''നിങ്ങൾ ഒരു മകനാണോ? മകളാണോ? അച്ഛനാണോ , ഒന്ന് വായിച്ചിരിക്കണം,ഒരിക്കലെങ്കിലും. മക്കൾക്കായി, നിങ്ങളുടെ അച്ഛനായി''

 

 

ഒരു കുട തണലിൽ

==================




                രാവിലെ 11 മണിയോടെ  അലാറം അടിച്ചു. സി യുടെ തണുപ്പിൽ പുതച്ചു കിടന്നിരുന്ന കമ്പിളിപ്പുതപ്പിനുള്ളിൽ നിന്നു തന്നെ മൊബൈൽ തപ്പിയെടുത്തു. അലാറം ഓഫ് ചെയ്തു. എന്നത്തേയും പോലെ വൈഫൈ ഓൺ ചെയ്തു മൊബൈലിൽ. ലോക്ക്ഡൗൺ കഴിഞ്ഞ് ബിവറേജ് തുറന്നപ്പോൾ ഉള്ള തിരക്ക് പോലെ മെസ്സേജുകൾ പടപടാ വന്നുകൊണ്ടിരുന്നു വാട്സാപ്പിൽ.

 

 "ഹാപ്പി ഫാദേഴ്സ് ഡേ അച്ഛാ" സ്നേഹത്തിന്റെ ചുവന്ന കുറെ സ്മൈലികളോടുകൂടി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന എന്റെ മോൻ അച്ചുകുട്ടൻ അയച്ച മെസ്സേജാണ്.  സന്തോഷം തോന്നി. മെയ് 20 നു ഇങ്ങനെയാണ് പേരിട്ടിരിക്കുന്നത് എന്ന് മനസ്സിലായി.അതൊരു സ്ക്രീൻഷോട്ട് എടുത്ത് വെറുതെ എന്റെ അനിയൻ അരുണിനു അയച്ചുകൊടുത്തു.  You are a wonderful father for him എന്ന് മറുപടിയും വന്നു.

 

 

 ഇപ്പോൾ ഓരോ ദിവസത്തിനും ഓരോ പേരുകളുണ്ട്.

 

   ഫേസ്ബുക്ക് തുറന്നാൽ എന്നും ഓരോരുത്തരുടെ പിറന്നാളും വിവാഹ വാർഷികവും ഒക്കെ കൊണ്ട് സംഭവബഹുലമാണ്. കണ്ടു കഴിഞ്ഞാൽ ഒന്ന് ആശംസിക്കും. ആയിരത്തിലധികം കൂട്ടുകാരുണ്ട് ഫേസ്ബുക്കിൽ. പലരും നേരിട്ട് അറിയാത്തവർ. ഫ്രണ്ട് ലിസ്റ്റിന്റെ നീളം കൂട്ടാൻ വെറുതെ എന്നെ അറിയാത്തവർ അയക്കുന്നു.  ഞാനും അത് പോലെ സ്വീകരിക്കുന്നു. അതിൽ മുന്നൂറിലധികം പേർ മ്യുച്ചൽ ഫ്രെണ്ട്സ് ആണ്ഫേസ്ബുക്കിൽ ഫ്രണ്ട് ലിസ്റ്റിൽ പോയാലും  മ്യുച്ചൽ ഫ്രെണ്ട്സ്നെ കണ്ടെത്താം. ഇതൊന്നും ഞാൻ ആക്കിയത് അല്ല. തനിയെ വന്നു കിടക്കുന്നത് ആണതിൽ. അതിൽ ഹൃദയ ബന്ധമുള്ളവരെ കണ്ടെത്താൻ ഒരു ഓപ്ഷനും കണ്ടെത്തിയില്ല ഞാൻ. സുക്കർബർഗ് തോറ്റിരിക്കുന്നു. ശാസ്ത്രത്തിന്റെ ടെക്നോളജിയും തോറ്റിരിക്കുന്നു.

 

ഇപ്പോൾ പേരില്ലാത്തത് എന്റെ മരണത്തിന്റെ ദിവസത്തിന് മാത്രമാണ്. അഥവാ പേരുണ്ട്. അതിനെ എനിക്ക് വിളിക്കാം . ഡെത്ത് ഡേ എന്ന് ഒരു വർഷം കഴിഞ്ഞാൽ  ഡെത്ത് ആനിവേഴ്സറി ഡേ. പക്ഷേ എന്റെ സ്വന്തമായുള്ള ദിവസം ആഘോഷിക്കാൻ എനിക്ക്  മാത്രം കഴിയില്ല. ശാസ്ത്രം തോറ്റിടത്ത് അന്ന് ഞാൻ ജയിക്കും. എന്നോട് ഹൃദയ  ബന്ധമുള്ളവരെ അന്നെനിക്ക് തിരിച്ചറിയണം. അന്ന് ഹൃദയം നൊന്തു കരയുന്നവരുടെ കണ്ണുനീർ ഞാൻ തിരിച്ചറിയും.അവരാണ് എന്നോട് ഹൃദയ ബന്ധം ഉള്ളവർ. ഞാൻ ഉറക്കത്തിലായിരിക്കും. പക്ഷെ നിങ്ങൾക്ക് കരയാം.

 

                ഓരോന്നോർത്ത് കിടന്നു സമയം പോയതറിഞ്ഞില്ല. ഞാൻ എഴുന്നേൽക്കട്ടെ.ഇന്ന് എനിക്ക് അവധിയാണ്.  ഭാര്യയുടെ സഹോദരി റാസൽഖൈമയിൽ താമസം ഉണ്ട്. അവിടം വരെ ഒന്ന് പോകണം. കുറേക്കാലമായി ചേച്ചി വിളിക്കുന്നു. ചേച്ചി റാസൽ ഖയ്മയിൽ എത്തിയിട്ട്  8 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നാണ് എനിക്കൊന്നു അങ്ങോട്ട്പോവാൻ തോന്നിയത്. ഞാൻ എഴുന്നേറ്റ് കുളിച്ച് ഭക്ഷണം കഴിച്ച് റെഡിയായി. സമയം ഉച്ച പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു.

 

 

          ബാഗുമെടുത്ത് തോളത്തിട്ട് റൂമിൽ നിന്നും ഇറങ്ങിയോടി. ബാഗ് എന്റെ സന്തതസഹചാരിയായിരുന്നു. അതിൽ പെട്ടെന്ന് പനി വന്നാൽ ഉള്ള പാരസെറ്റമോള് മുതൽ കാലിലെ മുട്ടുവേദനക്ക് തേക്കുന്ന നീറുന്ന പുകച്ചിൽ ഉള്ള ഓയിൽമെന്റ് വരെ ഉണ്ടായിരുന്നു. ലിഫ്റ്റിൽ പോകണമെന്നുണ്ടായിരുന്നു. പ്രായാധിക്യം കൊണ്ട് തളർന്നവശനായ ലിഫ്റ്റ് നാലാം നിലയിൽ എത്തുമ്പോഴേക്കും എനിക്ക് പടിയിറങ്ങി താഴെയെത്താം.  ഒറ്റ ഓട്ടത്തിനു സ്റ്റെപ് വഴി ഇറങ്ങി. രണ്ടാം നിലയിൽ താമസിക്കുന്ന പാകിസ്ഥാനിയുടെ ഫ്ലാറ്റിനു മുന്നിൽ ഒരു ചെരിപ്പ് കടയെ ഓർമ്മിപ്പിക്കുംവിധം ചെരുപ്പുകൾ വാരി വലിച്ചിട്ടിരുന്നു. ഒരു കാര്യവുമില്ലാതെ വെറുതെ എന്നുംആ ചെരുപ്പുകൾ വെറുതെ ഒന്ന് തട്ടിതെറിപ്പിക്കുമായിരുന്നു ഞാൻ. അതിൽ ഒരു മനസ്സുഖം കണ്ടെത്തി. പലപ്പോഴും പുറത്തുവച്ച് കാണുമ്പോൾ വെള്ള പാകിസ്ഥാനി വേഷം ധരിച്ച അദ്ദേഹം വളരെ സൗഹൃദത്തോടെ കൂടി എന്നോട് പെരുമാറിയിരുന്നു. എങ്കിലും എന്തിനോ വേണ്ടി ചെരുപ്പ് തട്ടൽ ഞാൻ ശീലമാക്കി.ഓട്ടത്തിനിടയിൽ ഞാൻ ചെറുതായി ഒന്ന് വിയർത്തിരുന്നു. ഞാൻ പുറത്തേക്കോടി. ഉച്ചസമയത്തെ സൂര്യപ്രകാശത്തിലും ചൂടിലും കണ്ണു മഞ്ഞളിച്ചു പോയി. മുറിക്കയ്യൻ ഷർട്ട് മുട്ടു കൈ വരെയെ ഉള്ളൂ. ബാക്കി കൈയും മുഖവും ചുട്ടുപൊള്ളുന്നു.തീക്കനലിൽ മുഖം വച്ചതു പോലെ തോന്നി.  പറ്റില്ല. ഞാൻ തിരിച്ച് റൂമിലേക്ക് ഓടി. നേരം വൈകിയതിനാൽ റൂമിന്റെ വാതിൽ മലർക്കെ തുറന്നു അകത്തേക്കോടി. നേരെ അലമാര തുറന്ന് കുട കയ്യിലെടുത്തു.

 

 നീല പുള്ളികളുള്ള ഒരു രണ്ടു മടക്കു കുട. ഇപ്പോൾ ആരും രണ്ടു മടക്ക് കുടകൾ  ഉപയോഗിക്കാറില്ല. കാലം മാറി. കുടയുടെ വലിപ്പവും ചുരുങ്ങി. മനുഷ്യന്റെ മനസ്സ് പോലെ തന്നെ. ഒരു കൈപ്പിടിയിലൊതുക്കാൻ പറ്റുന്ന കുടകൾ ഉള്ളപ്പോൾ എന്തിന് ഇത്രയും വലിയ കൂട എന്ന് ഇന്നലെ ഇതേ വെയിലത്ത്സിറാജ് പുറത്തു പോകാൻ നേരം കുട എടുത്തപ്പോൾ എന്നോട് ചോദിച്ചു. " മാറ്റിക്കൂടെ ടെ ഡോ ചെങ്ങായി ഇത്" ഞാൻ ചിരിച്ചു.മാറ്റണം എന്ന് ഞാനും പറഞ്ഞു.

 

എനിക്ക് ഇന്നലെയും അവധി ആയിരുന്നു. രാവിലെ ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. പെട്ടെന്ന്  റൂമിലേക്ക് കയറി വന്നു. അളിയാ മുടിഞ്ഞ വെയില് ചൂട്, കൊട ഞാൻ എടുക്കുവാണേ, എന്നും പറഞ്ഞു  അലമാരയിൽ കയ്യിട്ട് എന്റെ കുട  വലിച്ചെടുത്തു. അവന്റെ വേഗതയിൽ കുട തെറിച്ചു നിലത്തു വീണു പോയി.

 

 ഞാൻ പെട്ടെന്ന് കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റു . എന്തോ സംഭവിച്ചതുപോലെ. എന്നിട്ട് അതേ പോലെ കിടന്നു. സിറാജ് നിലത്തുനിന്ന് കുടയുമെടുത്ത് വന്നതിലും വേഗത്തിൽ പുറത്തേക്കോടി. 12.30 ന്റെ ബസ്സ് പോയാൽ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് സിറാജിന് അടുത്ത ബസ്. ബസ്സിൽ തന്നെ പോകണം എന്ന് സിറാജ് ഉറക്കെ പറയുന്നുണ്ടായിരുന്നു.

 

 വൈകിട്ട് ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങുന്നതിനായി അബുദാബിയിലെ മുഷ്രിഫ് മാളിൽ പോയി തിരിച്ചുവരുമ്പോൾ സിറാജും അതേ ബസിലുണ്ടായിരുന്നു. എന്നെ കണ്ടപ്പോഴേ ഒരു ക്ഷമാപണത്തോടെ ബാഗിൽ നിന്നും എന്റെ നീല പുള്ളിക്കുട എടുത്ത് എനിക്ക് തന്നു. ഞാനതു രണ്ടുകയ്യും നീട്ടി വാങ്ങി .  സിറാജ് പറഞ്ഞു, ക്ഷമിക്കണം അളിയാ, ഉച്ചക്ക് കുട  നിലത്തുവീണപ്പോൾ അതിന്റെ പിടി ഒന്ന് പൊട്ടി. അളിയനു വേണമെങ്കിൽ  ഞാൻ വേറെ വാങ്ങിത്തരാം. കുടയുടെ പിടിയിലെ പ്ലാസ്റ്റിക് കുറച്ചു പൊട്ടിയിരുന്നു. വീഴ്ചയിൽ പറ്റിയതാണ്. സാരമില്ല പോട്ടെ. എന്ന് ഞാനും പറഞ്ഞു.

