മക്കൾ നിങ്ങളുടേത് ആണെങ്കിലും തീർത്തും അവർ ഒരു വ്യക്തിത്വത്തിന് ഉടമയാണ് , മറ്റൊരു വ്യക്തിയാണ് . എന്റെ പ്രിയപ്പെട്ട അച്ഛൻ അമ്മമാർ ഒന്ന് വായിക്കണെ ദയവായി
കാക്ക
ഒരു ഫോണും പിടിച്ചോണ്ട് ആ പ്രായമായ അമ്മ മുറ്റത്തേക്ക് കരഞ്ഞു കൊണ്ട് ഇറങ്ങി ഓടി. ചാരിയിട്ട ഗേറ്റിൽ ഇടിച്ചു വീണു. നിലത്തു കിടന്നു എന്റെ മോളേന്നു വിളിച്ചു ഉറക്കെ കരയുന്നുണ്ടായിരുന്നു. കൂടെ അവിടുത്തെ അച്ഛനും. അച്ഛൻ എപ്പോഴും വടിയും കുത്തി ആണ് നടക്കാറുള്ളത്. ഇപ്പൊ വടി ഇല്ല കൈയ്യിൽ. അദ്ദേഹവും അമ്മയുടെ കൂടെ നിലത്തിരുന്നു. രണ്ടു പേരും പരസ്പരം വാവിട്ടു നിലവിളിക്കുന്നു. സഹിക്കാൻ പറ്റാത്തത് എന്തോ സംഭവിച്ചിട്ടുണ്ട്.
ഞാൻ എല്ലാം മുറ്റത്തിന് തെക്കു വശത്തുള്ള ആഞ്ഞിലിയുടെ മുകളിലെ കൊമ്പിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു. എന്റെ കൂട് കഴിഞ്ഞ ആഴ്ച അവർ എറിഞ്ഞു നിലത്തു വീഴ്ത്തിയിരുന്നു. എന്നിട്ട് ആ കൊമ്പും മുറിച്ചു കളഞ്ഞു. ഞാൻ അവിടെ ഇരുന്നു ശബ്ദം ഉണ്ടാക്കുന്നു എന്നും പറഞ്ഞു അവരുടെ ഗവണ്മെന്റ് ജോലിക്കാരൻ ആയ മരുമോൻ ആയിരുന്നു അത് ചെയ്തത്. ഒരു കരിങ്കല്ല് എടുത്തു ഒറ്റ ഏറു. ഞാൻ ആറ്റു നോറ്റു, ഞാൻ സ്വപ്നം കണ്ട എന്റെ മക്കൾ, എനിക്ക് ഓർക്കാൻ പോലും വയ്യ. ആ കുഞ്ഞു മുട്ടകൾ എത്ര മാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും. ദുഷ്ടൻ... ഞാൻ കൊറേ കരഞ്ഞു എന്റെ ഭാഷയിൽ. ഈ പണ്ടാരം കാക്ക എന്തൊരു ശബ്ദം ആണെന്നും പറഞ്ഞു പിന്നേം അയാൾ എന്നെ കല്ലെടുത്തു എറിഞ്ഞു. അവസാനം അവിടുത്തെ മോൾ വന്നു എന്നെ സഹതാപപൂർവ്വം നോക്കുന്നതും കരയുന്നതും കണ്ടു. എന്നെ സമാധാനിപ്പിക്കുന്നത് പോലെ എനിക്ക് തോന്നി.
