ഫുൾ ചാർജ് ഫുൾ ടൈം ...ചാർജ് ഇല്ലേൽ പിന്നെ ഒന്നിനും കൊള്ളില്ല








ധമനി ഇല്ലാത്ത ഹൃദയം 


കിടക്കാൻ കുറെയേറെ വൈകിയിരുന്നു, അല്ലല്ലോ   വൈകിയത് കിടക്കാൻ അല്ലല്ലോ  ഉറങ്ങാനല്ലേ ??? എന്നത്തെയും പോലെ ആലോചന, വാട്സപ്പ് ,ഫെയ്സ്ബുക്ക് വീഡിയോ…... രാവിലെ തൊട്ട് വന്ന മെസേജുകളുടെ മറുപടി കൊടുക്കണം.ഫേസ്ബുക്കിൽ ഓരോരുത്തർ ഇടുന്ന ചിത്രത്തിനും വീഡിയോയ്ക്കും കമന്റ് കൊടുത്തില്ലേൽ  വാട്സാപ്പിൽ മെസ്സേജ് വരും എന്താ നീ  കണ്ടില്ലേന്നും ചോദിച്ചു ...


ഇനി ആ വാട്സപ്പ് മെസ്സേജ് നോക്കിയില്ലെങ്കിൽ നേരെ വിളിക്കും കണ്ടില്ലേ നീ ???

അതിലും നല്ലതു കമന്റ് ചെയ്തും ലൈക്‌ ചെയ്തും ഇനിയുള്ള കാലം ജീവിക്കാം എന്ന് കരുതി . സമാധാനം ആണല്ലോ വലുത് .


 പ്രവാസി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഓവർടൈം ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇതിനെല്ലാം മറുപടി കൊടുത്ത് വീട്ടിലേക്കും  വിളിച്ചു കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ  തന്നെ ഒരു മണി ആകും. 

ഇതൊന്നുമില്ലേലും ഉറക്കം വരണേൽ ഒരു മണി ആവും . അതാണ് സത്യം . അതോണ്ട് മൊബൈലിനെ കുറ്റം  പറഞ്ഞങ്ങു സമാധാനിക്കും .


സത്യത്തിൽ മൊബൈൽ ഒരു ശല്യമാണ്. നൂറായിരം ആപ്പുകൾ ഉള്ള ഒരു കോപ്പാണ് മൊബൈൽ. മൂന്നാലു കൊല്ലം മുമ്പ് വാങ്ങിയ ഒരു സാംസങ് മൊബൈൽ ആണ്.  കുറെ കാലയില്ലേ  ബാറ്ററി വീക്ക് ആയിട്ടുണ്ടാവും . അല്ലേൽ കുരങ്ങിന്റെ  വാലുപോലെ എപ്പോഴും ചാർജർ മൂട്ടിൽ കുത്തിയിടേണ്ടി വരില്ലല്ലൊ ..


മനുഷ്യനെ പോലെ തന്നെ ആണ് ട്ടോ ബാറ്ററിയും . രണ്ടിനും നോ വാറന്റി നോ ഗ്യാരണ്ടി 


കുഴപ്പമില്ല രാത്രി കിടക്കാൻ നേരം കുത്തിവയ്ക്കും രാവിലെ എടുത്തോണ്ട് ഓടും അത്രയും തന്നെ മതി. 


അഞ്ചരക്ക് അലാറം അടിച്ചു. പെട്ടെന്ന് എല്ലാം റെഡിയാക്കി 6.മണിക്ക്  അബുദാബി മെയിൻ സ്റ്റാൻഡിലെത്തി ബസ്സിൽ കയറി. കറക്റ്റ് ഏഴുമണിക്ക് ഡ്യൂട്ടിക്ക് ഹാജർ. 


ഇനി ഇന്നലെ രാത്രി ഉറങ്ങിയോ മിനിഞ്ഞാന്ന് ഉറങ്ങിയോ നാളെ ഉറങ്ങിയോ കിടന്നോ കഴിച്ചോ  ഒന്നും പ്രശ്നമല്ല മക്കളെ…. ഭൂകമ്പമാണ് ഭൂകമ്പം.

ഇനിയൊരു എട്ടു മണിക്കൂർ എങ്ങനെ തീരും എന്നറിയില്ല. വാച്ചിൽ നോക്കുമ്പോൾ മൂന്നുമണി ആയിട്ടുണ്ടാവും…..


