ്കിലും ഉറങ്ങാൻ പറ്റണെ.
മുറിയിൽ പാറ്റ ശല്യം കൂടുന്നു അതുകൊണ്ട് സാധനങ്ങളെല്ലാം കട്ടിലിനടിയിൽ നിന്നും മാറ്റണമെന്ന് കുറേക്കാലമായി റൂം ഓണർ പറയുന്നു.
കഴിഞ്ഞ ആഴ്ച വന്നു ദേഷ്യപ്പെട്ടു.
സത്യത്തിൽ അത് മാറ്റുന്നതാണ് നല്ലത്. റൂമിലെ എസി പലപ്പോഴും കേടാണ്. ചൂടിൽ ഇരുന്നു ചോക്ലേറ്റുകൾ അലിഞ്ഞുപോകും. പാറ്റ വരും. സത്യമാണ്. ഞാനെന്തു ചെയ്യും. എന്നോർത്തപ്പോഴാണ് നാട്ടിലേക്ക് പാർസൽ അയക്കുന്ന ആളുകൾ ഉണ്ടെന്നു അറിഞ്ഞത്. ലുലു പോലുള്ള വലിയ കമ്പനികൾക്ക് ഒരു കിലോയ്ക്ക് 18 ദിർഹം ആണത്രെ ചാർജ്. കുഴപ്പമില്ല. കഴിഞ്ഞ വർഷം നാട്ടിൽ പോകാൻ സാധിച്ചില്ലല്ലോ. ആ വിമാന ടിക്കറ്റിന്റെ പൈസ എല്ലാവർക്കും കൊടുത്തിട്ടുണ്ട്. ആ പൈസ വാങ്ങി പാർസൽ അയക്കാം എന്ന് കരുതി. അതിനായി മാനേജരുടെ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു കഴിഞ്ഞ മാസം വരെ എല്ലാവർക്കും കൊടുത്തിരുന്നു. കൊറോണ കാരണം നമുക്ക് ഇപ്പോൾ ബിസിനസ് കുറവാണ്. അതുകൊണ്ട് ഫോർമാൻ മുതൽ മുകളിലേക്ക് ഉള്ളവർക്ക് മാത്രമേ ടിക്കറ്റിന്റെ പൈസ കൊടുത്താൽ മതി എന്നാണ് കമ്പനിയുടെ തീരുമാനം.
ജീവിതത്തിൽ ആദ്യമായി എനിക്കും ഒരു ഫോർമാൻ ആകണം എന്ന് എനിക്ക് തോന്നിയ നിമിഷത്തെ സ്വയം ശപിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ മാനേജരുടെ ക്യാബിനിൽ നിന്ന് ഞാൻ പുറത്തിറങ്ങി.
നടക്കുന്നവരുടെ തിരക്കുകൾ പതുക്കെ കുറഞ്ഞു വന്നു വീഥിയിൽ.
ഞാൻ മാത്രമായി. ഇനിയെന്ന് നാട്ടിലേക്ക് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി.
പെട്ടെന്ന് നോക്കുമ്പോഴാണ് ഞാൻ ഹുദരിയാത് ബീച്ചിലേക്കുള്ള വഴിയിൽ എത്തിയിരുന്നു. സത്യത്തിൽ അര
ഫർലോങ് മുൻപ് വലത്തോട്ടുള്ള വഴിയിലായിരുന്നു എനിക്ക് പോകേണ്ടത്. സ്ഥലകാലബോധം മറന്ന് എന്റെ നടത്തത്തെ കുറ്റം പറഞ്ഞു കൊണ്ട് തിരിഞ്ഞുനടന്നു.
ഇടതുവശത്തുള്ള പെട്രോൾ പമ്പിൽ നിന്നും കുറേ തടിച്ച അറബി പിള്ളേർ എന്നെ നോക്കി എന്തോ വിളിച്ചുപറയുന്നതായി തോന്നി.