സ്നേഹം കൊണ്ടുണ്ടാക്കിയ ഒരു ഹൃദയം ഉള്ള കുട്ടി. ആ മോളുടെ പാത്രത്തിലെ പലഹാരവും ചോറും എത്രയോ പ്രാവശ്യം എനിക്കായി തന്നിട്ടുണ്ട്. അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് പഴങ്കഞ്ഞിയിൽ മോരൊഴിച്ചു ഉണക്ക മീനും കൂടി കൂട്ടിയുള്ള ആ ഒരു പിടി കഞ്ഞി ആയിരുന്നു. ആരും കാണാതെ പുറത്തു അടുക്കളയുടെ പുറകിൽ വച്ചിരിക്കുന്ന പൊട്ടിയ ആ മീൻ ചട്ടിയിൽ എന്നും എനിക്ക് വേണ്ടി മാത്രമായി വെക്കുമായിരുന്നു . കാക്കയായ എന്റെ സങ്കടം പോലും ആ കുഞ്ഞിന് സഹിക്കാൻ വയ്യാരുന്നു. എന്റെ കൂട് അന്ന് അവൻ എറിഞ്ഞു ഇട്ടപ്പോ എനിക്ക് തോന്നി ആ മോൾ എങ്ങനെയാ ഇയാളുടെ കൂടെ ജീവിക്കുന്നത് എന്ന്. അയാൾ എന്നെ പോലെ കറുത്തതു ആയിരുന്നു, എന്നിട്ട് പോലും അയാൾക്കെന്നോട് വെറുപ്പായി. കറുപ്പിനോട് എല്ലാര്ക്കും ഒരു വെറുപ്പാണല്ലോ. പക്ഷെ ആയാളും കറുത്തതല്ലേ... പിന്നെന്തിനു എന്നോടിങ്ങനെ.. ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടുന്നില്ല.
മനുഷ്യന്റെ തൊലി വെളുപ്പിക്കാനും പല്ല് വെളുപ്പിക്കാനും ഉള്ള ക്രീമുകളുടെ ഒഴിഞ്ഞ കവറുകൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 35 ശതമാനത്തിൽ കൂടുതൽ ആണെന്നാണ് കണക്കു . പക്ഷെ മനുഷ്യന്റെ മനസിനെ വെളുപ്പിക്കാൻ ഉള്ള ഒരു ക്രീമും കണ്ട് പിടിച്ചിട്ടില്ല ഇത് വരെ .
അവരുടെ മുറ്റത്തു ഒരു കാർ വന്നു നിന്നു . വേറെ കുറെ പേര് അതിൽ നിന്നും ഇറങ്ങി , കൂടെ പോലീസും . ആ അമ്മയും അച്ഛനും ആ കാറിൽ കേറി എങ്ങോട്ടോ പോയി. രാവിലെ ഞാൻ തൊണ്ട പൊട്ടും ശബ്ദത്തിൽ ക്രാ ക്രാ വിളിച്ചിരുന്നു .എനിക്കറിയാമായിരുന്നു ഇന്ന് ഇവിടെ കൊറേ വിരുന്നുകാര് വരുമെന്ന്. എനിക്ക് വിരുന്നു വിളിക്കുക എന്ന ഒരു ജോലി കൂടി ഉണ്ടെന്നു നിങ്ങള്ക്ക് അറിയാമല്ലോ.
പ്രകൃതിക്കു നല്ല ചൂടാണ് . പൊട്ടിപ്പോയ എന്റെ മുട്ടയുടെ തോട് താഴെ കിടക്കുന്നതു എനിക്ക് കാണാം . അവർ മുട്ട ആയപ്പോൾ മരിച്ചത് നന്നായി . അല്ലെങ്കിൽ സ്വയം പറക്കാൻ കഴിയാത്ത പ്രായത്തിൽ ആയിരുന്നു അയാൾ എന്റെ കൂടു എറിഞ്ഞു തകർത്തത് എങ്കിൽ എന്റെ കുഞ്ഞുങ്ങൾ എത്ര മാത്രം സഹിക്കേണ്ടി വന്നേനെ ഈ മനുഷ്യൻ എന്ന വർഗത്തെ . എന്റെ അമ്മ മനസ് ഈ മരക്കൊമ്പിൽ ഇരുന്നു ക്രാ ക്രാ വിളിച്ചു തൊണ്ട പൊട്ടി എന്റെ കുഞ്ഞുങ്ങളോടൊപ്പം മരിക്കുമായിരുന്നു . ഞങ്ങൾ പക്ഷികൾക്ക് ആത്മഹത്യ ചെയ്യാൻ അറിയില്ല മനുഷ്യരെ പോലെ , എല്ലാ സങ്കടങ്ങളും മനസ്സിൽ ഒതുക്കി ജീവിച്ചു തീർക്കണം . അതാണ് വിധി .