 

 റാസൽഖൈമ യിലേക്കുള്ള ബസ് 1 മണിക്കാണ്.  റോഡ്  സൈഡിലുള്ള ഫുട്പാത്തിലൂടെ നീല പുള്ളി കുടയും പിടിച്ച് ഞാൻ ഓടി. തിരക്കിനിടയിൽ കുട നിവർത്താൻ മറന്നുപോയിരുന്നു. ഓട്ടത്തിനിടയിൽ ഒരു കയ്യിൽ ബാഗും മറ്റേ കയ്യിൽ കുടയുമായി. അണ്ടർപാസിലെ തണലിൽ എത്തിയപ്പോഴാണ് കുടയുടെ കാര്യം ഓർത്തതു. പതുക്കെ കുടയുടെ പ്ലാസ്റ്റിക് പിടിയിലെ  തേഞ്ഞു തീരാറായ വെള്ളി നിറത്തിലുള്ള സ്വിച്ച് ഞാൻ പതുക്കെ അമർത്തി. പെട്ടെന്ന് തന്നെ കൂട തുറന്നു. അണ്ടർപാസ് കഴിഞ്ഞിരുന്നുവെയിലിന്റെ ചൂടിൽ കുടയുടെ തണൽ എന്തോ ഒരു കുളിർമയേകുന്ന ആശ്വാസമായി തോന്നി. ഇനിയും ഒരു അഞ്ചു മിനിറ്റ് കൂടി നടന്നാലേ ബസ്റ്റോപ്പിൽ എത്തു. ഞാനെന്റെ ഓട്ടത്തിന് വേഗത കൂട്ടിഎന്റെ വേഗതയ്ക്ക് അനുസരിച്ച് കയ്യിലിരിക്കുന്ന കുടയും ആടിയുലയുന്നുണ്ടായിരുന്നു.

   പുറകിലേക്ക് നോക്കിയപ്പോൾ ബസ് എന്നെക്കാളും വേഗതയിൽ പാഞ്ഞു വരുന്നുന്നു . ബസ് നമ്പർ X4 - 411, നീല നിറമുള്ള ഒരു സുന്ദരൻ. കക്ഷി ചില്ലറക്കാരൻ അല്ല. ബെൻസാണ്. അവൻ എന്നെ റാസൽ ഖൈമ വരെ കൊണ്ട് പോകണം. അതാണ് ദൗത്യം.ചൂടും വെയിലും  അതി കഠിനം പുറകിൽ നിന്ന് ബസ് വരുന്നു.

  വെപ്രാളം  കൂടിവന്നപ്പോൾ ഞാനാകെ വിയർത്തിയിരുന്നു. ആനക്കൊമ്പിന്റെ നിറത്തിലുള്ള പ്ലാസ്റ്റിക് പിടിയിൽനിന്നും എന്റെ കൈയ്യിലെ വിയർപ്പിനാൽ കുട ചെറുതായി ഒന്നു വഴുതി വീണു. റോഡ് സൈഡിലുള്ള പുൽത്തകിടിയിൽ എന്റെ നീല പുള്ളി കുട കിടക്കുന്നു. പെട്ടെന്ന് കുടയെടുത്തു.  ഞാൻ ഓടി ബസ്സിന് പുറകെ.   പൊരിവെയിലത്ത് ഞാൻ ഓടിവരുന്നത് ഡ്രൈവർ കണ്ണാടിയിലൂടെ കണ്ടതാണോ എന്നറിയില്ല. ആരും ഇറങ്ങാനും കയറാനും ഇല്ലാതിരുന്നിട്ടും ബസ് അവിടെ എനിക്കുവേണ്ടി കാത്തു നിന്നിരുന്നു. മുമ്പിലത്തെ വാതിൽ വഴി ഞാൻ അകത്തു കടന്നു. കൊടും ചൂടിൽ നിന്നും ബെൻസ് എന്ന കമ്പനിയുടെ വലിയ വാഹനത്തിലേക്ക് ഞാൻ കാലെടുത്തു വെക്കുമ്പോൾ ശീതീകരിച്ച മുറിയുടെ അനിഷേധ്യമായ ഒരു തണുപ്പ് എന്റെ വിയർപ്പുകണങ്ങളിൽ പതുക്കെ മുത്തമിട്ടപ്പോൾ എന്തോ ഒരു കുളിരു തോന്നി. അതിൽ ഉപരിയായി ഞാൻ ഒരുബെൻസ് വണ്ടിയെ ഓടി തോൽപ്പിച്ചു എന്നൊരു വിജയാഹ്ലാദവും മനസ്സിൽ തോന്നി. പാകിസ്ഥാനി ആയ ബസ് ഡ്രൈവർ നിർവികാരനായി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നു. ഒരു യന്ത്രത്തെപ്പോലെ എനിക്ക് തോന്നി അദ്ദേഹത്തെ.

 

                    ബസിന്റെ വാതിലിന്റെ ഇടതു സൈഡിൽ ഉണ്ടായിരുന്ന ഒരു ചെറിയ കമ്പ്യൂട്ടർ പോലുള്ള ഡിസ്പ്ലേയിൽ ഞാൻ എന്റെ ബസ് കാർഡ് അമർത്തി. ഒരു പച്ചനിറത്തിലുള്ള ശരിയുടെ അടയാളം വരുന്നത് ഞാൻ നോക്കി നിന്നു, എന്റെ സാന്നിധ്യം അബുദാബി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയെ ഞാൻ അറിയിച്ചു.  സത്യത്തിൽ അതായിരുന്നില്ല. അവിടെയാ കാർഡ് കാണിച്ചില്ലെങ്കിൽ അഥവാ ചെക്കിങ്ങിനു ആരെങ്കിലും കയറിയാൽ വലിയൊരു തുക ഫൈൻ അടക്കേണ്ടി വരുമായിരുന്നു. 45 ദിർഹം ആയിരുന്നു റാസൽഖൈമയിലേക്കുള്ള ബസ് ചാർജ്. പക്ഷേ എങ്കിൽ പോലും പലരും കാർഡ് അവിടെ കാണിക്കാതെ ഇരിക്കുന്നത് മറ്റു ബസുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ഒരു രണ്ടു ദിർഹം പോലും കൊടുക്കാൻ ഇല്ലാത്തതോ അതോ അതിനുള്ള മനസ്സില്ലാത്തതോ ആയവർക്ക് പലപ്പോഴും ഫൈൻ കിട്ടുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ഞാൻ നേരെ അകത്തേക്ക് നടന്നു.വലിയ തിരക്കൊന്നും ഇല്ലായിരുന്നു.ബസ്സിൽ. ബസിൽ സൗജന്യ വൈഫൈ കണക്ഷൻ ഉണ്ട്. ആകെ കുറച്ചുപേർ  അതിലെ ഇന്റർനെറ്റിലൂടെ ലോകം കാണുന്ന തിരക്കിലാണ്.

 

 ആദ്യത്തെ അഞ്ചാറു വരിയിലെ സ്ത്രീകളുടെ സീറ്റ് കഴിഞ്ഞതിനുശേഷം ആയിരുന്നു പുരുഷൻമാർക്കുള്ള സീറ്റ്. പുറകിലേക്ക് പോകുന്ന വഴിയിൽ കുടയുടെ കമ്പി സൈഡില് സീറ്റിലിരുന്ന ഒരു സ്ത്രീയുടെ മുടിയിൽ ഉടക്കി. അവർ അവരുടെ മൊബൈലിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി.അപ്പോഴാണ് ഞാൻ കുട മടക്കിയില്ല എന്നോർത്തതു. മറ്റേതോ രാജ്യക്കാരി യായ സ്ത്രീ എന്നോട് ദേഷ്യപ്പെടാതെ അവരുടെ മുടി പിടിച്ച് നേരെ വച്ചു. ഞാൻ ചെറുതായി മുഖത്തുനോക്കി പുഞ്ചിരിച്ചു, എന്നെ ഒന്നും പറയാതിരുന്നതിനുള്ള ഒരു നന്ദി പറച്ചിൽ പോലെ. അവരുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നും കണ്ടില്ല. അവർ വീണ്ടും മൊബൈലിലേക്ക് തന്നെ മുഖം താഴ്ത്തി. കുട മടക്കി ഞാൻ പുറകിലേക്ക് നടന്നു. സൈഡ് സീറ്റിൽ ഇരുന്നു. ട്രെയിനിനെ ഓർമിപ്പിക്കും വിധം ആയിരുന്നു സീറ്റുകൾ, ഒന്ന് മറ്റൊന്നിനോട് അഭിമുഖമായി. പക്ഷെ എനിക്കെപ്പോഴും മുന്നോട്ട് പോകുന്ന വണ്ടിയിൽ മുന്നിലെകാഴ്ചകൾ കാണാനായിരുന്നു ഇഷ്ടം. മറ്റുള്ളവർ കണ്ടു തീർത്ത കാഴ്ച്ച കാണുന്നതിൽ എന്തോ ഒരു അതൃപ്തി. കുടയെടുത്ത് ബാഗിൽ വെക്കാൻ നോക്കുമ്പോൾ പൊട്ടിപ്പോയ കുടയുടെ പിടിയുടെ ഒരു ഭാഗം അതിലില്ലായിരുന്നു. സങ്കടം തോന്നി. കുട ബാഗിലേക്ക് വെച്ചു. തോളിലെ ബാഗ് അടുത്ത സീറ്റിലേക്ക് വെച്ചിട്ട് ചാരികിടന്നു സീറ്റിൽ മുന്നിലേക്ക്നോക്കി .കാല് നീട്ടി വച്ചു.


   സമാധാനം.ഓരോ ഓർമ്മകൾ മനസിലേക്ക് മിന്നി മറയുന്നു. ബസ് നീങ്ങി കൊണ്ടിരിക്കുകയാണ്. ബസ്സിന്റെ രണ്ട് വശങ്ങളിലും കാറുകളും മറ്റു വാഹനങ്ങളും അതിവേഗത്തിൽ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. അതിൽ ഇരിക്കുന്നവർ എല്ലാം ഒരു യന്ത്രത്തെപ്പോലെ തന്നെയാണ്. സാമൂഹിക ചിന്താഗതി ഇവിടെ കുറവാണെന്നു തോന്നുന്നു. എല്ലാവരും രാവിലെ ജോലിക്ക് പോകുന്നു. തിരിച്ചു അവരുടെ ഫ്ലാറ്റിലേക്കോ റൂമിലേക്കോ തിരിച്ചു പോകുന്നു. ഒരു യന്ത്രം പോലെ. അതിൽ കൂടുതൽ ആർക്കും ഒരു ബന്ധങ്ങളും ബന്ധനങ്ങളും എനിക്ക് ഇതുവരെ അനുഭവപ്പെട്ടിരുന്നില്ല. ജോലി ചെയ്യണം കിട്ടുന്ന പൈസ  നാട്ടിലേക്ക് അയക്കണം. വെള്ളിയാഴ്ച അവധി ദിവസം ഉച്ച വരെ ഉറങ്ങണം. ഉച്ചക്ക് പറ്റിയാൽ ഒരു ബിരിയാണി വയറു നിറച്ചു കഴിക്കണം. പിന്നേം ഉറങ്ങണം. ഒന്ന് വീട്ടിലേക്കു വിളിക്കണം. വീട്ടിൽ ഉള്ളവരുടെ സമയം നോക്കി. അവിടെ ഫ്രീ ആണേൽ ഒരു സ്ഥിരം സംസാരം, സുഖമാണോ, കഴിച്ചോ, കുറച്ചു വാക്കുകളിൽ ഒതുക്കണം. സമയമില്ല.

