താങ്കൾ ക്യൂവിലാണ് , അവർ തിരക്കിലാണ്
താങ്കൾ ക്യൂവിലാണ് , അവർ തിരക്കിലാണ്
താങ്കൾ വിളിക്കുന്ന സബ്‌സ്‌ക്രൈബർ തിരക്കിലാണ് .
ദയവായി രാത്രി അവർ ഉറങ്ങിയാൽ അപ്പോൾ വിളിക്കുക.... ഇല്ലെങ്കിൽ ലോക്ക് ഡൗൺ കഴിഞ്ഞ് ബസ് ഒക്കെ തുടങ്ങുമ്പോൾ നേരിട്ട് പോയി പറയുക...
ബി എസ് എൻ എൽ ആ ചേച്ചിയുടെ നിലക്കാത്ത മധുര ശബ്ദം ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. എന്തു നല്ല ചേച്ചി. എന്നോട് മാത്രമായിരുന്നില്ല ചേച്ചി സംസാരിച്ചിരുന്നത്. എല്ലാവരോടും ഈ ചേച്ചി ഇങ്ങനെ ആയിരുന്നു. എന്റെ സ്വന്തം ചേച്ചിയായി കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം ഞാൻ എപ്പോ വിളിച്ചാലും മറുപടി പറയും നിങ്ങൾ വിളിക്കുന്ന വ്യക്തി തിരക്കിലാണ്. എന്തൊരു കരുതലാണ് എന്നോട്.
കാര്യം ഒന്നും ഉണ്ടായിട്ടല്ല, അമ്മ കുളിമുറിയിൽ ഒന്ന് കാല് തെന്നി, ചെറിയ നീരും വേദനയും ഉണ്ട്. രാവിലെ ഞാൻ വിളിച്ചപ്പോൾ പറഞ്ഞതാണ്. ഞാൻ സ്ഥലത്തില്ല. പെങ്ങളും കുടുംബവും അടുത്താണ് താമസം. അവിടെ നാടൻ മരുന്നോ ഓയിൽമെന്റോ ഉണ്ടെങ്കിൽ ഒന്ന് കൊണ്ട് കൊടുക്കാമോ എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതായിരുന്നു ഞാൻ.
അഞ്ച് വയസ്സു മാത്രമുള്ള പെങ്ങളുടെ ചെറിയ മോൻ അളിയന്റെ രണ്ടാമത്തെ ഫോണിൽ കോൾ എടുത്തിട്ട് പറഞ്ഞു
മാമാ അച്ഛൻ ഫോണിലാണ്,
സ്നേഹത്തോടെ ഞാൻ പറഞ്ഞു
മോനെ അമ്മയ്ക്ക് കൊടുക്കാമോ
അമ്മയും ഫോണിലാണ് മാമാ
മോനെ ചേച്ചിക്ക് ഒന്ന് ഫോൺ കൊടുക്കാമോ
ചേച്ചിയും ഫോണിലാണ് മാമാ
അവസാനം ഗതികെട്ട് ഞാൻ പറഞ്ഞു
മോനെ അമ്മേടെ മറ്റേ ചെവിയിലേക്ക് ഫോൺ ഒന്ന് വെച്ചു കൊടുക്കാമോ..
അതിനു മാമ അമ്മ ഹെഡ് ഫോൺ രണ്ടു ചെവിയിലും കുത്തി വെച്ചിട്ടുണ്ട്. എന്റെ പ്രതീക്ഷകൾ അടഞ്ഞു.
ഏതായാലും അഞ്ചുവയസ്സുള്ള മോനു ഫോൺ കോൾ എടുക്കാനും മെസേജ് അയക്കാനും എല്ലാം അറിയാം. മിക്കവാറും വാട്സാപ്പ് മെസ്സേജുകളിൽ അവന്റെ കൊഞ്ചൽ ശബ്ദങ്ങളാണ് മറുപടി ആയിട്ട് വരാറുള്ളത് എനിക്ക്. ഈ മാമൻ ആയ എന്നെക്കാളും വലിയ കൂട്ടുകാരും ബന്ധങ്ങളും ഒരു പത്തു വയസു വരെ എങ്കിലും അവനു ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു.