വാച്ചൊന്നു നോക്കി . ഇല്ല 10:33  ആയിട്ടുള്ളൂ ...ഇല്ല ഇനിയും ടൈം ഉണ്ട് . ഡെസ്ക് ടോപ്പിലെ    “U HAPPY” എന്ന ഐക്കണിൽ കുത്തി . സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് ഉണ്ടാക്കുകയാണ് .ആൻഡ്രോയിഡ്  ആപ്പ് ആണ് . പ്ലേ സ്റ്റോറിൽ ഉണ്ട്, കണ്ടിട്ടില്ലേ ?  ഇതിൽ കേറിയാൽ മതി . നിങ്ങൾ ആഗ്രഹിക്കുന്ന സന്തോഷം ഡോർ ബെൽ ആയി അവിടെത്തും . അതിപ്പോ കുമ്പളങ്ങാ ആയാലും കുമ്പിളപ്പം ആയാലും . 


നിങ്ങൾ ഇത് വരെ ഇത് ഇൻസ്റ്റാൾ ചെയ്തില്ലേ ? അപ്പൊ സന്തോഷം വേണ്ടേ ? ചെയ്തോളൂ ട്ടോ  , പൈസ ഒന്നും വേണ്ട , ഇൻസ്റ്റാൾ ചെയ്യുമ്പോ എഗ്രീ എന്നിടത്തു ഒന്ന് ടിക് ചെയ്യണം അത്രേയുള്ളൂ , നിങ്ങളുടെ ഭാര്യയുടെയും അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ മുതൽ എന്തിനേറെ , കൂട്ടുകാരന്റെ കാമുകിയുടെ ഫോട്ടോ വരെ , രഹസ്യ കോൺടാക്ട് നമ്പർ വരെ എന്തിനും വേണേലും ഉപയോഗിച്ചോളൂ പരാതിയില്ല എന്ന സമ്മതം ആണ് നിങ്ങൾ ഇട്ട ആ ടിക് , പക്ഷെ അതൊക്കെ വായിക്കാൻ ആര് മെനക്കേടും ? 


സത്യത്തിൽ “ U HAPPY “ ആപ്പിൽ നിങ്ങൾ അല്ല സന്തോഷിക്കുന്നത് , ഞാൻ അടങ്ങുന്ന എന്റെ കമ്പനി ആണ് സന്തോഷിക്കുന്നത് .


സത്യത്തിൽ എനിക്ക് എന്നെ തന്നെ ഹാപ്പി ആക്കാൻ പറ്റുന്നില്ല. പക്ഷെ മണ്ടന്മാർ ഇപ്പോഴും ഇഷ്ടം പോലെയുണ്ട് .PhD വരെയുള്ള കോളേജ് പ്രൊഫസ്സർമാരായ ദമ്പതികൾ മോക്ഷത്തിനായി സ്വന്തം മക്കളെ കൊന്ന പോലെ , അവർക്കും കിട്ടിക്കാണും സന്തോഷം ,   സ്വന്തം മക്കളെ കൊന്നപ്പോൾ അവർക്കും കിട്ടി സന്തോഷം .

.സോ  ഏതു  ആപ്പിനും പ്രതീക്ഷയുണ്ട് ഇവിടെ . മൊബൈലിന്റെ കാലമല്ലേ ...


ടിക് ടിക്... ടിക് ടിക്... മൊബൈലിൽ ഒരു മെസ്സേജ് വന്നതാണ്... ആ പോന്നോട്ടെ പോന്നോട്ടെ പോന്നോട്ടെ എന്നു  മനസ്സിൽ വിചാരിച്ചു.

" നിങ്ങളുടെ ഹൃദയ സ്വപ്നങ്ങൾക്ക് പുത്തൻ ചിറകേകാൻ  അൽ ന്യൂമാൻ മെഡിക്കൽ സെന്ററിൽ പ്രശസ്ത കാർഡിയോളോജിസ്റ് ഡോക്ടർ ഹാഷിം നാളെ മുതൽ " വായിച്ചു ,പതുക്കെ കൈ നെഞ്ചിൽ വെച്ച് നോക്കി . ഹൃദയം ഇടിക്കുന്നുണ്ട് .