  ഇപ്പോൾ പിന്നെ മറക്കാതെ എന്നും ഒരു ഗുഡ് മോർണിംഗ് വാട്സ്ആപ് വഴി എന്നും അയക്കുന്ന കുറച്ചു പേരുണ്ട്. അവരുടെ വാട്സ്ആപ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ ഞാനും ഉൾപ്പെടുന്നു. ഭാഗ്യം. ജീവിതത്തിൽ അവർ നമ്മളെയും ഓർക്കുന്നുണ്ടല്ലോ...ഒരു  യാന്ത്രികത എല്ലായിടത്തും.... പ്രവാസി ഒരു യന്ത്രമാണ്. പണം ഉണ്ടാക്കുന്ന ഹൃദയമില്ലാത്ത യന്ത്രം.

 

  ആ നീല പുള്ളി കുടയും അതിന്റെ പൊട്ടിയ പിടിയും മനസ്സിൽ നിന്നും മായുന്നെയില്ലാരുന്നു. അതിനോട് അഭേദ്യമായ ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു എനിക്ക്. ശരിയായിരുന്നു. അത് നിലത്തു വീണു പൊട്ടാൻ അല്ലെങ്കിൽ ഞാൻ പൊട്ടിക്കാൻ പാടില്ലായിരുന്നു.ബസ് നീങ്ങി കൊണ്ടിരിക്കുന്നു. എവിടൊക്കെയോ നിർത്തുന്നു, പോകുന്നു. ബസ് ദുബായ് റോഡിലൂടെ നീങ്ങി കൊണ്ടേയിരുന്നു. ദുബായിൽ ചെന്നിട്ട് വേണം റാസൽഖൈമ യിലേക്ക് പോകുവാൻ.എന്റെ ഓർമ്മകൾ ഒന്ന് കാടുകയറി.

 

 

 

                          ഒരു 27 വർഷം പുറകിലേക്ക്. 1993 കാലം, ഞാൻ ആദ്യമായി വിമാനം കയറി. ഗൾഫിലേക്ക്. എന്തിനാണെന്ന് സ്വയം ഒരു ബോധവും ഇല്ലായിരുന്നു.പ്രീ ഡിഗ്രി തേർഡ് ഗ്രുപ്പ് ആയിരുന്നു ഞാൻ. ഏതൊക്കെയോ വിഷയം ഇനിയും ജയിക്കാൻ ഉണ്ട്. ഇനി വയ്യ. പിന്നീട് വീണ്ടും പഠിക്കാൻ പറഞ്ഞു അച്ഛൻ. പക്ഷെ എനിക്ക് വയ്യാരുന്നു.അച്ഛൻ ഗൾഫിൽ നിന്നും പൈസ അയക്കും. വല്യ കുഴപ്പമില്ലാതെ ഇങ്ങനെ ജീവിച്ചു പോകുന്നു.പിന്നെ എന്തിനു തോറ്റ വിഷയങ്ങൾ ഞാൻ ഇനിയും കഷ്ടപ്പെട്ട് പഠിക്കണം. എല്ലാരും പറഞ്ഞു. . പിന്നെ ഞാൻ എന്തിനു കഷ്ടപ്പെടണം. എന്റെ മനസിലെ ചോദ്യങ്ങൾ ഇങ്ങനെ പോയി. ഇടക്കൊക്കെ പത്തനംതിട്ടയിൽ  കൂട്ടുകാരുടെ കൂടെ പോയി സിനിമ കാണാം. പലപ്പോഴും കൃഷ്ണനും ഹബീബിനും ഭക്ഷണവും സിനിമ ടിക്കറ്റു ഞാൻ എടുത്തു കൊടുക്കും. മിക്കവാറും അവരുടെ കയ്യ്യിൽ പൈസ കാണില്ല.ചിലപ്പോൾ മുസ്ലിം പള്ളിയുടെ അടുത്തുള്ള പച്ച പെയിന്റ് അടിച്ച കെട്ടിടത്തിലെ "ഹോട്ടൽ സന്തോഷം" ത്തിൽ കയറി നല്ല ഭക്ഷണവും കഴിക്കാറുണ്ടായിരുന്നു. രുചികരമായിരിന്നു അതെല്ലാം. കച്ചവടം ആയിരുന്നെങ്കിലും മായം ചേർക്കാത്ത മനസുള്ള ഭക്ഷണം, മനസ് നിറയെ കഴിക്കാമായിരുന്നു. ഇതിൽ കൂടുതൽ എന്തു സന്തോഷം.

 

                     ആറന്മുള അമ്പലത്തിൽ ഉത്സവം, വള്ള സദ്യ, ആറാട്ട്, വള്ളം കളി ഇതൊക്കെ ആയിരുന്നു എന്റെ ലോകം. നല്ല ഷർട്ടും മുണ്ടുമുടുത്തു ഇതിനെല്ലാം പോകാം. നല്ല ഭംഗിയുള്ള ഐശ്വര്യമുള്ള മലയാളിയുടെ അനിഷേധ്യമായ സൗന്ദര്യം ഒരു ചന്ദന കുറിയിൽ ഒതുക്കിയ  തിളങ്ങുന്ന പട്ടു പാവാടയും ബ്ലൗസും ധരിച്ച പെൺ പിള്ളേർ ഇഷ്ടം പോലെ വരും. അവരെ നോക്കി നിൽക്കാം, അഥവാ നിൽക്കണം.

എപ്പോഴോ ഒരു പെൺകുട്ടി എന്നെയും കുറെ നേരം നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. പേര് ചോദിച്ചപ്പോൾ ലിസി എന്നു പറഞ്ഞു. പേര് കൊണ്ട് ക്രിസ്ത്യാനി ആയ അവൾ ചന്ദനം തൊട്ടതു എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല. അമ്പലത്തിൽ ഉത്സവത്തിന് എന്തെ വന്നു എന്നും ഞാൻ ചോദിച്ചില്ല.  കാരണം അന്നത്തെ കാലത്തു അതൊക്കെ സാധാരണമായിരുന്നു. മാരാമണ്ണിലെ ക്രിസ്ത്യൻ കൺവെൻഷനും ഞാൻ ലിസിയെ കണ്ടിരുന്നു. ഇതൊക്കെ ആയിരുന്നു എന്റെ ലോകം.

 

  അമ്മയാണ് അച്ഛന് കതെഴുതിയത്. മോനെ കൂടി ഒന്ന് കൊണ്ട് പോകാമോ അങ്ങോട്ട്‌. ഇവിടെ നിന്നാൽ അവൻ നശിച്ചു പോകും എന്ന്. തീർത്താൽ തീരാത്ത ദേഷ്യം തോന്നി അമ്മയോട്. അങ്ങനെ എനിക്കും വിസ വന്നു. അച്ഛൻ അയച്ചതാണ്. ഇനി പോകണം.

  ഇപ്പോൾ ഞാൻ വിമാനത്തിൽ ആണ്. എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നില്ല. വിമാനം നിലത്തു നിന്നും പൊങ്ങി പറന്നു. നാട് വിട്ടു പോവുന്നതിൽ സങ്കടമുണ്ട്. പക്ഷെ എന്തിനാണ് ഞാൻ പോകുന്നത് എന്ന് എനിക്കറിയില്ല. എന്തോ ഒരു കവറിൽ അവർ കഴിക്കാൻ കൊണ്ട് തന്നു, കാപ്പി കളർ സാരിയുടുത്ത ഒരു സുന്ദരി. എന്തൊക്കെയോ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും പറയുന്നുണ്ട് അവർ. എനിക്കൊന്നും മനസിലായില്ല, കേൾക്കാനും തോന്നിയില്ല. കൊറേ പേരെ കണ്ടു ഞാൻ വിമാനത്തിൽ. പല വേഷങ്ങൾ. ചിലർ കുടുംബമായി. ആദ്യമായി വിമാനത്തിൽ കയറിയതിന്റെ അങ്കലാപ്പ് ഉണ്ടായിരുന്നു. പക്ഷെ വിഷമം ഒന്നും തോന്നിയില്ല അമ്മയെയും അനിയനെയും അനിയത്തിയെയും നാടും വിട്ടു പോകുന്നതിനു. ഒരു വിനോദ യാത്ര പോലെ തോന്നി. എപ്പോഴോ ഉറങ്ങി പോയി ഞാൻ.  ദുബായിയുടെ മായാ ലോകത്തു എന്റെ വിമാനം ഇറങ്ങിയിരുന്നു. ഉറക്കത്തിൽ നിന്നും ആരോ തോളിൽ തട്ടി വിളിച്ചു. "ഹം ദുബായ് മേം പഹുഞ്ചേ " എനിക്കൊന്നും മനസിലായില്ല. എല്ലാരും എഴുന്നേറ്റു. ഞാനും കൂടെ എഴുന്നേറ്റു.കണ്ണൊക്കെ തിരുമ്മി. എങ്ങോട്ടോ കൊറേ നടന്നു.  ഞാനും കൂടെ നടന്നു. എവിടൊക്കെയോ വരി നിന്നു. ഞാനും കൂടെ നിന്നു.  ഒരു വെളുത്ത മുഴു നീള വെള്ള വസ്ത്രം ധരിച്ച ഒരാൾ, ഒരു പള്ളീലെ അച്ഛന്റെ വേഷം പോലെ തോന്നി. എന്നോട് എന്തൊക്കെയോ ഏതോ ഭാഷയിൽ ചോദിച്ചു. പുറകിൽ നിന്നും ഒരു മലയാളി എന്നോട് ചോദിച്ചു " മോൻ ആദ്യമായിട്ടാണോ ദുബായിൽ ' അതെ എന്ന് ഞാനും പറഞ്ഞു. എന്നാൽ മറ്റേ വരിയിൽ പോയി നിൽക്കാൻ പറഞ്ഞു. ഞാൻ അങ്ങോട്ട് മാറി നിന്നു. കൊറേ നേരം നിന്നു അങ്ങനെ.

 

ഒരാൾ വന്നു ഹിന്ദിയിൽ എന്നോട് എന്തൊക്കെയോ ചോദിച്ചു. ഒന്നും മനസിലായില്ല എനിക്ക്.മറ്റൊരു വെള്ള വസ്ത്ര ധാരി എന്റെ പാസ്പോർട്ട്വാങ്ങി. കൂടെ ഉള്ള പേപ്പറും. അയാൾ അതിൽ കൊറേ സീൽ അടിക്കുന്ന പോലെ തോന്നി. ഞാൻ വെറുതെ നോക്കി നിന്നു.എനിക്ക് എല്ലാം തിരിച്ചു തന്നു.

 

" യാ അള്ളാ റോ " കൈ കൊണ്ട് പുറത്തേക്കു ചൂണ്ടി കാണിച്ചു. എന്തായാലും പൊയ്ക്കൊള്ളാൻ പറഞ്ഞതാണെന്ന് എനിക്ക് മനസിലായി.

ഞാൻ ഒന്ന് ചിരിച്ചു. അയാൾ അത് കണ്ടില്ല. അടുത്ത ആളെ വിളിക്കുന്ന തിരക്കിൽ ആയിരുന്നു അയാൾ.

കുറെ ദൂരം നടന്നു.

 

വിസ്മയിപ്പിക്കുന്ന രീതിയിൽ ഉള്ള കാഴ്ചകൾ, ഷോപ്പുകൾ, എന്തൊക്കെയോ, കൊറേ.. ഇംഗ്ളീഷുകാർ, തൊലി വെളുത്ത കൊറേ മനുഷ്യർ ഒരു വെള്ള പേപ്പറിന്റെ നിറമുള്ള ചർമം. നല്ല ഭംഗി തോന്നി. ഞാൻ എന്റെ കൈയുടെ നിറം നോക്കി. ഇരുണ്ടിരിക്കുന്നു. അവർ കാണാതിരിക്കാൻ വേണ്ടി എന്റെ കൈ പുറകിലേക്ക് പിടിച്ചു.Exit എന്ന് എഴുതി വച്ചിരിക്കുന്നു. അതിലൂടെ പുറത്തു കടന്നു.

 

 

 എയർ പോർട്ടിനു പുറത്തു ഇറങ്ങി. മനം മയക്കുന്ന കാഴ്ചകൾ, കണ്ണു മഞ്ഞളിക്കുന്നു. ചുരിദാറും സാരിയും മാത്രമേ സ്ത്രീകൾ ധരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടുള്ളൂ. പിന്നെ നൈറ്റിയും. ഇവിടെ നിക്കർ തൊട്ടു ബനിയൻ വരെ ഇട്ട സ്ത്രീകൾ. കൊള്ളാം എന്ന് മനസ്സിൽ തോന്നി. ഇങ്ങു പോന്നത് നന്നായി. നാട്ടിൽ നിന്നു പോന്നതിന്റെ വിഷമം ഇല്ല, ഇല്ലാതായി, ഞാൻ സന്തോഷത്തിയിലായി.  ഇത് വേറൊരു ലോകം.