ഞങ്ങൾ കാക്കകളാണ് . ഞങ്ങളെ എല്ലാരും സാധാരണ ശല്യം എന്നും പറഞ്ഞു എറിഞ്ഞു ഓടിക്കും എപ്പോഴും . അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർക്കും , നിനക്ക് വേണ്ടി നിന്റെ ബന്ധുക്കൾ ഒരിക്കൽ എന്നെ വിളിക്കും , സ്നേഹത്തോടെ കൈകൊട്ടി വിളിക്കും . .അന്നെന്റെ പേര് വെറും കാക്ക അല്ല , അന്നെനിക്ക് രാജകീയ പരിവേഷം ആണ് . തൂശൻ ഇലയിൽ നിലവിളക്കിൽ എരിഞ്ഞു തീരാറായ കത്തുന്ന തിരിയും , ചുവന്ന തെച്ചി പൂക്കൾ വിതറിയ എള്ളും കൂട്ടി ഉരുട്ടിയ ഉരുളകൾ , ഓടിന്റെ തേച്ചു മിനുക്കിയ തിളങ്ങുന്ന കിണ്ടിയിൽ വെള്ളം , അന്നെന്റെ പേര് ബലിക്കാക്ക എന്നാണ് . അന്ന് നീ എന്നെ കല്ലെറിഞ്ഞു ഓടിക്കില്ല അന്ന് നിങ്ങള്ക്ക് എന്നെ വേണം . ഇങ്ങനെ ഒരു മനുഷ്യർ . സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ആരെയും സ്നേഹിക്കുന്ന വർഗം . ആവശ്യം കഴിഞ്ഞാൽ പിന്നെ എച്ചില് പോലും തെങ്ങിൻ ചുവട്ടിൽ ഇട്ടു മൂടി കാക്ക ശല്യം ഇല്ലാതാക്കുന്ന വർഗം .
വിശക്കുന്നുണ്ട് എനിക്ക് . റോഡിലേക്ക് പോകട്ടെ . റോഡിന്റെ രണ്ടു സൈഡിലും ചിക്കെൻ വേസ്റ്റ് മുതൽ ഉപയോഗിച്ച ഡയപ്പെർ വരെ കിട്ടും . ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു കഴിക്കാം . പോരാത്തേന് കഴിഞ്ഞ ആഴ്ച വണ്ടി ഇടിച്ചു ചത്ത ഒരു തെരുവ് പട്ടിയും ഉണ്ട് പുഴു കേറി കിടക്കുന്നു . കഴിക്കാൻ ഇഷ്ടം പോലെ വിഭവങ്ങൾ ....
കാമുകന്റെ കൂടെ പോകാൻ സ്വന്തം കുഞ്ഞിനെ കടലോരത്തെ കരിങ്കല്ലിൽ ഒരു കാലിൽ തൂക്കി അടിച്ചു കൊന്ന വർഗ്ഗത്തിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും ഒരു പക്ഷി ആയ ഞാൻ പ്രതീക്ഷിക്കരുത് . പ്രതീക്ഷിച്ചാൽ അതെന്റെ തെറ്റ് മാത്രമാണ് . എന്റെ
പൊട്ടിപ്പോയ മുട്ടകളിൽ രണ്ടെണ്ണം മാത്രമേ ഞാൻ ഇട്ടിട്ടുള്ളൂ . മൂന്നാമത്തേത് കള്ള കുയിൽ എന്റെ കൂട്ടിൽ ഇട്ടതാണ് .അവൾ എന്റെ കൂട്ടിൽ കേറുന്നത് ഞാൻ കണ്ടിരുന്നു . എന്നിട്ടും ഞാൻ അവളെ ഓടിച്ചില്ല . കുഞ്ഞുങ്ങൾ എന്നാൽ എനിക്ക് എന്റെ ജീവൻ ആണ് . അത് ഏതു ജീവിയുടെ കുഞ്ഞു ആയാലും . പണ്ട് എന്റെ മുത്തച്ഛൻ വിശപ്പ് സഹിക്കാതെ ഒരു മനുഷ്യന്റെ കുഞ്ഞു കഴിച്ചു കൊണ്ടിരുന്ന നെയ്യപ്പം തട്ടിപ്പറിച്ചു തിന്നു എന്നും പറഞ്ഞു എന്തൊക്കെ ബഹളം ആയിരുന്നു ഇവിടെ . നാട് മുഴുവൻ പാടി നടന്നു . സ്കൂളിലും ആ പാട്ടു കുട്ടികളെ പഠിപ്പിച്ചു പാടിപ്പിച്ചു. എനിക്ക് പേരും വീണു കള്ള കാക്ക എന്ന് .