പണ്ട് അയൽവക്കത്തെ പ്രവീണിന്റെ വീട്ടിൽ ഒരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ടായിരുന്നു. ഞാനിങ്ങനെ ജോലിക്ക് പോകുമ്പോൾ രാവിലെ ഒരു പത്ത് മണിക്ക് വിളിക്കും. അവിടുത്തെ ചേച്ചിയോട് പറയും. ഞാൻ ഇനിയും പത്തരയ്ക്ക് വിളിക്കും അമ്മയോട് അവിടെ വരെ ഒന്നു വന്നു നിൽക്കാൻ. കൃത്യം പത്തരയ്ക്ക് STD ബൂത്തിൽ കാത്തിരുന്നു ഞാൻ വിളിക്കും. 10:20 അമ്മ അവിടെ എത്തും. അമ്മയുടെ കൃഷിയിൽനിന്ന് പറിച്ച് നീളൻ പച്ചപ്പയർ ഒരുപിടി കയ്യിൽ കരുതും. അവർക്ക് കൊടുക്കാമല്ലോ ഒരു സന്തോഷം. പത്തുമിനിറ്റ് അവരോട് സംസാരിച്ചിരിക്കുക ആണ് ലക്ഷ്യം. സന്തോഷം. ഇനി അതിനിടയിൽ പ്രവീണിനെ വീട്ടിൽ ആർക്കെങ്കിലും കോൾ വന്നാൽ, അതെയ് ഭാർഗവിയുടെ മോൻ ഇപ്പോൾ വിളിക്കും. അവൾ ഇവിടെ കാത്തിരിപ്പുണ്ട്. അതുകൊണ്ട് ഒരു പതിനൊന്നു മണി കഴിഞ്ഞ് എന്നെ വിളിക്കാമോ. സ്നേഹപൂർവ്വം അമ്മയ്ക്ക് വേണ്ടിയിട്ട് അവിടെ അവസരം ഉണ്ടാക്കി കൊടുക്കും. ബന്ധങ്ങൾ അങ്ങനെയായിരുന്നു. തിരിച്ചുപോകുമ്പോൾ അമ്മയ്ക്കൊരു ചക്കയുടെ കഷണമോ ഒരു ചേനയുടെ കഷണമോ കൊടുക്കും. ഒരു സന്തോഷം.
ഇന്ന് എന്റെ അമ്മയ്ക്കും ഉണ്ട് ഒരു മൊബൈൽ ഫോൺ..
ചിലപ്പോ അമ്മയെ വിളിച്ചാലും തിരക്കിലാണ് എന്ന് പറയും . അമ്മക്ക് മിസ്സ്ഡ് കാൾ നോക്കി തിരിച്ചു വിളിക്കാൻ അറിയാത്തതു കൊണ്ട് അഞ്ചു മിനിറ്റു ഇടവിട്ട് പുട്ടിനു തേങ്ങാ ഇടുന്ന പോലെ ഞാൻ വിളിച്ചോണ്ടിരിക്കും . അമ്മയാണ് , ഞാൻ കാത്തിരുന്നേ പറ്റൂ . അവസാനം കാൾ കിട്ടുമ്പോ എന്തമ്മേ ഇത് എത്ര നേരമായി ഞാൻ വിളിക്കുന്നു , ആരാ വിളിച്ചോണ്ട് ഇരുന്നതു എന്ന് എന്ന് ചോദിച്ചാൽ അങ്ങേ വീട്ടിലെ ചേച്ചി വിളിച്ചതാണ് എന്നോ മറ്റോ പറയും . സമാധാനം എന്തായാലും ബന്ധങ്ങൾ അറ്റു പോവുന്നില്ലല്ലോ
റോഡിൽ വണ്ടിയിടിച്ചു വീണു കിടക്കുന്നതു കണ്ടാൽ മൊബൈലിൽ വീഡിയോ എടുത്തു ഫേസ് ബുക്കിൽ ഇടാം , എന്നാൽ അതെ ഫോണു കൊണ്ട് തന്നെ ആംബുലൻസോ പോലീസിനെയോ , അല്ലേൽ പരിചയം ഉള്ള ആരെയെങ്കിലും വിളിച്ചു അവരെ ആശുപത്രിയിൽ എത്തിക്കാൻ മനസ് വന്നില്ല . അവസാന നിമിഷം ക്യാമറയിൽ പകർത്തി സഹജീവി സ്നേഹം കാണിച്ചു . ബന്ധങ്ങൾ അറ്റു പോവുന്നില്ല ,
മൊബൈൽ ഫോൺ ആശയ വിനിമയം നടത്താൻ ഉള്ളതല്ലേ , ഇപ്പോൾ എല്ലാര്ക്കും ആശയം ഉണ്ട് .
പക്ഷെ വിനിമയം മാത്രം നടക്കുന്നില്ല .
ഇന്നലെ രാവിലെ മഴയായിരുന്നു. പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ മനോരമ പേപ്പർ വീടിന്റെ ഗേറ്റിന്റെ അവിടെ ഇട്ടിട്ടു പത്രക്കാരൻ ചേട്ടന്റെ ഒരു വാട്സാപ്പ് വോയിസ് മെസ്സേജ്. ചേട്ടാ പത്രം ഗേറ്റിന്റെ മുന്നിൽ ഇട്ടിട്ടുണ്ട്. മഴയായതുകൊണ്ട് അകത്തേക്ക് കയറിയില്ല. പക്ഷേ എല്ലാം മാസവും മുപ്പതാം തീയതി പത്രത്തിന്റെ കാശ് കൊടുക്കേണ്ട ദിവസം വാട്സാപ്പ് മെസ്സേജ് അയക്കാതെ ആ ചേട്ടൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി വരുമായിരുന്നു.