 

 

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നു സിഗററ്റു വലിക്കുന്നു വെളിയിൽ. പുക താളത്മകമായി വായുവിൽ അലിഞ്ഞു ചേരുന്നു. എനിക്കും ഒരു സിഗററ്റ് വലിക്കണം, എനിക്ക് അത്ഭുതം അടക്കാൻ ആയില്ല. എനിക്കും ഇങ്ങനെ പറ്റിയിരുന്നെങ്കിൽ എന്ന് സ്വപ്നം കണ്ടു കയ്യ്യിലെ ബാഗും പിടിച്ചു ഞാൻ നോക്കി നിന്നു. നല്ല ചൂട് തോന്നുന്നു.

 

പെട്ടെന്ന് ഒരു ബലിഷ്ഠമായ കറുത്ത കൈകൾ എന്റെ ശരീരത്തെ ചുറ്റി വരിഞ്ഞു പുറകിലൂടെ. " മോനേ " എന്നൊരു കരച്ചിലോടു കൂടിയ ശബ്ദവും. നോക്കുമ്പോൾ എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണു നീർ വരുന്നുണ്ട്. ഒരു നരച്ച പാന്റ്സും Almarai group എന്നെഴുതിയ ഒരു ടീ ഷർട്ടും ആണ് വേഷം.എനിക്കൊന്നും മനസിലായില്ല. എന്തിനാണ് അച്ഛൻ കരയുന്നത് എന്നും, എന്നെ കെട്ടിപ്പിടിച്ചത് എന്നും. അച്ഛാ വിട് വിട് എന്ന് ഞാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. അച്ഛന്റെ ബലിഷ്ഠമായ ആലിംഗനത്തിൽ നിന്നും സ്വയം രക്ഷപെടാൻ എനിക്കായില്ല. അത്രയ്ക്ക് ശക്തിയിൽ ആയിരുന്നു കെട്ടിപ്പിടുത്തം. അച്ഛന്റെ നരച്ച താടി രോമങ്ങൾ എന്റെ കവിളിൽ ഉരസി. കൊറേ നേരമായി വെയിലത്ത്വെള്ളവും ഭക്ഷണവും കഴിക്കാതെ ഇരുന്നതിന്റെ വെറുപ്പികുന്ന ഒരു മണം,വിയർപ്പു കൂടാതെ സിഗരെറ്റിന്റെ ഒരു വെറുപ്പിക്കുന്ന ഗന്ധം എനിക്ക് അനുഭവപ്പെട്ടു. എങ്ങനെ എങ്കിലും രെക്ഷപെട്ടാൽ മതി എന്ന് ആയിപ്പോയി.

 

അച്ഛൻ പൊട്ടിക്കരയുകയായിരുന്നു. എന്തിനാണെന്ന് എനിക്ക് മനസിലായില്ല. അച്ഛാ എനിക്ക് വിശക്കുന്നുണ്ട്. ഞാൻ പറഞ്ഞു. അച്ഛൻ പെട്ടെന്ന് എന്റെ കൈ  പിടിച്ചു വലിച്ചു വെയിലത്തൂടെ. അടുത്തു കണ്ട ചതുരപ്പെട്ടി പോലുള്ള ഒരു മുറിയുടെ മുൻവശത്ത് ചെന്നപ്പോൾ അതിന്റെ ചില്ലുകൊണ്ടുള്ള വാതിൽ തനിയെ തുറന്നു. അകത്ത് കയറിയിരുന്നു. ഇവിടുത്തെ ബസ്റ്റാൻഡ് ആണെന്ന് മനസ്സിലായി. ഉള്ളിൽ നല്ല തണുപ്പ്, എസി യാണ്. അത്ഭുതം തോന്നി ബസ്റ്റാൻഡിലും സി. ഞാൻ രാജ്യത്തു ജനിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി.

 

 അച്ഛൻ ഒരു കവറിൽ നിന്നും ഒരു ജ്യൂസ്കുപ്പിയും ബൺ പോലെ ഇരിക്കുന്ന എന്തോ ഒന്ന് എടുത്തു തന്നു. വിശപ്പ്കാരണം ഞാൻ അത് കഴിച്ചു. രുചി തോന്നിയില്ല എനിക്ക്.

കുറെ ബസ്സുകൾ വന്നു പോയിക്കൊണ്ടുമിരുന്നു മുന്നിലൂടെ. ഞങ്ങൾക്ക് പോകാനുള്ള ബസ് വന്നതേയില്ല. അച്ഛനോട് പറഞ്ഞു അഛാ ബസ് ഇല്ലായിരുന്നെങ്കിൽ ഒരു ഒരു വണ്ടി വിളിച്ച് പോകാം നമുക്ക്. അരമണിക്കൂർ കൂടി നോക്കിയിട്ട് ബസ് വന്നില്ലെങ്കിൽ നമുക്ക് അങ്ങനെ ചെയ്യാം. തലയിൽ ഒരുതരം ചുരുണ്ട് ഇരിക്കുന്ന തൊപ്പിവെച്ച താടി വളർത്തിയ കുറേപ്പേർ ഞങ്ങൾക്ക് ചുറ്റും വന്നു ചോദിക്കുന്നുണ്ടായിരുന്നു. ജീ ആവോ, റാസൽ ഖൈമ ഏക് ആദ്മിക്കോ പച്ചാസ്ഹേ. അച്ഛൻ വേണ്ട വേണ്ട എന്ന് ആംഗ്യത്തിൽ കൈ കാണിക്കുന്നുണ്ടായിരുന്നു. ഇരുട്ടായിരുന്നു. സമയം വൈകിട്ട് ആറര കഴിഞ്ഞിരുന്നു. എന്തായാലും കാത്തിരുന്ന് അവസാനം ഒരു ബസ് വന്നു.  ഞങ്ങൾ രണ്ടുപേരും ബസ്സിൽ കയറി ഒരു സീറ്റിൽ ഇരുന്നു. ഒരു ബാഗേ ഉണ്ടായിരുന്നു എന്റെ കയ്യിൽ. അച്ഛന് കൊടുക്കാൻ വേണ്ടി അമ്മ എന്തൊക്കെയോ സാധനങ്ങൾ ഉണ്ടാക്കിയിരുന്നു. പക്ഷേ എന്റെ കയ്യിലുള്ള ബാഗിൽ കൊള്ളുന്നത് മാത്രം വച്ചാൽ മതി എന്ന് ഞാൻ പറഞ്ഞു. എനിക്ക് വലിയ ബാഗും പെട്ടിയും തൂക്കി നടക്കുന്നത് ഇഷ്ടമല്ലായിരുന്നുഇരുട്ടത്ത് ബസ് കുറേദൂരം പോയി. മോനെ വാ ഇറങ്ങാം, അച്ഛൻ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഏതോ ഒരു സ്ഥലത്തെത്തിയിരുന്നു. ഒന്നും മനസ്സിലാവുന്നില്ല.

 

  ചുറ്റും മണൽ. ഒരു ചെറിയൊരു കെട്ടിടം. അവിടെ നിന്നും നോക്കിയാൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ മറ്റൊരു വലിയ കെട്ടിടവും. റോഡിന്റെ എതിർവശത്താണ്. തെങ്ങു പോലെ എന്തോ ഒന്നോ രണ്ടോ വൃക്ഷത്തിന്റെ നിഴൽ ഞാൻ കണ്ടു ഇരുട്ടിലും. അച്ഛൻ മുന്നിൽ നടന്നു. ചെറിയ  കെട്ടിടത്തിനു മുന്നിൽ എത്തി. ഇതാണ് താമസസ്ഥലം എന്ന് എനിക്ക് മനസ്സിലായി. കാരണം വെളിയിൽ അവിടെയായി അലക്കിയ തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നു. മുകളിൽ ഒരു വലിയ ബൾബ് കത്തുന്നുണ്ട്എങ്കിലും അരണ്ട വെളിച്ചമാണ്. ബൾബിന്റെ പ്രകാശം അവിടുത്തേക്ക് തികഞ്ഞിരുന്നില്ല. മറ്റു പലരും  കുശലാന്വേഷണങ്ങൾ പരസ്പരം പറഞ്ഞു ഉറക്കെ ചിരിക്കുന്നു. ഹിന്ദി ഭാഷയിൽ ആണ് കൂടുതലും.   മലയാളത്തിലും സംസാരം കേൾക്കാം.ചിലർ സിഗററ്റ് വലിക്കുന്നു. കുറച്ചുപേർ ചീട്ടു കളിക്കുന്നു. കുറച്ചുപേർ വെറും നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നുചുറ്റും കുറെ പേരുണ്ട്. രണ്ടുപേർ ഞങ്ങളെ കണ്ടപ്പോഴേക്കും ഓടിവന്നു. അച്ഛൻ പരിചയപ്പെടുത്തി. മോനെ ഇത് ജോസഫേട്ടൻ. ഇത് മമ്മദ്. അച്ഛന്റെ കൂടെ ജോലി ചെയ്യുന്നവരാ. അവർ രണ്ടുപേരും എന്നെ വന്നു കെട്ടിപ്പിടിച്ചു. ടാ കൃഷ്ണാ നിന്റെ മോൻ ആണെന്ന് പരിചയപെടുത്തേണ്ട. നിന്നെ പോലെ തന്നെ. എന്തോ ഭയങ്കര സന്തോഷത്തോടെ എന്റെ കൃഷ്ണന്റെ മകൻ എന്ന് പറയുന്നുണ്ടായിരുന്നു അവർ. ഒരു പരിചയമില്ലാത്ത ഒരാൾ എന്നെ വന്നു കെട്ടിപിടിച്ചപ്പോൾ, അവരുടെ അനിയന്ത്രിതമായ സന്തോഷം കണ്ണുകളിൽ കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. 

  അച്ഛൻ എന്നെയും കൊണ്ട് വലതുവശത്തുള്ള കോണിപ്പടി കയറി. കുറെ നേരമായി കയറുന്നു. പുറത്തുനിന്ന് ചെറിയ കെട്ടിടമായി തോന്നിയെങ്കിലും അതൊരു നാലുനിലയുള്ള കിട്ടുമായിരുന്നു. നാലാമത്തെ നിലയിൽ ഇടതു സൈഡിൽ ഉള്ള അവസാനത്തെ കുടുസ്സ് മുറിയിൽ ഞങ്ങൾ കയറി. അതായിരുന്നു അച്ഛന്റെ മുറി. ഒന്നു നിന്നുതിരിയാൻ സ്ഥലമില്ലഅവിടെ ഡബിൾ ഡെക്കർ ബസ് പോലെ മൂന്ന് കട്ടിലുകൾ തൊട്ടു തൊട്ടില്ല എന്ന പോലെ ഇട്ടരിക്കയാണ്.താഴെയും കിടക്കാം മുകളിലും കിടക്കാം. വലത്തെ സൈഡിൽ ചുമരിനു മുകളിലുള്ള എസിയുടെ അടുത്തുള്ള കട്ടിലിന്റെ മുകളിലത്തെ ബെഡ് കാണിച്ചിട്ട് ഇതാണ് മോന്റെ കട്ടിൽ എന്ന് പറഞ്ഞുഒന്നു കുളിക്കണമായിരുന്നു ഭക്ഷണം കഴിക്കണമായിരുന്നു നല്ല വിശപ്പുണ്ടായിരുന്നു യാത്രാക്ഷീണവും ഉണ്ടായിരുന്നു. ഞാൻ പതുക്കെ ബാഗ് തുറന്നു എന്റെ തോർത്തെടുത്ത് അച്ഛൻ കാണിച്ചു തന്ന കുളിമുറിയിലേക്ക് പോയി. രാത്രി ആയിരുന്നിട്ടു പോലും ശരിക്കുമുള്ള വൃത്തിയില്ലായ്മ എനിക്ക് കാണാൻ പറ്റി. ഒരു ചെറിയ നാറ്റവും ഉണ്ടായിരുന്നു. ഭിത്തി മുഴുവൻ അഴുക്ക് തെറിച്ചും, മുറുക്കിത്തുപ്പിയതു പോലെയും ഇരിക്കുന്നു. രാത്രിയിലും വെള്ളത്തിന് നല്ല ചൂടുണ്ടായിരുന്നു. എങ്കിലും തലയിലൂടെ വെള്ളമൊഴിച്ചു കുളിച്ചു. അകത്തും പുറത്തും എല്ലാം വെള്ളമാണ്. അവിടവിടെ ചെറിയ കയറുകൾ കെട്ടിത്തൂക്കി വവ്വാൽ മരത്തിൽ തൂങ്ങി കിടക്കുന്നത് പോലെ കുറെ തുണിക്കഷണങ്ങൾ തൂങ്ങി കിടപ്പുണ്ടായിരുന്നു. ഞാൻ കുളിച്ചു പുറത്തിറങ്ങി. നല്ല ചൂടുണ്ട്. മുറിയിലെത്തി. ഇപ്പോൾ ബാക്കിയുള്ള എല്ലാ കട്ടിലിലും ഓരോരുത്തർ വച്ചുണ്ട്. എല്ലാവരുടെ മുന്നിൽ വച്ച് വസ്ത്രം മാറുന്ന മടികൊണ്ട് ഞാനെന്റെ ലുങ്കി എടുത്തു പുതുക്കുന്നത് പോലെ ആക്കിയിട്ട്  വസ്ത്രം മാറി. മുറിയുടെ നടുവിൽ  ഒരു അലൂമിനിയം ചെരുവത്തിൽ ഒരു പേപ്പർ വിരിച്ച് എന്തോ ഒരു കറി പോലെ ഇരിക്കുന്നു. ഒട്ടും സ്ഥലമില്ലാത്ത മുറിയിൽ അവർ ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നു