ഒരു വണ്ടി വരുന്ന ശബ്ദം . റോഡിന്റെ നടുക്ക് ആ നായയുടെ ശരീരത്തിലെ പുഴുവിനെ കൊത്തി പറിച്ചു കൊണ്ടിരുന്ന ഞാൻ സൈഡിലേക്ക് മാറി കൊടുത്തു . ഒരുആംബുലൻസ് ആണ് . അയ്യോ അത് അങ്ങോട്ടാണല്ലോ കേറിയത് . വണ്ടി ഗേറ്റ് കടന്നു അകത്തേക്ക് കേറി . ഞാൻ പുറകെ പറന്നു . അതു മുറ്റത്തു നിർത്തി വണ്ടിയുടെ പുറകിലെ വാതിൽ തുറന്നു . ആഅമ്മയും അച്ഛനും, അതിൽ നിന്നും ഇറങ്ങി . നിലത്തു ഇരുന്നു . ആരോ അവരെ താങ്ങി പിടിച്ചു മുറ്റത്തെ പടിയിൽ ഇരുത്തി . ആ അമ്മ അവിടേക്കു കിടന്നു . കുറെ മുറികളുള്ള കാർ പോർച്ചും ഉള്ള രണ്ടു നില വീടാണ് അത് . അവർക്കു അകത്തു കേറി കിടന്നു കൂടെ എന്ന് എനിക്ക് തോന്നി ഒരു സ്ട്രെച്ചറിൽ വെള്ള തുണിയിൽ പൊതിഞ്ഞു എന്തോ ഒന്ന് ഇറക്കി കാർ പോർച്ചിലേക്കു വെച്ച് അവർ . ഇപ്പൊ കൊറേ പേര് കൂടി എത്തിയിട്ടുണ്ട് അവിടെ . ആംബുലൻസ് തിരിച്ചു പോയി . പെട്ടെന്ന് തന്നെ അവിടെ വരുന്ന ആളുകളുടെ എണ്ണം കൂടി വന്നു . ഒരു ജനക്കൂട്ടം തന്നെ ആയി . കൂടെ കൊറേ പോലീസുകാരും . ആരോ മരിച്ചിരിക്കുന്നു അവിടെ . ആരാണെന്നു എനിക്ക് മനസിലായില്ല .
ഇവിടെ ആകെ അവർ മൂന്നു പേരേയുള്ളൂ . അച്ഛനും അമ്മയും, പിന്നെ ആ അവരുടെ മോളും മാത്രമേ ഉള്ളൂ . അച്ഛനും അമ്മയും അവിടെ ഉണ്ട് . എന്റെ ഉള്ളൊന്നു കാളിഇനി ആ മോൾ ആണോ ??? ഞാൻ പെട്ടെന്ന് മുകളിലെ കൊമ്പിൽ നിന്നും പറന്നു താഴെ ഉള്ള ആ തൈമാവിന്റെ കൊമ്പിൽ ഇരുന്നു . ഒരാള് വന്നു പന്തൽ കെട്ടാനുള്ള ഒരുക്കം ആണെന്ന് തോന്നുന്നു ,ശല്യം കാക്ക എന്നും പറഞ്ഞു എന്നെ അവിടുന്ന് ഓടിച്ചു വിട്ടു. നീല ടാർ പായ പന്തൽ വന്നു അവിടെ . ഞാൻ അതിന്റെ ഒരു തൂണിൽ ഇരുന്നു കണ്ടു . മുറ്റത്തിന്റെ നടുക്ക് ഒരു പായയിൽ വെള്ള തുണിയിൽ ആ കുട്ടി ചലനമറ്റു കിടക്കുന്നു .ആ മുഖം ഞാൻ കണ്ടു . ഞാൻ ആദ്യമായി ജീവിതത്തിൽ സ്നേഹിച്ച ഒരു മനുഷ്യ ജന്മം ആയിരുന്നു. ഞങ്ങൾ കാക്കകൾക്കും മനുഷ്യനെ സ്നേഹിക്കാൻ കഴിയും എന്ന് എന്നെ പഠിപ്പിച്ച എന്റെ സ്വന്തം എന്ന് ഞാൻ കരുതിയ , കല്യാണം എന്ന ആപത്തോടു കൂടി എന്നിൽ നിന്നും പറിച്ചു മാറ്റിക്കൊണ്ട് പോയ എന്റെ സ്വന്തം ......