തോന്നൽ ആയിരുന്നില്ല. അവർ പരസ്പരം എന്തോ അവരുടെ ഭാഷയിൽ എന്നെ കളിയാക്കിയത് ആയിരുന്നു. ഒന്നും പറയാതെ തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു.
ഇടതുവശത്തുള്ള മരങ്ങൾക്കിടയിലൂടെ പോയാൽ
10 മിനിറ്റ് നേരത്തെ മുറിയിൽ എത്താം.
ഇതുവരെ നടന്നിരുന്ന ട്രാക്കിലൂടെ സഞ്ചരിച്ചിരുന്ന ഞാൻ പെട്ടന്ന് മരുഭൂമിയുടെ സ്വഭാവമുള്ള മണ്ണിലേക്ക് കാലെടുത്തു വച്ചപ്പോൾ കാലുകൾക്ക് കൂടുതൽ ഭാരം തോന്നി. കാലെടുത്തുവെക്കാൻ വളരെ ബുദ്ധിമുട്ടി.
ഇനിയെന്ന് നാട്ടിലേക്ക് എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നു. ഒരു നിമിഷം ഞാൻ നിന്നു. എനിക്ക് നാട്ടിൽ പോയേപറ്റൂ. എന്റെ വലത്തെ കൈ ഞാൻ മുന്നോട്ടു നീട്ടി കണ്ണുകളടച്ചു. പണ്ട് സ്കൂളിൽ അസംബ്ലിക്കു പ്രതിജ്ഞ ചൊല്ലുന്ന പോലെ. എന്നിട്ടു മനസ്സിൽ സ്വയം പറഞ്ഞു. ഒരിക്കൽ ഞാൻ തിരിച്ചു പോകും. അവസാനത്തെ പെട്ടിയിൽ ആണെങ്കിൽ പോലും ഞാൻ പോകും. അന്ന് ഞാൻ എന്റെ കണ്ണുകൾ അടക്കില്ല. എനിക്ക് കാണേണ്ടത് എല്ലാം കാണുന്നതിനായി ഞാനെന്റെ കണ്ണുകൾ അടക്കില്ല. തുറന്ന കണ്ണുകളുമായി ഞാൻ പോകും.
പെട്ടെന്ന് ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ തെരുവിൽ പ്രകാശം
തന്നിരുന്ന ലൈറ്റും അണിഞ്ഞിരുന്നു. എന്തോ എന്റെ പ്രതിജ്ഞ ഞാൻ മാത്രം അറിഞ്ഞാൽ മതി എന്ന് ആ
പ്രകാശവും കരുതിയ പോലെ എനിക്ക് തോന്നി.
സത്യത്തിൽ അതു നന്നായി.
ഞാൻ തോറ്റു പോയാൽ എന്റെ തോൽവി ഞാൻ മാത്രമേ അറിയൂ.
മുന്നോട്ടു നടന്നു.
ഇനി റോഡ് ക്രോസ് ചെയ്തു അപ്പുറത്തേക്ക് എത്തണം. സിഗ്നൽ വരെ പോയി നടന്നു പോകുന്നവർകായുള്ള പച്ച ലൈറ്റ് തെളിയുന്നതുവരെ നോക്കിനിന്ന അപ്പുറം കടക്കണമെങ്കിൽ 20മിനിറ്റ് ഇനിയും വേണം, നല്ല തളർച്ചയുണ്ട് ശരീരത്തിന്.
വേണ്ട.
രണ്ടു സൈഡിലും വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തി ഞാൻ റോഡ് ക്രോസ് ചെയ്തു.
പതുക്കെ റൂമിനു അടുത്തെത്തി. ക്ഷീണം മാറാൻ ആയി പുറത്തെ കസേരയിൽ ഒന്നിരുന്നു. സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. റൂമിൽ എല്ലാവരും ഉറങ്ങുകയായിരിക്കും. കൈയിലുണ്ടായിരുന്ന കവറിൽ കയ്യിട്ടു നോക്കിയപ്പോൾ ഒരു ബന്നും ഒരു ജ്യൂസും കിട്ടി.