 മോനെ വാ കഴിക്കാം അച്ഛൻ വിളിച്ചു. നേരത്തെ കണ്ട അച്ഛന്റെ കൂട്ടുകാരും അച്ഛനും ഞാനും പാത്രത്തിന് ചുറ്റും ഇരുന്നു. ഇതാണ് മോനെ കുബ്ബൂസ് എല്ലാവരും ഇവിടെ ഇതാണ് കഴിക്കുന്നത്. ദോശ പോലെ ഇരിക്കുന്ന വട്ടത്തിലുള്ള എന്നാൽ ഉണങ്ങിയതുമായ ഒരു ചന്ദന കളർ അപ്പം ഒരു കവറിൽ ഇരിക്കുന്നു. എല്ലാവരും കവറിൽ നിന്ന് ഓരോന്നു വീതം എടുക്കുന്നു. അച്ഛൻ എനിക്കും അതിൽ നിന്ന് ഒന്ന് എടുത്തു തന്നു. എന്തായിരുന്നു കറി എന്നറിയില്ല. വഴുതനയും തക്കാളിയും എന്തെല്ലാമോ ചേർന്ന ഒരു കറി. ഒരു രുചി ഉണ്ടായിരുന്നില്ല. അതിൽ മുക്കി ഞാനും കുബൂസ് കഴിച്ചു. മനസ്സിനിണങ്ങിയില്ല. വിശപ്പു മാറിയില്ല ചർദ്ദിക്കാൻ വരുന്നതുപോലെ തോന്നി. ഒന്ന് കഴിച്ചെന്നു വരുത്തി കൈകഴുകി ഞാൻ കയറി കിടന്നു. അവിടെ ഒരു പുതപ്പ് ഉണ്ടായിരുന്നു. അതു പതുക്കെ കാലു വഴി ഇട്ടുഎസി പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും അത്യാവശ്യം ചൂടുണ്ടായിരുന്നു റൂമിൽ. എപ്പോഴോ ഉറങ്ങിപ്പോയി.

 

 

                    രാവിലെ അതികഠിനമായ ചൂട് അനുഭവപ്പെട്ടു  പതുക്കെ കണ്ണുതുറന്നു നോക്കിയപ്പോൾ സമയം പത്തര മണി . മുറിയിൽ ആരുമില്ല. എന്റെ തലയുടെ അവിടെ ഒരു പേപ്പറിൽ എന്തോ എഴുതി വെച്ചിരിക്കുന്നു. മോനെ താഴെ ചോറും കറിയും ഇരിപ്പുണ്ട്.എടുത്ത് കഴിക്കണം പിന്നെ മോൻ വെളിയിൽ എങ്ങും പോവരുത്, ചൂടാണ്.  അത് വായിച്ച് വീണ്ടും കുറെ നേരം കൂടി കിടന്നു, പിന്നെ വെറുതെ എണീറ്റു.ഒന്നു പുറത്തേക്കിറങ്ങി കണ്ണു പൊട്ടുന്ന ചൂട്. എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത് എന്ന് ഓർത്തുപോയി.

 

              പണ്ടേ അച്ഛനു എന്നെ ഇഷ്ടമല്ലായിരുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് തിരിച്ചും. സാധാരണ രണ്ടു മാസം സ്കൂൾ പൂട്ടുമ്പോൾ രണ്ടു വർഷത്തിലൊരിക്കൽ ആയിരുന്നു അച്ഛൻ നാട്ടിൽ വന്നിരുന്നത്. അച്ഛൻ വന്നു കഴിഞ്ഞാൽ പിന്നെ കളിക്കാൻ പോകാൻ പറ്റില്ല, എന്ത് ചെയ്താലും വഴക്കുപറയും, എനിക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിത്തരാൻ അമ്മയെ സമ്മതിക്കില്ല. അമ്മ ഉണ്ടാക്കുന്നത് എല്ലാരും കഴിക്കണം. അങ്ങനെ കുറേ കാര്യങ്ങൾ. എന്റെ ഇഷ്ടങ്ങൾക്ക് എല്ലാം ഒരു എതിരാളിയായി അച്ഛൻ നിൽക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. തലേന്നുവരെ അമ്മയുടെ കൂടെ കിടന്നിരുന്ന ഞാൻ അച്ഛൻ വന്നു കഴിഞ്ഞാൽ പിന്നെ മുറിയിൽ നിന്നും പുറത്താണ്. അടക്കാനാവാത്ത രോഷമായിരുന്നു അച്ഛനോട്. മറ്റൊരു മുറിയിൽ. അച്ഛനോടുള്ള ശത്രുത എന്റെ മനസ്സിൽ കൂടി കൂടി വന്നു. പിന്നീടങ്ങോട്ട് അച്ഛൻ പോകുന്നതുവരെ അമ്മയ്ക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടു. അന്ന് തുടങ്ങിയതാണ് അച്ഛനോട് ഉള്ള ദേഷ്യം. കൂട്ടുകാരോടൊപ്പം കറങ്ങാൻ പോകാൻ പറ്റില്ല. എന്റെ വസ്ത്രങ്ങൾ എല്ലാം ഞാൻ തന്നെ കഴുകണമായിരുന്നു അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ. എല്ലാത്തിനും നിയന്ത്രണങ്ങൾ ആയിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കിട്ടുന്ന ബാക്കി ചില്ലറ പൈസ എത്രയോ പ്രാവശ്യം നേർച്ചപ്പെട്ടിയിൽ ഞാൻ ഇട്ടിട്ടുണ്ട് അച്ഛൻ ഒന്ന് തിരിച്ചു പോകാൻ വേണ്ടി. അച്ഛൻ പോയി കഴിയുമ്പോൾ ആണ് അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചു കിട്ടുന്നത്. ചോറ് വരെ എനിക്ക് വാരി തരുമായിരുന്നു.അങ്ങനെ ഒരു കാലം.

  പകയുടെ ചുരുളുകൾ ഇന്നീ മരുഭൂമിയിൽ വരെ എത്തി നിൽക്കുന്നു. ഇനിയങ്ങോട്ട് എന്ത്, എന്തിനാണ് ഞാൻ ഇവിടെ വന്നത് ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയില്ല. അച്ഛൻ ആരോടൊക്കെയോ എനിക്കൊരു ജോലി കിട്ടുവാൻ വേണ്ടി പറഞ്ഞിട്ടുണ്ടായിരുന്നു.  ആകെ കയ്യിൽ ഉള്ളത് എസ്എസ്എൽസി ബുക്ക് ആണ്.

 ജോലിക്കായി രണ്ടു മൂന്നു സ്ഥലത്ത് പോയി. ഒറ്റയ്ക്കായിരുന്നു. ഹിന്ദി ഭാഷയിൽ അവർ എന്തൊക്കെയോ ചോദിച്ചു. ഒന്നും മനസ്സിലാകാത്ത കൊണ്ട് എനിക്കൊന്നും പറയാൻ സാധിച്ചില്ല. ജോലി കിട്ടിയില്ലായിരുന്നു. ആറുമാസത്തോളം അച്ഛന്റെ കൂടെ കഴിഞ്ഞു. അവിടെയുള്ള എല്ലാവരോടുമായി പരിചയപ്പെട്ടു. നല്ല ബന്ധങ്ങൾ ഉണ്ടാക്കി. അച്ഛൻ വളരെ ക്ഷീണിതനായിരുന്നു. അച്ഛൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ള പാകിസ്ഥാനി പയ്യന്മാരുടെ കൂടെ ഒക്കെ ഞാൻ കൂട്ടുകൂടി. അവരെനിക്ക് ഒരു ചവയ്ക്കുന്ന പുകയില തരുമായിരുന്നു. അത് ചുണ്ണാമ്പ് തേച്ച് കൈവെള്ളയിൽ ഇട്ടു അമർത്തി തിരുമ്മി അവർ ചുണ്ടിനടിയിൽ വയ്ക്കും. അതുപോലെ ഞാനും ചെയ്യും. മുറിയൻ ഹിന്ദിയുമായി അവരോടൊപ്പം. ചിലപ്പോൾ ബംഗാളികളുടെ കയ്യിൽ നിന്നും  ബീഡിയും കിട്ടുമായിരുന്നു. ഒരുദിവസം ചന്ദ്രേട്ടൻ ചോദിച്ചു മോനെ നീ ഇവിടെ വെറുതെ ഇരിക്കുകയല്ലേ പകൽ മുഴുവൻ, അച്ഛന്റെ തുണികൾ ഒക്കെ നിനക്കു ഒന്ന് കഴുകിയിട്ട് കൂടെ. മനസ്സില്ലാമനസ്സോടെ ജോലിയും എന്റെ കയ്യിൽ വന്നു ചേർന്നു. അൽമറായി എന്ന കമ്പനിയിലെ പശുക്കളുടെ ഫാമിൽ ആയിരുന്നു അച്ഛന് ജോലി. തുണികൾ മുഴുവൻ ചാണകവും പശുവിന്റെ മൂത്രവും  പിടിച്ച് അഴുക്കോട് കൂടിയ നാറ്റം ആയിരുന്നു. കൈയിലെടുക്കുമ്പോഴെ ശർദ്ധിക്കാൻ വരും.

 

       ഒരു ദിവസം അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ അച്ഛന്റെ യൂണിഫോം എല്ലാം ഞാൻ കഴുകിയിട്ടതു കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് ആദ്യമായി ഒരു സന്തോഷം കണ്ടു. പക്ഷേ അച്ഛൻ പറഞ്ഞു മോൻ ഇനി ഇത് ചെയ്യേണ്ട എന്ന്. എനിക്കും സന്തോഷമായി. പക്ഷേ എങ്കിലും ഞാൻ തന്നെ കഴുക്കണം എന്ന രീതിയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം നിലത്തു കൂട്ടിയിട്ടായിരുന്നു അച്ഛൻ എന്നും ജോലിക്ക് പോയിരുന്നത്. അമ്മ അയക്കുന്ന എഴുത്തിൽ അച്ഛനെ സഹായിക്കാത്തതിന് എന്നെ ശകാരിക്കാറുണ്ടായിരുന്നു.

 

ഒരിക്കൽ മമ്മദിക്ക ജോലി സ്ഥലത്ത് വീണു കൈയൊടിഞ്ഞു. പിന്നെ അയാളും ഒരുമാസത്തോളം റൂമിൽ തന്നെ പകൽസമയങ്ങളിൽ ഉണ്ടാകുമായിരുന്നു. ഞാൻ പകൽ സമയങ്ങളിൽ റൂമിൽ ഇല്ലെന്നും ബീഡി വലിക്കുകയും ഒക്കെ ചെയ്യും എന്ന് മമ്മദിക്ക അച്ഛനോട് പറഞ്ഞു.  എന്നോട് ദേഷ്യപ്പെട്ട് ഒന്നുമില്ല. സങ്കടത്തോടെ ഭക്ഷണമൊന്നും കഴിക്കാതെ രാത്രി നേരത്തെ കേറി കിടന്നു അച്ഛൻ. എനിക്കൊന്നും തോന്നിയില്ല.