എനിക്ക്  ഹൃദയം ഉണ്ട് . സത്യത്തിൽ എനിക്ക് ഹൃദയം ഉള്ളതുകൊണ്ടല്ലേ ഈ പ്രവാസിയായി ഇവിടെ ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത്. 


പിന്നെയും കുറെ ടിക് ടിക് വന്നു . ഹൃദയം ഉള്ളത് കൊണ്ട് വായിച്ചില്ല . 

അടുത്തിരിക്കുന്നവർ ഓരോരുത്തർ ആയി എഴുന്നേറ്റു പോയി  . ഞാൻ അവരോടു ചിരിക്കാതിരിക്കാൻ വേണ്ടി മാസ്ക് ഒന്നൂടെ നേരെ വെച്ചു . എല്ലാരും പോയല്ലോ . ക്ലോക് നോക്കി , ചോറുണ്ണാൻ ടൈം ആയില്ലല്ലോ . പിന്നെന്തേ ? ആ അറിയില്ല . ഞാൻ ജോലിയിൽ മുഴുകി. രാവിലെ ഓഫീസ്  ബോയ് കൊണ്ട് തന്ന ചായ പോലും ഞാൻ കുടിച്ചിട്ടില്ലാരുന്നു . ജസ്റ്റ് ഒരു സിപ് എടുത്തു , ഒരു രുചി തോന്നിയില്ല , മണവും കടുപ്പവും ഒന്നുമില്ല . മനസ്സിൽ അവനോടു കുറച്ചു ദേഷ്യം തോന്നി . പച്ചവെള്ളത്തിൽ പാലും ചായപ്പൊടിയും ഇകളറും  ചേർത്ത വെള്ളം  .


മൊബൈൽ റിങ് ചെയ്തു . കാൾ എടുത്തു . അബുദാബി ഹെൽത്ത് അതോറിറ്റിയിൽ നിന്നുമാണ് കാൾ .


 “ഇന്നലെ ചെയ്ത താങ്കളുട PCR ഫലം  പോസിറ്റീവ് ആണ് താങ്കൾ കോവിഡ് 19 ഇൻഫെക്ടഡ് ആണ്  “  ഇപ്പോൾ താങ്കളുടെ ഓഫീസിനു മുന്നിൽ ആംബുലൻസ് വരും . അതിൽ കയറുക. അവർ എന്റെ ഓഫീസിന്റെ ലൊക്കേഷൻ വാട്സാപ്പിൽ അയച്ചു കൊടുക്കാനും പറഞ്ഞു . ജീവിതത്തിൽ ആദ്യമായി ഒരു പോസിറ്റീവ് റിസൾട്ട് വന്നപ്പോൾ ഞാൻ നെഗറ്റീവ് ആയി . കലികാലം .


ഓഫീസിൽ ഞാൻ മാത്രമേയുള്ളൂ . ഇപ്പോഴാണ് എല്ലാരും എന്നെ നോക്കാതെ പോയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത് . കൈയ്യിൽ കിട്ടിയത് എല്ലാം വാരി ബാഗിലിട്ടു . 


ഓഫീസ്  ഫോണിൽ ബോസ്സിന്റെ കാൾ .  “ഹായ് അനീഷ് , സാരമില്ല , വിഷമിക്കണ്ട , പോയി വാ . പെട്ടെന്ന് സുഗമാവട്ടെ . വെന്റിലേറ്റർ ഒന്നും വേണ്ടി വരില്ല , താൻ  ഹെൽത്തി ആണല്ലോ , പിന്നെ ആ പേർസണൽ ലാപ് ടോപ് കൂടി എടുത്തോ . ഏതായാലും ശമ്പളം തരണമല്ലോ ഞാൻ .അവിടെ  കമ്പ്യൂട്ടർ ഉപയോഗിക്കാം “ ഏതായാലും ജോലി നിർത്തണ്ട.  ഓക്കേ  സെർ , ഓക്കേ സെർ , ഓക്കേ ഓക്കേ ഓക്കേ ഓക്കേ എന്ന് മാത്രമേ എനിക്ക് മറുപടി പറയാൻ കഴിഞ്ഞുള്ളു . മൂക്കിൽ ഒന്ന് തൊട്ടു നോക്കി . ശ്വാസം വിടാൻ പറ്റുന്നുണ്ട് . വെന്റിലേറ്റർ വേണ്ടി വരുമോ …? ഞാൻ എന്നോട് തന്നെ ചോദിച്ചു .എയ് വേണ്ട . ഏതോ സിനിമയിൽ കണ്ട ഓര്മ … ഞാൻ എന്റെ വായിൽ വെന്റിലേറ്റർ ഇടുന്നതു ഒന്ന് ആലോചിച്ചു . തലകറങ്ങുന്നതു പോലെ തോന്നി . 