അമ്മെ എന്നെ ഇനി അങ്ങോട്ട് പറഞ്ഞു വിടല്ലേ എന്ന് ....കരഞ്ഞു പറഞ്ഞതാ.....'അമ്മ ഇനി എന്നെ കാണില്ല ജീവനോടെ .... ആ 'അമ്മ തന്നെ അന്ന് ആ കാറിന്റെ വാതിൽ വലിച്ചു അടച്ചു അകത്തേക്കു കയറി പോരുന്നത് ഞാൻ കണ്ടു കൊണ്ട് ഇരുന്നു. ദൈവമേ ആ മോളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു ആറു മാസമേ ആയിട്ടുള്ളൂ . അവരൊന്നു ജീവിച്ചു തുടങ്ങിയിട്ടില്ല ഇതുവരെ ...
എന്റെ കണ്ണിലൂടെ കണ്ണീരു വരുന്ന പോലെ എനിക്ക് തോന്നി . അങ്ങനെ ആദ്യമായി ജീവിതത്തിൽ ഒരു കാക്ക കരഞ്ഞു . ഞാൻ ക്രാ ക്രാ എന്ന് ശബ്ദം ഉണ്ടാക്കിയില്ല കരഞ്ഞപ്പോൾ , നിശബ്ദമായി മനസ്സിൽ കരഞ്ഞു , ഹൃദയം പൊട്ടി . എനിക്ക് പറക്കണം എന്നുണ്ട് , പക്ഷെ എന്റെ ചിറകുകൾ പൊങ്ങുന്നില്ല .ചലനമറ്റിരിക്കുന്നു . ദൈവമേ ഈ മനുഷ്യ കുട്ടിയെ ഞാൻ ഇത്ര മാത്രം സ്നേഹിച്ചിരുന്നുവോ ...എന്ത് സംഭവിച്ചു എന്ന് മാത്രമെനിക്ക് മനസിലായില്ല . അവര് പറയുന്നത് കേൾക്കാൻ ഞാൻ ഒന്നൂടെ ശ്രദ്ധിച്ച് .
കണ്ണിൽ ഇരുട്ട് കയറുന്നു .എന്റെ തല കറങ്ങുന്നു . ചിറകുകൾ ഇല്ലാതെ , ചലനമറ്റ ഹൃദയവുമായി ഞാൻ താഴേക്ക് വീണു പോയി . താഴെ ആരോ കുടിച്ചു വെച്ച ചില്ലു ഗ്ലാസിൽ തട്ടി വീണു ഞാൻ . ഗ്ലാസ് താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ട് ഞാനുണർന്നു . പെട്ടെന്ന് ഞാൻ എന്റെ ചിറകുകൾ പൊക്കി . ഇല്ല ഞാൻ മരിച്ചിട്ടില്ല , എന്റെ ചിറകുകൾ പൊങ്ങുന്നുണ്ട് . പതുക്കെ പതുക്കെ ഞാൻ പറന്നു എങ്ങനെയോ ആ ആഞ്ഞിലിയുടെ കൊമ്പിൽ ചെന്നിരുന്നു . ഇനിയെന്തു ....എനിക്കൊന്നും ഓർക്കാൻ വയ്യാരുന്നു .