ഒരു ദിവസം കയ്യൊടിഞ്ഞിരിക്കുന്ന മമ്മതിക്കയുടെ വസ്ത്രം ഒന്നു കഴുകി കൊടുക്കാൻ അച്ഛൻ എന്നോട് പറഞ്ഞു. ഇതിൽ കൂടുതൽ ദേഷ്യം പണ്ടൊരിക്കലും എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടില്ല. ഒരിക്കൽ അച്ഛന് പനി വന്നു രണ്ടാഴ്ചയോളം ജോലിക്ക് പോകാൻ പറ്റാതെ റൂമിൽ ഇരിക്കേണ്ടി വന്നു. ഒരു ദിവസം ചന്ദ്രേട്ടൻ എന്നോട് ഫാം വരെ ഒന്ന് ചെല്ലാൻ പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോൾ അച്ഛന്റെ യൂണിഫോം എടുത്തു തന്നു. എന്നിട്ട് പറഞ്ഞു, മൂന്നു ദിവസത്തിൽ കൂടുതൽ ജോലിക്ക് വന്നില്ലേൽ കമ്പനി ശമ്പളം cut ചെയ്യും. മോൻ അച്ഛന് സുഖം ആവുന്നത് വരെ ഇവിടെ അച്ഛന്റെ ജോലി ചെയ്യാൻ. മനസ്സില്ലാ മനസോടെ ഞാൻ അവിടെ ജോലി ചെയ്തു. കഷ്ടപ്പാട് ആയിരുന്നു. ആകെ 200 പശുക്കൾ ഉണ്ട്. രാവിലേ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ആണ് ജോലി. ചാണകം വാരണം, പശുക്കളെ കുളിപ്പിക്കണം. അവിടെല്ലാം വൃത്തിയാക്കി പശുക്കൾക്ക് വിറ്റാമിൻ മരുന്ന് തൊട്ടു ഈച്ച വരാതിരിക്കാൻ ഉള്ള എണ്ണ വരെ തേക്കണം.

 

അതിനിടയിൽ ഉച്ചക്ക് അര മണിക്കൂർ ആണ്  കഴിക്കാൻ ഉള്ള വിശ്രമ സമയം. ഒരു 12 മണി ആയപ്പോഴേക്കും ഞാൻ ക്ഷീണിച്ചു. ചാണകത്തിന്റ മണം കാരണം എനിക്ക് ഉച്ചക്ക് കുബ്ബൂസ് കഴിക്കാൻ പോലും പറ്റിയില്ല.

 

            അന്ന് റൂമിൽ എത്തിയപ്പോൾ ഞാനും ഫാമിൽ ജോലി ചെയ്തു എന്നറിഞ്ഞപ്പോൾ അച്ഛൻ ചന്ദ്രേട്ടനോട് ദേഷ്യപ്പെട്ടു പറഞ്ഞു. ഇനി മോനെ കൊണ്ട് പോകരുത് എന്ന്. ഇനിയും അങ്ങോട്ട് പോകാതിരിക്കാൻ അച്ഛന്റെ മുന്നിൽ കുറച്ചു അഭിനയിക്കുകയും ചെയ്തു ഞാൻ. അതിനു ശേഷം ഞാൻ ഫാമിൽ പോയിട്ടില്ല. എനിക്കൊരു ജോലിക്ക് വേണ്ടി അച്ഛൻ ആറെയൊക്കെയോ ഇടയ്ക്കു കാണാൻ പോയിരുന്നു അവധി എടുത്തു. ശരിയാവുന്നുമില്ലായിരുന്നു ജോലി.എനിക്ക് ജോലി കിട്ടാത്ത സങ്കടം  ആയിരുന്നു അദ്ദേഹത്തിന്. ഞാൻ നാട്ടിലേക്ക് തിരിച്ചു പോകട്ടെ എന്ന് കുറെ പ്രാവശ്യം ചോദിച്ചു. സമ്മതിച്ചില്ല. നാട്ടിൽ നിന്നും അമ്മയുടെ എഴുത്തുകൾ വന്നുകൊണ്ടിരുന്നു. എന്റെ ജോലി കാര്യമായിരുന്നു അതിലെ മുഖ്യവിഷയം.

 

 അങ്ങനെയിരിക്കെ  ഒരു ഗവൺമെന്റ് ആശുപത്രിയിൽ ഓഫിസ് ബോയ് ആയി എനിക്ക് ജോലി കിട്ടി. അച്ഛൻ വളരെ ഏറെ സന്തോഷവാനായി കാണപ്പെട്ടു അന്ന്. അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും കൊടുക്കാനായി ലഡ്ഡുവും വാങ്ങി ആണ് അച്ഛൻ പിറ്റേ ദിവസം ജോലി കഴിഞ്ഞു വന്നത്.

 

       അൽ ഹംറ എന്ന സ്ഥലത്താണ് പുതിയ ജോലി. ഇവിടെ നിന്ന് ഏകദേശം ആറു കിലോമീറ്റർ ദൂരം. 1500 ദിർഹം മാസശമ്പളം. രക്ഷപ്പെട്ടു. ഇനി അച്ഛന്റെ നിയന്ത്രണത്തിൽ കഴിയേണ്ട ല്ലോ. സന്തോഷത്തോടെ ഞാനവിടെ നിന്നും യാത്രയായി. എന്റെ ജോലിക്കായി

അച്ഛൻ കുറച്ചു കാശ് ആർക്കോ കൊടുത്തു എന്ന് അമ്മ പറഞ്ഞു. അതുകൊണ്ട് അച്ഛനു ഇനി ഒരു വർഷത്തേക്ക് നാട്ടിലേക്ക് പൈസ അയക്കാൻ പറ്റില്ല. നിന്റെ ശമ്പളം എല്ലാ മാസവും അച്ഛന്റെ കയ്യിൽ കൊടുക്കണം. അച്ഛൻ ചിലവാക്കട്ടെ. അമ്മയുടെ വാക്കുകളായിരുന്നു. അച്ഛന്റെ എന്നോടുള്ള അവസാന പകയായി എനിക്ക് തോന്നി. മിക്കവാറും മാസങ്ങളിൽ ശമ്പളം കിട്ടി അടുത്ത വെള്ളിയാഴ്ച അച്ഛൻ വരും. ഒരു നൂറു ദിർഹം എന്റെ കയ്യിൽ തന്നതിനു ശേഷം ബാക്കി അച്ഛൻ വാങ്ങും. എന്റെ കമ്പനിയിൽ എനിക്ക് സൗജന്യമായി താമസവും ഭക്ഷണവും ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റു ചിലവുകൾ ഒന്നുമില്ലായിരുന്നു. എങ്കിലും ഞാൻ ജോലി ചെയ്ത് പൈസ അച്ഛൻ വാങ്ങുന്നത് എനിക്കിഷ്ടപ്പെട്ടില്ല. പിന്നീടങ്ങോട്ട് അച്ഛൻ വരുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ പൈസ കൊടുക്കാതിരിക്കുന്നതിനായിഞാൻ എങ്ങോട്ടെങ്കിലും പോകും.അച്ഛൻ വന്നിട്ട് ഞാൻ വരുന്നത് നോക്കി പൂട്ടിയിട്ട എന്റെ മുറിയുടെ വാതിൽ മുന്നിൽ ഇരിക്കുമായിരുന്നു എന്ന് കൂട്ടുകാർ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ആശുപത്രിയുടെ മുമ്പിൽ വെച്ച് ഏതെങ്കിലും കൂട്ടുകാരെ കാണുമ്പോൾ അവർ പറയും നിന്റെ അച്ഛൻ വന്നു അവിടെ ഇരിപ്പുണ്ട് എന്ന്. പിന്നെ അച്ഛൻ പോകുന്നതുവരെ ഞാൻ റൂമിലേക്ക് പോകില്ല. ഞാൻ നേരിട്ട് അമ്മക്ക് പൈസ അയച്ചു കൊടുക്കും. അതായിരുന്നു എനിക്കിഷ്ടം.

 

2 വർഷങ്ങൾ കഴിഞ്ഞു, എനിക്ക് 23 വയസ്സായി. ഇടയ്ക്ക് കമ്പനിയിലേക്ക് അച്ഛന്റെ ഫോൺ വരും. വിശേഷങ്ങൾ ചോദിക്കും. ഞാൻ അങ്ങോട്ട് പോകാറില്ല. എനിക്കിഷ്ടം ഇല്ലായിരുന്നു. നിയന്ത്രണങ്ങൾ, പോരാത്തതിന് അവിടെയെല്ലാം വയസ്സൻമാരാണ്

എനിക്കെന്റെ കൂട്ടുകാരോടൊപ്പം നിൽക്കാൻ ആയിരുന്നു ഇഷ്ടം.

 കമ്പനിയിൽ നിന്നും എല്ലാം വെള്ളിയാഴ്ചയും ദുബായിലേക്ക് സൗജന്യമായി ബസ് സർവീസ് ഉണ്ട്. രാവിലെ ദുബായിൽ കൊണ്ട് ഇറക്കിവിടുന്ന ബസ് വൈകുന്നേരം 7 മണി ആകുമ്പോൾ അതേ സ്റ്റോപ്പിൽ വരും. അതിൽ കയറി തിരിച്ചു താമസസ്ഥലത്തേക്ക് പോകാം.

 ദുബായ് ഒരു സ്വർഗ്ഗം ആണ്. പൈസയുണ്ടെങ്കിൽ എന്തും കിട്ടും. സമയം പോകുന്നത് അറിയുകയേ ഇല്ല. എന്റെ കൂടെ കുറെയേറെ കൂട്ടുകാർ ഉണ്ടാവും എന്നും. അതിൽ സ്ത്രീകളും. പല രാജ്യക്കാർ. ഞാൻ ഭാഷകൾ ഒക്കെ പഠിച്ചു. ഇപ്പോൾ നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കും. പുതിയ പുതിയ വസ്ത്രങ്ങളും ഷൂസും പെർഫ്യൂമും വാങ്ങി ഞാൻ ജീവിതം ആസ്വദിച്ചു.പിന്നീട് അച്ഛൻ വെള്ളിയാഴ്ചകളിൽ വരാതെയായി. എപ്പോഴും എന്നെ അങ്ങോട്ട് വിളിക്കും. ഇടയ്ക്കു ഒന്ന് രണ്ടുപ്രാവശ്യം പോയിരുന്നു. അച്ഛൻ ബിരിയാണിയും വിഭവങ്ങളും എല്ലാം ഉണ്ടാക്കി വെക്കും. തിരിച്ചുപോരുമ്പോൾ എനിക്ക് കഴിക്കാനായി കയ്യിൽ തന്നു വിടും. അന്നൊരിക്കൽ ചെന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ മമ്മതിക്ക എന്നോട് ചോദിച്ചു, കഴിഞ്ഞ വെള്ളിയാഴ്ച നീ എന്തേ വരാതിരുന്നത്? ഇനി അഥവാ വരാതിരിക്കുകയാണെങ്കിൽ നിനക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ അച്ഛനെ. മനുഷ്യൻ നിനക്ക് കഴിക്കാനായി എന്തൊക്കെ സാധനങ്ങൾ ഉണ്ടാക്കി വച്ചിരുന്നു ഇവിടെ. എന്നിട്ട് അയാളും കഴിക്കാതെ നീ വരുന്നതും കാത്ത് ദാ പ്ലാസ്റ്റിക് കസേരയിൽ താടിക്ക് കയ്യും കൊടുത്ത് ഒരു ഇരിപ്പാണ്.  എനിക്കിവിടെ തിരക്കാണ് മാമ്മദിക്കാ. ചിലപ്പോൾ വരാൻ പറ്റില്ല. പിന്നെ എനിക്ക് അവിടെ ഭക്ഷണമെല്ലാം ഉണ്ട്. അച്ഛൻ എന്തിനാ ഇതിനു വേണ്ടി കഷ്ടപ്പെടുന്നത്. ദേഷ്യത്തിൽ ഞാൻ ചോദിച്ചു. അന്ന് തിരിച്ചുപോന്നതിൽ പിന്നെ ഞാൻ അങ്ങോട്ട് പോയി അച്ഛനെ കണ്ടിട്ടില്ല.