കണ്ണ് തുറന്നപ്പോ ഒരു വണ്ടിയിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നു . അന്യ ഗ്രഹ ജീവി പോലെ രണ്ടു  പേരുണ്ട് കൂടെ , ശരീരം മുഴുവൻ പൊതിഞ്ഞ ഉടുപ്പും ഉണ്ട്  .എങ്ങോട്ടോ പോവുകയാണ് .ആംബുലൻസ് ആണെന്ന് മനസിലായി .രാവിലെ ഈ മുസ്സഫ റോഡിലൂടെ ബസ്സിൽ ഇരുന്നു വന്നപ്പോൾ സൈഡിലെ കാഴ്ചകൾ കണ്ടു ആസ്വദിച്ച ഞാൻ ഇപ്പോൾ ആംബുലൻസിൽ കിടക്കുന്നു . ഒരു അന്യായ രോഗം വന്ന രോഗിയെ പോലെ .


എനിക്ക് പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല . കൈയ്യിൽ ബി പി നോക്കുന്ന കുന്തം ഒക്കെ കെട്ടി  വെച്ചിട്ടുണ്ട് .ആകെ സീൻ . എന്ത് ചെയ്യണം എന്നറിയില്ല.രണ്ടു കൈയും നെഞ്ചിൽ വെച്ചു കണ്ണും പൂട്ടി കിടന്നു .വേറെ വഴിയില്ല . ജയിൽ പോലെ തോന്നി.


എവിടോ കൊണ്ട് വണ്ടി നിർത്തി. ഇറങ്ങി അഥവാ ഇറക്കി. നേരെ ഒരു മുറിയിൽ കൊണ്ടാക്കി. വാതിൽ അടച്ചു. ടോട്ടൽ ബ്ലാങ്ക് ആയിപ്പോയി . എന്ത് ചെയ്യണം എന്നറിയില്ല . ഭാര്യയെ  ഒന്ന് വിളിക്കണം , പറയണം ഇനി എന്ന് തിരിച്ചു വരും എന്നറിയില്ല എന്ന് . 


മൊബൈൽ തപ്പി , എവിടാണെന്നറിയില്ല . തിരക്കിനിടയിൽ എവിടെയോ വെച്ചു. ഒന്നും ഓർമ്മയിൽ വരുന്നില്ല . കൈയ്യിൽ ആകെ ഒരു ബാഗ് മാത്രമേയുള്ളൂ . പിന്നെ ഷർട്ടിന്റെയും പാന്റ്സിന്റെയും പോക്കെറ്റും . എങ്ങും കാണുന്നില്ലല്ലോ ദൈവമേ . 


വൈഫ് ഇന്ന് രാവിലെ ജോലിക്കു പോയതാണ് . നേഴ്സ് ആണ് അവൾ , ഡ്യൂട്ടി ടൈമിൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഇല്ല അവൾക്കു . വാട്സ്ആപ് മെസ്സേജ് അയക്കാം , ബാത്‌റൂമിൽ കയറുമ്പോ ആണ് അവൾ മൊബൈൽ നോക്കുന്നത് . നോക്കുമ്പോ കണ്ടോളും .ഞാൻ ഉറങ്ങുന്നത് കൊണ്ടാവും പോവുകയാണെന്ന് പോലും അവൾ പറഞ്ഞില്ല രാവിലെ  . അഞ്ചു വയസുകാരി മോൾ നല്ല ഉറക്കം ആയിരുന്നു . ഒന്നൂടെ പുതപ്പിച്ചു കൊടുത്തിട്ടാണ് ഞാൻ പോന്നത് . 


ഞങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ മോളെ നോക്കാൻ വരുന്ന ഫിലിപ്പീൻസുകാരി ചേച്ചി ഇന്നലെ താക്കോല് കൊണ്ട് പോകാൻ മറന്നു പോയിരുന്നു . അവരെ വിളിച്ചൊന്നു പറയണം താക്കോൽ ചെടിച്ചട്ടിയുടെ  അടിയിൽ വെച്ചിട്ടുണ്ട് എന്ന് . ഇല്ലേൽ വൈഫിനെ വിളിച്ചൊന്നു പറയണം . മോൾ ഉണരാൻ 11 മണി ആകും . ഉണരുമ്പോൾ വീട്ടിൽ ആരും ഇല്ലെങ്കിൽ പേടിച്ചു കരയും . ഒറ്റക്കാവുന്നതും ഇരുട്ടും മോൾക്ക് പേടിയാണ് . അവൾ ഉണരേണ്ട എന്ന് കരുതി ബെഡ് റൂമിലെ ലൈറ്റും ഞാൻ ഓഫ് ചെയ്തിരുന്നു . മൊബൈൽ കാണുന്നില്ല . ബാഗ് മുഴുവനും നിലത്തേക്ക് കുടഞ്ഞിട്ടു നോക്കി , ഇല്ല . എങ്ങും ഇല്ല . തലയ്ക്കു കൈയും കൊടുത്തു എത്ര നേരം  ഇരുന്നു  എന്നറിയില്ല . ബോസ് വിളിച്ചു പറഞ്ഞിട്ടും ലാപ്ടോപ്പും ഞാൻ എടുക്കാൻ മറന്നിരിക്കുന്നു .


അടച്ചിട്ട വാതിലിൽ ആരോ മുട്ടി . ചെന്ന് തുറന്നു നോക്കിയപ്പോ എന്റെ മൊബൈൽ നിലത്തു കിടക്കുന്നു . മൊബൈൽ ആംബുലൻസിൽ കിടക്കുന്നുണ്ടാരുന്നു , പി പി ഇ കിറ്റ് ഇട്ട ഒരാൾ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു . ദൈവം ഉണ്ടെന്നുള്ളതിനു തീരുമാനം ആയി .ആർത്തിയോടെ ഞാനതു കൈയ്യിലെടുത്തു . കറുത്തിരിക്കുന്ന ഡിസ്പ്ലേ . പവർ ബട്ടൺ ഞെക്കി , ഓണായില്ല .ഫോൺ ഓഫായിക്കാണും . അമർത്തി ഞെക്കി .ഇല്ല ഓണാവുന്നില്ല . ചാർജ് തീർന്നു കാണും . ബാഗിൽ നിന്നും ചാർജർ എടുക്കാം . ബാഗിൽ കൈയ്യിട്ടു . ചാർജർ തപ്പി നോക്കി .പുറകിലെ അറയിൽ ഇല്ല . മറ്റേതിൽ നോക്കി , ഇല്ല , മുന്നിലെ ചെറിയ അറയിൽ നോക്കി , ഇല്ല , സൈഡിലെ പോക്കെറ്റിൽ നോക്കി , ഇല്ല , എല്ലാ അറയിലും പിന്നെയും പിന്നെയും നോക്കി , ബാഗ് എല്ലാം കൂടി കുടഞ്ഞു നിലത്തിട്ടു നോക്കി , ഇല്ല . എങ്ങും ഇല്ല . ഇല്ല ...ഇല്ല ..ഇല്ല 


ഓടി വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി , ആജാനബാഹുവായ ഒരാൾ വന്നു മേലിൽ മുറിക്കു പുറത്തു ഇറങ്ങരുതെന്നു പറഞ്ഞു . എന്നെ അകത്താക്കി വാതിൽ വലിച്ചടച്ചു .


മരിക്കണം എന്ന് തോന്നി ….മരിച്ച ഹൃദയം കൈയിലുണ്ട് ...ധമനിയില്ലാത്ത ഹൃദയത്തിനു ജീവനില്ല ….


ഇനി പോസിറ്റീവ് ആയ ഞാൻ നെഗറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കട്ടെ ...



അനീഷ് ശ്രീധരൻ


NB:


( പ്രിയ കൂട്ടുകാരോട് ഞാൻ എന്ന അനീഷ്  ഇത് വരെ കോവിഡ് വരാതെ പൊരുതി   നിന്നിട്ടുണ്ട് .

കഥ എന്റെ ഭാവന മാത്രം ആണെന്ന് അറിയിച്ചു കൊള്ളട്ടെ )


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