എന്നും റോഡിലൂടെ നടന്നു പോകുന്ന ഗംഗൻ എന്നുപറയുന്ന ഒരു ചേട്ടൻ ഉണ്ട് എന്റെ വീടിന്റെ അടുത്ത്. അദ്ദേഹത്തിനു ഭ്രാന്ത് ആയതുകൊണ്ട് ഭാര്യ ഇട്ടേച്ചു പോയി എന്ന് എല്ലാരും പറയുന്നു. ഗംഗൻ ചേട്ടൻ എന്നും ഗേറ്റിന്റെ അവിടെ വന്നു നിൽക്കും.
എന്നെ കാണും സംസാരിക്കും. ഞാൻ ഒരു ചായയോ അല്ലേൽ ബീഡിക്കുള്ള പൈസയോ കൊടുക്കും.
ഇനി അഥവാ എന്നെ കണ്ടില്ലെങ്കിൽ മക്കളെ വിളിക്കും. എന്നിട്ട് അച്ഛനെ വിളിക്കാൻ പറയും.
ഞാൻ ചെല്ലും സംസാരിക്കും.... പതിവുപോലെ...
ഞാൻ വീട്ടിൽ ഇല്ല ജോലിക്ക് പോയതാണെങ്കിൽ എന്റെ ഭാര്യയെ വിളിക്കും... എന്റെ ഭാര്യയെക്കാളിലും കുറേ മൂത്തതു ആണെങ്കിലും ചേച്ചി എന്നെ വിളിക്കൂ...
ചേച്ചി ചേട്ടൻ എനിക്ക് തരാൻ വേണ്ടി എന്തേലും തന്നിട്ടുണ്ടെങ്കിൽ ഇങ്ങു തന്നേക്കാമോ?..
അവൾ ബീഡി വലിക്കാൻ പൈസ കൊടുക്കില്ലെങ്കിലും വയറുനിറച്ച് ആഹാരം കൊടുക്കും ...
ഗംഗൻ ചേട്ടന് സന്തോഷമാണ്...
ബീഡി വലിക്കാത്തതിന്റെ ഒരു കുഞ്ഞു സങ്കടവും മുഖത്തുണ്ടാവും...
ചിലപ്പോൾ കുറേക്കാലത്തേക്ക് ഇദ്ദേഹത്തെ കാണാറില്ല....
ആരോടെങ്കിലും തിരക്കുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ് കുറച്ച് കൂടുതലാണ് എന്നു പറയും...
പക്ഷേ ആശുപത്രിയിൽ നിന്നും വന്നുകഴിഞ്ഞാൽ പിറ്റേദിവസം തന്നെ എന്നെ കാണാനായിട്ട് ഏത്താറുണ്ടായിരുന്നു വീട്ടിൽ....
ഗംഗൻ ചേട്ടനു ഫോണില്ല....
ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങൾ വരെ ഞങ്ങൾ സംസാരിച്ചിരുന്നു....
പണ്ടെന്നോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചേട്ടാ ഒരു പഴയ ഫോൺ ഉണ്ടെങ്കിൽ എനിക്ക് തരാമോ എന്ന് എന്നോട് ചോദിച്ചിരുന്നു.
ഇപ്പൊ കുറെ കാലമായിട്ട് അദ്ദേഹത്തെ കാണാറേ ഇല്ല....
അദ്ദേഹത്തിന്റെ പ്രാന്ത് മാറിയെന്ന് തോന്നുന്നു....
ഗംഗൻ ചേട്ടനും ഫോൺ കിട്ടിയിട്ടുണ്ട് , ഉറപ്പാണ് . അദ്ദേഹവും തിരക്കിലാവും . അല്ലെങ്കിൽ എന്നെ കാണാൻ വരുമായിരുന്നു ഉറപ്പായും .
ആരും സംസാരിക്കാനില്ലാതെ ഇനി ഞാൻ ഒരു പ്രാന്തൻ ആയി പോകുമോ...
ആയിരുന്നെങ്കിൽ ഫോണും ആപ്പും ഇല്ലാതെ എനിക്കും ആരോടെങ്കിലും ഒന്ന് മുഖത്ത് നോക്കി സംസാരിക്കാമായിരുന്നു .
അതോ ഞാൻ പ്രാന്തൻ ആയോ...?
അനീഷ് ശ്രീധരൻ



സൂപ്പർ
മറുപടിഇല്ലാതാക്കൂവാർത്തമാണകാലത്തിന്റെ തിരക്കുകൾ 👌
മറുപടിഇല്ലാതാക്കൂസമകാലിക മൂല്യമുള്ള വിഷയം. വളരെ നല്ല എഴുത്തു..
മറുപടിഇല്ലാതാക്കൂഅനുമോദനങ്ങൾ....