 

 ഒരിക്കൽ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞു ഞാൻ റൂമിൽ എത്തിയപ്പോൾ അച്ഛൻ പൂട്ടിയിട്ട എന്റെ മുറിയുടെ വാതിലിനു മുന്നിൽ നിലത്തു ഇരിക്കുന്നു. മുഷിഞ്ഞ വസ്ത്രം ആണ്. കണ്ടിട്ട് ശരിക്കും ക്ഷീണിതനാണ്. അച്ഛന്റെ വലിയ ബാഗും ഉണ്ട് കൂടെ. എന്താണെന്ന് ഞാൻ ചോദിച്ചു. അച്ഛനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു കാരണമൊന്നുമില്ലാതെ. ഇന്നലെയാണ് അവർ പറഞ്ഞത്. ഇന്ന് രാവിലെ പാസ്പോർട്ടും ടിക്കറ്റും കയ്യിൽ തന്നു. പിരിഞ്ഞുപോകുമ്പോൾ കിട്ടുന്ന പൈസ മമ്മദ് വാങ്ങി നാട്ടിലേക്ക് അയക്കാം എന്ന് പറഞ്ഞു. മോനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി. നാളെ രാവിലെയാണ് വിമാനം എനിക്ക് നാട്ടിലേക്ക്. അന്ന് രാത്രി അച്ഛനോടൊപ്പം കഴിഞ്ഞു. എന്റെ കട്ടിലിലാണ് കിടന്നത്. നിലത്ത് കിടന്ന എന്നെ അച്ഛൻ എപ്പോഴോ കെട്ടിപ്പിടിക്കുന്നത് പോലെ എനിക്ക് തോന്നി. തോന്നിയതല്ല. സത്യമായിരുന്നു. സമയം രാത്രി ഒരു മണി ആയിരുന്നു. മോൻ ഇനി ഇവിടെ ഒറ്റയ്ക്ക് ആവില്ലേ? തേങ്ങി കരയുകയായിരുന്നു അച്ഛൻ. എനിക്ക് സങ്കടം തോന്നി. എങ്കിലും രാവിലെ എനിക്ക് ജോലിക്ക് പോണം. അച്ഛനോട് കട്ടിലിൽ കയറി സുഖമായി ഉറങ്ങാൻ പറഞ്ഞു ഞാൻ.

 

 രാവിലെ ഞാൻ കുളിച്ചു റെഡിയായി. അച്ഛനായി ഒരു ചായ ഇട്ടു കൊടുത്തു. എയർപോർട്ടിലേക്ക് അച്ഛൻ ബസിനു പോയ്കൊള്ളാമെന്നു പറഞ്ഞു. അങ്ങനെ ആയുഗം അവിടെ തീരുകയായിരുന്നു. ഇനി ഞാൻ സ്വതന്ത്രനാണ്. കുറച്ചു കൂടുതൽ സ്വാതന്ത്ര്യത്തോടെ ഞാൻ വീണ്ടും ആസ്വദിച്ചു ജീവിച്ചു. ഇടയ്ക്കു വീട്ടിലേക്കു വിളിക്കും. അമ്മയോട് സംസാരിക്കും. അച്ഛനോട് കൂടുതൽ ഒന്നും പറയില്ല. തീരിച്ചും. അങ്ങനെ കാലം കടന്നു പോയി.

 

 

 അഞ്ചു മാസം കഴിഞ്ഞപ്പോൾ  ഓഫീസ് ഫോണിൽ നിന്നും ഒരു കാൾ വന്നു.  പെട്ടെന്ന് നാട്ടിലേക്കു ചെല്ലണം. അച്ഛന് സുഖമില്ല. ഒരാഴ്ചത്തെ എമർജൻസി ലീവ് കിട്ടി. അന്ന് വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ സമയം രാവിലെ 1.30.  മുറ്റത്തു  നീല ടാർ കെട്ടിയിട്ടുണ്ട്. മുറ്റത്തു ഇട്ടിരിക്കുന്ന ഡെസ്കിൽ നിരത്തി വെച്ചിരിക്കുന്ന കട്ടൻ ചായയിൽ ടാർ പായയുടെ നീല വെട്ടം അടിച്ചു വയലറ്റ് നിറമായിരിക്കുന്നു.  ആരും ഉറങ്ങിയിട്ടില്ല. കോലായിൽ ഒരു തഴ പായയിൽ വെള്ളത്തുണി പുതച്ചു അച്ഛൻ കിടക്കുന്നു. അച്ഛൻ എന്നെ തന്നെ നോക്കുന്നത് പോലെ തോന്നി എനിക്ക്. അമ്മയും പ്ലസ് ടു വിനു പഠിക്കുന്ന അനിയനും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തിയും പിന്നെ കുറച്ചു ബന്ധുക്കളും ചുറ്റുമിരുപ്പുണ്ട്. എന്നെ കണ്ടതും അമ്മയും അനിയനും പെങ്ങളുടെയും കരച്ചിൽ ഉച്ചത്തിലായി. ഞാൻ തറയിലേക്ക് ഇരുന്നു


  .ഇനി നിന്നെ വഴക്ക് പറയാൻ അച്ഛനില്ല പോന്നു മോനെ എന്നും പറഞ്ഞു അമ്മ എന്റെ നെഞ്ചിലേക്ക് വീണു. അനിയനും പെങ്ങളും കൂടെ. ചെറിയച്ഛൻ വന്നു അമ്മയെ പിടിച്ചു സമാധാനിപ്പിക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ എത്ര നേരം ഞാൻ ഇരുന്നു എന്നറിയില്ല.കോലായിൽ കസേരയിൽ ഇരിക്കുകയായിരുന്നു.പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നതാണ്. എന്റെ കുട്ടനെ ഒന്നൂടെ കാണണം എന്നുണ്ട് എന്ന് ചെറിയച്ഛനോട് അവസാനമായി അച്ഛൻ പറഞ്ഞിരുന്നു എന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ചെറിയച്ഛൻ പറഞ്ഞു.

 

പിറ്റേന്ന് 1 മണിയോട് കൂടി അച്ഛൻ ഒരു പിടി ചാരമായി മാറി. അടുത്ത ബന്ധുക്കൾ ഒഴികെ മറ്റെല്ലാവരും പോയി. വീട്ടിൽ ആരും ഒന്നും പരസ്പരം മുണ്ടുന്നില്ല. അമ്മ കിടപ്പു തന്നെയാണ്.

 

            അച്ഛൻ ഇരിക്കാറുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരയിൽ കോലായിൽ ഞാൻ ഒന്നിരുന്നു. തല പുറകിലേക്ക് ചാരി. എന്റെ കാലിൽ കസേരയുടെ അടിയിൽ എന്തോ ഒന്ന് തട്ടി നിന്നു. അതെ അച്ഛൻ കട്ടൻ ചായ കുടിക്കുന്ന ചെമ്പു ഗ്ലാസ്‌. അതിൽ ബാക്കി വന്ന പകുതി കട്ടൻ ചായ ഞാനതു പതുക്കെ എടുത്തു ചുണ്ടോടു ചേർത്ത് വെച്ചു. അച്ഛനെ മണക്കുന്ന ബീഡി പുകയുടെ മണം. തണുത്തുറഞ്ഞ വെള്ളം ഞാൻ പതുക്കെ കുടിച്ചു. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഗ്ലാസ്സിലേക്ക് വീണു. പെയിന്റ് പോയ കസേരയുടെ കൈ പിടിയിൽ പതുക്കെ കൈകൾ അമർത്തി ഇരുന്നു. എണീക്കു മോനെ ചായ കുടിക്കു. അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. അതേ ചെമ്പ് ഗ്ലാസ്സിൽ എനിക്കായി കട്ടൻ ചായ. ഞാൻ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ എന്നെ തന്നെ നോക്കി നിൽക്കുന്നു. വിതുമ്പുന്നുണ്ടായിരുന്നു അമ്മ. അമ്മയുടെ കൈകളിൽ ഇരുന്ന് ചെമ്പ് ഗ്ലാസ് വിറയ്ക്കുന്നു. നിയന്ത്രിക്കാനാകാത്ത വിധം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണു. ആദ്യമായി അച്ഛനെ ഓർത്തു ഞാനൊന്നു ഹൃദയം നൊന്തു പൊട്ടിക്കരഞ്ഞു. അമ്മ കസേരയുടെ ചുവട്ടിൽ നിലത്ത് ഇരിക്കുകയായിരുന്നു കരഞ്ഞുകൊണ്ട് പറഞ്ഞു. മോൻ അവിടെ നിന്നും വിളിച്ച് അമ്മയോട് സംസാരിക്കുമ്പോൾ എല്ലാം അച്ഛൻ  അടുത്തു വന്നു നിൽക്കും, മോന്റെ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി, സംസാരിച്ചു കഴിയുമ്പോൾ ചോദിക്കും, മോൻ അച്ഛനെ ചോദിച്ചിരുന്നോ എന്ന്....

 

 ഇനി അച്ഛന്റെ സ്ഥാനത്ത് ഞാനാണ്. ഇത്രയും കാലം എനിക്ക് വെറുക്കാൻ അച്ഛൻ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഞാൻ ശരിക്കും അച്ഛനെ സ്നേഹിച്ചു തുടങ്ങിയത്. അതൊന്നു അച്ഛനെ നേരിട്ട് അറിയിക്കാൻ ഇനി എനിക്കാവില്ല. അച്ഛന്റെ സന്തോഷം അമ്മയും ഞങ്ങൾ മക്കളും ആയിരുന്നു. ഇനി അച്ഛൻ സന്തോഷിക്കാൻ ഞാൻ അവരെ വിഷമിപ്പിക്കരുത്.

 

ഇത്രയും കാലം ഞാൻ അച്ഛനോട് കാണിച്ച വെറുപ്പുകൾ എന്തിനായിരുന്നു?

 

അച്ഛൻ എന്റെ എന്ത് ഇഷ്ടത്തിന് ആണ് എതിര് നിന്നിട്ടുള്ളത്?

 

 ഇന്നു വൈകിട്ടാണ് എനിക്ക് തിരിച്ചു പോകേണ്ടത്. അനിയനും അനിയത്തിയും കൂടി എന്റെ ബാഗ് എടുത്തുകൊണ്ട് തന്നു. അച്ഛന്റെ മുറിയിൽ ഒന്ന് കയറി. ഒരിക്കൽ കൂടി. അവിടെ ഒരു നീല പുള്ളിക്കൂട കണ്ടു. അന്ന് ഒരിക്കൽ അച്ഛന്റെ ബാഗിൽ കണ്ട അതെ നീല പുള്ളിക്കൂട. അന്ന് റൂമിൽ എനിക്ക് പനി ആയി കിടന്നപ്പോൾ ജോലി സ്ഥലത്തു നിന്നും എനിക്ക് കഞ്ഞിയും ഗുളികയും എടുത്തു തരാൻ വേണ്ടി വന്നപ്പോൾ അച്ഛന്റെ കൈയ്യിലുണ്ടായിരുന്ന അതെ നീല പുള്ളിക്കൂട....പതുക്കെ കുട ഞാനെന്റെ ബാഗിൽ എടുത്തു വച്ചു..

 

 

മുറ്റത്തു ഇറങ്ങി, ഒന്ന് തിരിഞ്ഞു നോക്കി ഒരിക്കൽ കൂടി എന്റെ വീടിനെ. നിസ്സഹായയായി അമ്മ, അനിയത്തിയുടെ കൈ പിടിച്ചു അനിയനും നിൽക്കുന്നു. ഇവരെ ഞാൻ ഏൽപ്പിച്ചു പോകേണ്ട അച്ഛൻ മുറ്റത്തിന്റെ ഓരത്തു ഒരുപിടി ചാരമായിരിക്കുന്നു. അച്ഛന്റെ നെഞ്ചിൽ ഇപ്പോഴും ഒരു കനൽ കെടാതെ കിടന്ന് പുകയുന്നതായി എനിക്ക് തോന്നി.