അവിടെ ഇരുന്ന് തന്നെ അത് കഴിച്ചു.
പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.
ലൈറ്റ് ഇട്ടില്ലെങ്കിൽ പോലും എന്റെ പാദങ്ങളുടെ ശബ്ദം കേട്ട് മുകളിലത്തെ ബെഡ്ഡിൽ കിടക്കുന്ന ഹിന്ദിക്കാരൻ നേരത്തെ വരാത്തതെന്തേ എന്ന് ഉറക്കെ ചോദിച്ചു ദേഷ്യപ്പെട്ടു. ഞാനൊന്നും മിണ്ടിയില്ല. കുളിക്കണം എന്നുണ്ട്. രണ്ടു നേരത്തെ കുളി കാരണം വാട്ടർ ബിൽ ൽ വളരെ കൂടുതലാണെന്നും ഇനിയും ബിൽ സംഖ്യ കൂടിയാൽ നിങ്ങളിൽ നിന്നും ഞാൻ വാങ്ങുമെന്നും ഫ്ലാറ്റ് ഓണർ പറഞ്ഞിരുന്നു. ഞാൻ പതുക്കെ തോർത്തെടുത്ത് ശരീരത്തിലെ വിയർപ്പ് കണങ്ങൾ പതുക്കെ തുടച്ചു. കട്ടിലിനടിയിൽ നിന്നും പാറ്റയുടെ കിരു കിരാ ശബ്ദം. ഏതായാലും നാളെ രാവിലെ അടുത്ത റൂമിലെ കൂട്ടുകാരൻ പറഞ്ഞ തമിഴന്മാർ നടത്തുന്ന പാർസൽ കമ്പനിക്കാരെ വിളിക്കണം. ഒരു കിലോയ്ക്ക് എട്ടു ദിർഹം ആണത്രേ അവരുടെ ചാർജ്. പക്ഷേ മൂന്നുമാസം കൊണ്ടെ നാട്ടിലെത്തൂ. മതി സാരമില്ല. എന്നെങ്കിലും എത്തുമല്ലോ. ഇനി അത് അയക്കാനുള്ള പൈസ ഒരു കൂട്ടുകാരൻ തരാമെന്നു പറഞ്ഞിട്ടുണ്ട്. ഇരുന്നൂറ് ദിർഹം തരും. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ 220 ദിർഹം തിരിച്ചു കൊടുക്കണം. ഞാൻ സമ്മതിച്ചു. മനസ്സിൽ അത് അയക്കുന്നതിന്റെ ഒരു ചെറിയ സന്തോഷം. മുഖത്ത് ഇരുട്ടത്തും ഒരു പുഞ്ചിരി.ഒന്ന് കിടന്നു. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല. പതുക്കെ എഴുന്നേറ്റു.
നാളെ വെള്ളിയാഴ്ച ആണ്.
എല്ലാവരും വൈകിയേ ഉണരൂ.
രാവിലെ പാർസൽ കാര് വരുമ്പോ ഉറങ്ങുന്നവർക്ക് ശല്യം ആവണ്ട.