ഭർത്താവിന്റെ വീട്ടിൽ പീഠനം ആയിരുന്നു അത്രേ . കല്യാണത്തിന് കൊടുത്ത കാശും കാറും പോരാത്രേ ... അയാൾക്ക് വേറെ കാർ ആയിരുന്നു വേണ്ടിയിരുന്നത് . കൊറേ കാലമായത്രേ ഈ പ്രശ്നം തുടങ്ങിയിട്ട് ...കഴിഞ്ഞ പ്രാവശ്യം വന്നപ്പോ ഇനി പോകില്ലെന്നും പറഞ്ഞു വാശി പിടിച്ചു കരയുന്നതു കണ്ടിരുന്നു ഞാൻ . അന്നും ആ അമ്മയാണ് ആ കുഞ്ഞിനെ നിർബന്ധിച്ചു വീണ്ടും അന്ന് കാറിൽ കയറ്റി വിട്ടത് . എല്ലാം സഹിക്കണം എന്നും , മോള് തിരിച്ചു വന്നാൽ നാട്ടുകാർ എല്ലാരും എന്തു കരുതും അവരു കളിയാക്കും . അവൻശരിയാകും.....ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല . അച്ഛന്റെ മുടങ്ങി കിടക്കുന്ന പെൻഷൻ കിട്ടിയാൽ പുതിയ ലോൺ തരാമെന്നു ബാങ്കിലെ മാനേജർ പറഞ്ഞിട്ടുണ്ട് . അപ്പൊ നമുക്ക് പുതിയ കാർ വാങ്ങി കൊടുക്കാം മോള് സമാധാനിക്കു .മോളു അവനെ ഒന്നും ചെയ്യരുത്. ഭർത്താവിനെ അടിച്ചു എന്ന പേരുദോഷം വരുത്തി വെക്കരുത്. കേട്ടോ ഞാൻ പറയുന്നത്.
ഒരു താലി മാലയോ കൊട്ടും കുരവയും ഒന്നുമില്ലാതെ ഒരു കാക്കയായ ഞാൻ എത്രയോ കാലം എന്റെ ഇണയോടൊപ്പം കഴിഞ്ഞു. കഴിഞ്ഞ മാസം അവിടെ നിലത്തു കിടന്ന ഒരു ഇറച്ചി കഷ്ണം തിന്നതായിരുന്നു എന്റെ ഇണ. അറിയില്ലായിരുന്നു അത് പട്ടിയെ കൊല്ലാൻ വേണ്ടി വിഷം വെച്ച ഇറച്ചി ആയിരുന്നെന്നു. അന്ന് ഒരു കഷ്ണം കഴിച്ച ശേഷം മുട്ടയിടനായി കൂട്ടിൽ ഇരുന്ന എനിക്ക് കൊക്കിൽ ഒരു ഇറച്ചി കഷ്ണം കൊണ്ട് പറക്കുമ്പോൾ നിലത്തു വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ക്രൂരതക്കു അതിരുകൾ ഇല്ലാതായിരിക്കുന്നു.