 

 

വൈകിട്ട് 4 30ന് ഉള്ള KSRTC  ബസ്സിൽ ഞാൻ എയർപോർട്ടിലേക്ക് യാത്രയായി.

 

 

 ഒരു കുലുക്കം. ഞാൻ പതുക്കെ കണ്ണു തുറന്നു. റാസൽഖൈമ യിലേക്കുള്ള എന്റെ ബസ് എവിടെയോ നിർത്തിയിരിക്കുന്നു. മൊബൈലിൽ നോക്കി. സമയം നാലര ആയിരിക്കുന്നു. അൽ ജൂവൈസ്, എന്റെ കണ്ണുകൾ അറിയാതെ വിടർന്നു.25 വർഷം കൊണ്ട് അൽ ജൂവൈസ് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മാറിയിരിക്കുന്നു. വലിയ കെട്ടിടങ്ങൾ.എങ്കിലും ദൂരെ അച്ഛൻ ജോലി ചെയ്തിരുന്ന ഫാം കാണാം. യാന്ത്രികമായി ഞാനവിടെ ഇറങ്ങിപ്പോയി. തോളിൽ ബാഗും തൂക്കി പതുക്കെ അച്ഛന്റെ ഫാമിനെ ലക്ഷ്യമാക്കി നടന്നു. അച്ഛൻ എത്രപ്രാവശ്യം നടന്നു പോയ വഴികൾ. ഓരോ മണൽ തരിയിലും അച്ഛന്റെ കണ്ണുനീരുണ്ട്.  എന്തോ അച്ഛൻ എന്റെ കൂടെ ഉള്ളത് പോലെ എനിക്ക് തോന്നി. പതുക്കെ നടന്നു. തുരുമ്പിച്ച പഴയ ഗേറ്റ് നിൽക്കുന്നു. പതുക്കെ ഗേറ്റിൽ രണ്ട് കൈയും വെച്ച് കുറച്ചു നേരം നിന്നു. ക്യാ ഹേ? ഒരു സെക്യൂരിറ്റി അകത്തുനിന്നും വന്നു ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. അവിടെ ഇപ്പൊ ഫാം അല്ല. വേറെ എന്തോ ഒരു ബോർഡ്കണ്ടു. അവിടെ മതിലിനോട് ചേർന്നുള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നു ഞാൻ. പണ്ട് അച്ഛനെയും കാത്തു എത്ര നേരം ഇവിടെ ഇരുന്നിട്ടുണ്ട്. വൈകിട്ടു അച്ഛൻ വരുമ്പോൾ ക്ഷീണം കാരണം അച്ഛനും അവിടെ കുറച്ചു ഇരുന്നിട്ടെ റൂമിലേക്ക് പോവുമായിരുന്നുള്ളൂ. എത്ര നേരം അവിടിരുന്നു എന്നറിയില്ല. നേരം

ഇരുട്ടിയിരുന്നു. പതുക്കെ എഴുന്നേറ്റു. ഞാനും അച്ഛനും താമസിച്ചിരുന്ന കെട്ടിടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നും കാണാമായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. ഞാൻ പതുക്കെ വലത്തേ വശത്തുള്ള കോണി വഴി മുകളിലേക്കു കയറി. എല്ലാം പൊട്ടിപ്പൊളിഞ്ഞു പൊടിയും ചിലന്തിവലയും പിടിച്ചു കിടക്കുന്നു. ഇടത്തേക്ക് തിരിഞ്ഞ് അച്ഛന്റെ മുറി, ഇന്നിപ്പോൾ വാതിലില്ല. പതുക്കെ അകത്തേക്ക് കയറി. കട്ടിലുകൾ എല്ലാം അതേ സ്ഥാനത്തു തന്നെ. പലതും തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ അച്ഛൻ  വർഷങ്ങളോളം കിടന്ന കട്ടിൽ. ഞാൻ പതുക്കെ അച്ഛൻ കിടന്നിരുന്ന കട്ടിലിന്റെ താഴെയിരുന്നു. പതുക്കെ കട്ടിലിലേക്ക് തലവെച്ചു. തുരുമ്പിന്റെയും പൊടി യുടെയും ഇടയിൽ എവിടെയോ അച്ഛന്റെ സാമീപ്യം ഉള്ളതുപോലെ തോന്നി. പതുക്കെ അച്ഛനോടായി പറഞ്ഞു. അച്ഛാ അന്ന് അച്ഛൻ എന്നെ സ്നേഹിച്ചിരുന്നു എന്ന് ഒരിക്കലെങ്കിലും ഒന്നു തുറന്നു പറയാമായിരുന്നില്ലേ. ഇത്രയും സ്നേഹവും കരുതലും ഉള്ളിൽ കൊണ്ടു നടന്നിട്ടും അത് മനസ്സിലാക്കാൻ കഴിയാതെ പോയ ജീവിതത്തിൽ അച്ഛന്റെ സ്നേഹത്തിനു മുന്നിൽ തോറ്റു പോയ ഒരു മകൻ ആയിരുന്നു ഞാൻ. രാവിലെ ഫാദേഴ്സ് ഡേ യിൽ എന്റെ മോൻ എനിക്കായി ആശംസകൾ അറിയിച്ച ചിത്രം മനസ്സിലോർത്തു....

 

അനിറെ വാക്കുകളും....

 

You are a wonderful father

 

 

ഞാനും ഒരു അച്ഛൻ ആവണ്ടി വന്നു, ശരിക്കും എന്റെ അച്ഛന്റെ സ്നേഹവും കരുതലും മനസിലാക്കാൻ. എന്റെ മോനും എന്നോട് ഇങ്ങനെ ഇപ്പൊ ദേഷ്യം ഉണ്ടാവുമോ എന്തോ...

അച്ഛനെ സ്നേഹിക്കാൻ മറന്നു പോയ എല്ലാ മക്കൾക്കും വേണ്ടി ഞാനിതു സമർപ്പിക്കട്ടെ....

 

മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മറന്നു പോയ എല്ലാ അച്ഛന്മാർക്ക് വേണ്ടി എന്റേയീ അക്ഷരങ്ങൾ ഇവിടെ കുറിക്കട്ടെ.....

 

എന്റെ അച്ഛനെ സ്നേഹിക്കാൻ ഒരു ഫാദർസ് ഡേ യുടെ ആവശ്യം ഇല്ല....

 

ബാഗിൽ കൈയ്യിട്ടു....

പതുക്കെ നീല പുള്ളിക്കൂട കൈയ്യിലെടുത്തു....

നല്ല ഇരുട്ടാണ്....

പതുക്കെ അതിന്റെ വെള്ളി നിറത്തിലുള്ള ബട്ടൺ അമർത്തി....

അത് ശക്തിയോടെ തുറന്നു....

 

അച്ഛന്റെ കുടയും ചൂടി....

അച്ഛന്റെ തണലിൽ......

ഇനിയീ ജീവിത കാലം മുഴുവൻ.....

ഞാൻ മരിക്കുന്നതു വരെ എന്റെ അച്ഛൻ എന്റെ മനസ്സിൽ ജീവിക്കും.....

 

എന്റെ മകൻ മരിക്കുന്നതു വരെ അവന്റെ അച്ഛനായ ഞാൻ അവന്റെ മനസിൽ ജീവിക്കും...

അവന്റെ അച്ഛനായല്ല....

എന്റെ മോന്റെ ഏറ്റവും അടുത്ത....

എന്റെ മോനോട് സ്നേഹം പ്രകടിപ്പിക്കുന്ന.....

എന്റെ മോളെ വാരിപ്പുണരുന്ന....

ഒരു അച്ഛൻ എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ആയി....

അതിനീ പ്രവാസം ഒന്ന് തീരണം....

തിരിച്ചു പോവാനുള്ള അവസാന ബസും കാത്തു കുടയും ചൂടി ഞാനിന്നും പ്രവാസത്തിന്റെ ബസ് സ്റ്റോപ്പിൽ അവസാന ബസിനായി കാത്തു നിൽക്കുന്നു.....

 

 

 

സ്നേഹപൂർവ്വം

 

 

അനീഷ് ശ്രീധരൻ


അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2021 ജൂൺ 24, 8:09 AM-ന്

    Really a heart touching story.....no more words to say simply awesome 👌👌👌👏👏👏

    മറുപടിഇല്ലാതാക്കൂ
  2. കണ്ണ് നിറഞ്ഞു. നന്നായിട്ടുണ്ട് 👍

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരം, ആഴ്ന്നിറങ്ങുന്ന കഥാശൈലി, പലരും കഥയിലെ നായകനെപ്പോലെയാണ്,അഛനെ അറിയാൻ സമയം എടുക്കും👌👌👌👌👌

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങൾ....
    വരികളിലൂടെ കടന്നു പോകുമ്പോൾ അച്ഛനെയോർത്തു കണ്ണ് നിറഞ്ഞു.
    ഇനിയും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  5. അനീഷേട്ടാ , അടിപൊളി ആയിട്ടുണ്ട് .. കുട്ടിക്കാലം മുതലേ വായന യും എഴുത്തും ( ഇപ്പോൾ ഇല്ല ) ശീലമാക്കിയ എനിക്ക് ഈ അക്ഷരങ്ങൾ ക്കുള്ളിലെ കുളിർമ മനസ്സിലാകും .. മുറുക്കെ പിടിക്കുന്ന ഒരു എഴുത്തു .. hats off .. love you ..

    മറുപടിഇല്ലാതാക്കൂ
  6. Aneeshetta വളരെ nannayittund thudarnulla ezhuthinum എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  7. Simply superb അനീഷേട്ടാ 👌👏👏
    ഇനിയും എഴുതണം ❤️❤️❤️

    മറുപടിഇല്ലാതാക്കൂ
  8. അനീഷേട്ടാ നന്നായിട്ടുണ്ട്ട്ടോ

    മറുപടിഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട് അനീഷേട്ട....😍

    മറുപടിഇല്ലാതാക്കൂ
  10. ഹ്യദയസ്പർശി ആയ കഥാസമാഹാരം.70% പ്രവാസികളുടെ ടേയും ജീവിതം. അതിൽ കുറച്ച് മനുഷ്യത്വം ഉള്ള മനുഷ്യർ.നന്നായിട്ടുണ്ട് അനീഷ്.ഇനിയും ഇതുപോലുള്ള ജീവിതകഥകൾ പിറക്കട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉറപ്പായും കഥകൾ ഉണ്ടാവട്ടെ... ഇങ്ങനെയുള്ള ജീവിതങ്ങൾ ഇല്ലാത്തവട്ടെ എന്ന് പ്രാർത്ഥിക്കാം

      ഇല്ലാതാക്കൂ
  11. അഭിനന്ദനങ്ങൾക്കു ഒരുപാട് നന്ദി 😍

    മറുപടിഇല്ലാതാക്കൂ
  12. വാക്കുകക്കും അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദി നൗഫൽ 😍

    മറുപടിഇല്ലാതാക്കൂ
  13. സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ് എല്ലാവരുടെയും ഉള്ളറിഞ്ജ് പെരുമാറാൻ എല്ലാവർക്കും കഴിയണമെന്നില്ല നമ്മുടെ പ്രിയപ്പെട്ടവരോടെങ്കിലും നമുക്ക് നമ്മുടെ മനസ് തുറന്ന് സ്നേഹം പ്രകടിപ്പിക്കാൻ കഴിയണം.
    മരണശേഷം മകനുണ്ടായ തിരിച്ചറിവും സ്നേഹവും ആ അച്ഛനും അറിയുന്നില്ല മകൻ ജീവിതകാലം മുഴുവനും അതിന്റെ കുറ്റബോധവും പേറി നടക്കാനാണ് യോഗം.

    ഇന്നത്തെ അച്ചന്മാർക്കും മക്കൾക്കും ഇതൊരു
    തീച്ചറിവിന്റെ വെളിച്ചമാവട്ടെ.

    കാമ്പുള്ള സ്നേഹബന്ധങ്ങളുടെ കഥകൾ ഇനിയുമുണ്ടാവട്ടെ .

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്നായിട്ടുണ്ട് അനീഷേട്ടാ.. ഇനിയും പ്രതീക്ഷിക്കുന്നു. 😍

      ഇല്ലാതാക്കൂ
  14. അനീഷ്, അതി മനോഹരം... നന്നായി എഴുതി, ജീവനുള്ള വാക്കുകൾ, ഓരോ വരികളും ഹൃദയസ്പർശിയായി...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