ശബ്ദം ഉണ്ടാക്കാതെ മറ്റുള്ളവരെ ഉണർത്താതെ കുനിഞ്ഞിരുന്നു കട്ടിലിന്റെ അടിയിൽ നിന്നും ഓരോ കവർ പതുക്കെ വലിച്ചെടുത്തു. ഓരോന്നായി പുറത്തെ വാതിലിനു അടുത്ത് കൊണ്ട് വെച്ചു. പണ്ട് എന്റെ ഒരു ചെരുപ്പ് അവിടെ വെച്ചതിനു റൂം ഓണർ വഴക്ക് പറഞ്ഞിരുന്നു. അത് കൊണ്ട് കുളിമുറിയുടെ കോണിലുള്ള ഇത്തിരി സ്ഥലത്തു എല്ലാം കൂടി ഒരു കട്ടി കടലാസ് പെട്ടിയിൽ അടുക്കി വെച്ചു. പാറ്റകൾ അപ്പോഴുമുണ്ടായിരുന്നു. അവരുടെ വാസ സ്ഥലവും ഭക്ഷണവും നഷ്ടപെടുന്നതിന്റെ വേദന പോലെ എനിക്ക് തോന്നി. അവർ കഴിക്കട്ടെ. നാളെ രാവിലെ വരെയും കൂടി. ഞാൻ പതുക്കെ റൂമിലേക്ക് നടന്നു. എ സി യുടെ ശബ്ദമാണോ അതോ സൈഡിൽ കിടക്കുന്ന ആന്ധ്രാ ക്കാരന്റെ കൂർക്കം വലിയാണോ വലുതെന്നു തിരിച്ചറിയാൻ എനിക്കായില്ല. ഇനിയൊന്നുറങ്ങണം.
നാളെ ഈ മാസത്തെ നാലാമത്തെ വെള്ളിയാഴ്ചയാണ്. പകൽ 12 മണിക്ക് പോണം. മാനേജരുടെ വീട്ടിൽ ക്ലീനിങ് ജോലി ഉണ്ട്. എല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു വേസ്റ്റ് എല്ലാം കൂടി കറുത്ത പ്ലാസ്റ്റിക് കവറിൽ ആക്കി താഴേക്കു ഇറങ്ങുമ്പോൾ അദ്ദേഹം 20 ദിർഹം തരും. റൂമിൽ വെറുതെഇരുന്നാൽ അത് കിട്ടില്ലല്ലോ...
സമയം രാവിലെ 3 കഴിഞ്ഞിരിക്കുന്നു. പുറത്തു ഇപ്പോഴും പാകിസ്താനി കുട്ടികൾ കളിക്കുന്നതിന്റെ ശബ്ദം കേൾക്കാം.
ഇനി ഞാനൊന്നുറങ്ങട്ടെ..... സന്തോഷത്തോടെ ഞാൻ എന്ന പ്രവാസിയുടെ ഉറക്കത്തിലേക്കു... ഞാൻ കണ്ണുകൾ മുറുകെ അടച്ചു ഇരുട്ടാക്കി.....
അനീഷ് ശ്രീധരൻ



സൂപ്പർ.... 👌👌
മറുപടിഇല്ലാതാക്കൂ💪👌
മറുപടിഇല്ലാതാക്കൂവളരെ നന്ദി
മറുപടിഇല്ലാതാക്കൂGood writing ! Keep going 🌹🌹
മറുപടിഇല്ലാതാക്കൂവളരെ നന്നായി എഴുതിയിരിക്കുന്നു അനീഷ്. പറയാതെ പൊയ പല പ്രവാസികളുടെയും ജീവിതം ആണ് ഒരോ വരികളിലും. 16 വർഷമായി അബുദാബിയിൽ ജീവിച്ചതു കൊണ്ടാവണം എനിക്ക് ഇതിലെ എല്ലാ വരിക്കളും ദൃശ്യവൽക്കരിക്കുവാൻ സിദിക്കുന്നുണ്ട്. എനിയും എഴുതിക.
മറുപടിഇല്ലാതാക്കൂഫഹദ് ഹസൻ
അനീഷേട്ടാ അടിപൊളി....keep going ഇനിയും എഴുതണം❤️❤️
മറുപടിഇല്ലാതാക്കൂ��
മറുപടിഇല്ലാതാക്കൂ👌
മറുപടിഇല്ലാതാക്കൂഇനിയും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു
Excellent writing ✍️
മറുപടിഇല്ലാതാക്കൂ