കൊറേ പേരുണ്ടായിരുന്നു അവിടെ . എനിക്ക് വിശപ്പോ ദാഹമോ ഒന്നും തോന്നിയില്ല . വൈകുന്നേരം വരെ ആ കൊമ്പിൽ തന്നെ ഇരുന്നു .ആരോ ചിതക്ക് കൊടുത്ത തീയിൽ അവളും ചാരമായിക്കൊണ്ടിരിക്കുന്നു . രാത്രി ആയി . എല്ലാരും പോയിരിക്കുന്നു ഇപ്പോൾ . ഉയർന്നു വരുന്ന പുകച്ചുരുളുകൾ എന്റെ ശരീത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു
. ആഞ്ഞിലിയുടെ താഴെ ഉണ്ടായിരുന്ന ഒരു പച്ച കൊമ്പു കൂടി കരിഞ്ഞിരിക്കുന്നു . ശാന്തമായി പ്രകൃതി ...എവിടുന്നോ കാറ്റടിച്ചപ്പോൾ അവളുടെ ചിതയിൽ നിന്നും എരിഞ്ഞു തീരാത്ത തീക്കനലുകൾ ആർത്തിയോടെ ഒന്നൂടെ ആളിക്കത്താൻ ശ്രമിച്ചു തിളങ്ങി കരിഞ്ഞു വീണു . .....അഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു . കുറച്ചു പേര് അവിടെ വന്നിട്ടുണ്ട് . എന്തൊക്കെയോ ബഹളം നടക്കുന്നു ....അവളുടെ അസ്ഥിക്കുഴിയിൽ നിന്നും എന്തൊക്കെയോ അവർ വാരി എടുത്തു . ഒരു വാഴ ഇലയിൽ വെച്ചിരിക്കുന്നു . കൂടെ എള്ളും വെള്ളവും പൂക്കളും . ആ അച്ഛൻ കൈ കൊട്ടി എന്നെ വിളിക്കുന്നു. ഞാൻ പോയില്ല ഞാൻ .സാധാരണ ഒരു വർഷം കഴിഞ്ഞാണ് എന്നെ കൈകൊട്ടി കഴിക്കാൻ വിളിക്കാറ്
പതിവ്. ആ അച്ഛന്റെ നിർബന്ധം ആണത്രേ ഇപ്പൊ തന്നെ ബലി ഇടണം എന്നത്. കാരണം ഒരു വർഷം കൂടി ആ അച്ഛനും അമ്മയും ജീവിച്ചിരിക്കില്ല എന്നവർക്ക് അറിയാവുന്നതു പോലെ തോന്നി. അല്ലെങ്കിലും ഇനി അവർ ആർക്കു വേണ്ടി ജീവിക്കണം.
എല്ലാരും പോയി എനിക്കായി അത് അവിടെ വെച്ചിരിക്കുന്നത് പോലെ എനിക്ക് തോന്നി . അവളുടെ ഹൃദയം പോലെ ആ വെളുത്ത ചോറുകൊണ്ടുള്ള ഉരുള . അതിൽ കൊത്തി വലിക്കാൻ എനിക്ക് തോന്നിയില്ല . എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. എന്നിട്ടും പോയി അത് കഴിക്കാൻ തോന്നിയില്ല.
ആരോ വീണ്ടും എന്നെ കൈകൊട്ടി വിളിക്കുന്നുണ്ടായിരുന്നു . ആരോ പറഞ്ഞു കാക്കക്കു ഒക്കെ ഇപ്പൊ ബിരിയാണി ഉണ്ടെങ്കിലേ പറ്റൂ എന്ന് ....
ആ ഭർത്താവ് ജയിലിൽ ആണ്. ജാമ്യം കിട്ടും, ഉറപ്പാണ്, വല്യ ഉദ്യോഗസ്ഥൻ ആണ്. കൂടാതെ വല്യ
ഏതോ
വക്കീൽ ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. പളനിച്ചാമിയെ ഒരു സുന്ദരൻ ആക്കിയ വക്കീൽ. കുറ്റം ചെയ്യുന്നോർക്കു എന്നും ഒരു പ്രചോദനവും വീണ്ടും അത് ചെയ്യാനുള്ള കരുത്തും ആണ് ഇങ്ങനെ ഉള്ള നിയമത്തിനു വേണ്ടി വാദിക്കുന്നവർ.....
നിങ്ങൾ ഇല്ലാതാവുമ്പോൾ മനുഷ്യർ മാത്രമല്ല നിങ്ങളെ സ്നേഹിക്കുന്ന ഓരോ ജീവജാലങ്ങളും ഇവിടെ സങ്കടപ്പെടും.....ഹൃദയം
എല്ലാവര്ക്കും ഉണ്ട് . ചില മനുഷ്യരുടെ പേര് മാറ്റി മൃഗം എന്ന് ആക്കേണ്ട കാലം
കഴിഞ്ഞിരിക്കുന്നു.
വിവാഹം എന്നത് ജീവിത കാലം മുഴുവൻ രണ്ടു പേര് സഹിച്ചു
കഴിയേണ്ട ഒന്നല്ല എന്നും അതിൽ നിന്നും മോചനം വേണ്ടപ്പോൾ സ്വയം തീരുമാനം എടുക്കാൻ
ഉള്ള സ്വാതന്ത്ര്യം കൂടി നിങ്ങളുടെ കുട്ടികൾക്ക് കൊടുക്കണം എന്നും എനിക്ക് പറയണം
എന്നുണ്ടായിരുന്നു . ഒരു പ്രായം കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ മക്കളും മറ്റൊരു
വ്യക്തിത്വത്തിന് ഉടമയാണ് . തീർത്തും മറ്റൊരു വ്യക്തിയാണ് . അവരെ അവരുടെ
തീരുമാനത്തിന് വിടണം . ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിവാഹം അല്ല എന്നും അവരെ
പഠിപ്പിക്കണം .
ലളിതമായി പറഞ്ഞാൽ , ഞങ്ങൾ പക്ഷി മൃഗാദികളെ കണ്ടു പഠിക്കണം മനുഷ്യർ നിന്റെ അഞ്ചു സെന്റ് സ്ഥലത്തിന് മുകളിലുള്ള ആകാശം വരെ വളഞ്ഞു മതില് കെട്ടി ഞങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാതെ ആക്കുമ്പോൾ ഓർക്കണം .....ഇന്ന് വരെ ഒരു കാക്കയും സ്ത്രീ ധനം വാങ്ങിയിട്ടില്ല . എനിക്കൊരു ആൺ കാക്ക മതി കൂടും കുടുംബവും ഞങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കും
ഞാനാ അടുക്കളയുടെ പുറകിലെ പൊട്ടിയ മീൻ
ചട്ടിയിൽ നോക്കി ഇരുന്നു……
പ്രിയപ്പെട്ട അനിയന്മാർക്കും അനിയത്തിമാർക്കുമായി
സ്വന്തം .....
അനീഷേട്ടൻ


നല്ല സന്ദേശം 👌👏👏
മറുപടിഇല്ലാതാക്കൂ👏👏👏
മറുപടിഇല്ലാതാക്കൂGood information for new Generation...
മറുപടിഇല്ലാതാക്കൂ❤️❤️❤️❤️❤️❤️😘😘😘😘😘
മറുപടിഇല്ലാതാക്കൂ❤👍❤
മറുപടിഇല്ലാതാക്കൂഈ പ്രകൃതിയിലുള്ള സർവജീവജാലങ്ങളും മനുഷ്യരെ കുറിച്ച് ഇങ്ങനെനെയൊക്കെയാകും ചിന്തിക്കുക.
മറുപടിഇല്ലാതാക്കൂതാങ്കളുടെ കുറിപ്പ് എല്ലാവർക്കും ഒരു ഓര്മപ്പെടുത്തലാകട്ടെ..
😍😍😍😍
മറുപടിഇല്ലാതാക്കൂaneeshatta adipoli
മറുപടിഇല്ലാതാക്കൂNicely presented
മറുപടിഇല്ലാതാക്കൂഎല്ലാത്തിനും സാക്ഷിയായി കാക്ക. കാക്കയിലൂടെ പറയാനുള്ളത് പറഞ്ഞു.... 👏👏👏
മറുപടിഇല്ലാതാക്കൂNanayitunduuu....
മറുപടിഇല്ലാതാക്കൂ👏👏👍❤️
മറുപടിഇല്ലാതാക്കൂകണ്ടതും കേട്ടതുമായ കാഴ്ചകൾ , സ്വന്തം കാഴ്ചപ്പാടിൽ ലയിപ്പിച്ച് ലളിതവും തീഷ്ണവുമായി എഴുതിഫലിപ്പിക്കാനുള്ള കഴിവ് ... അഭിനന്ദനങ്ങൾ അനീഷ്.
മറുപടിഇല്ലാതാക്കൂ(അവസരോചിത സൃഷ്ടി).