അവൾ


* മോളേ അച്ചൻ ജോലി കഴിഞ്ഞ് വന്നോ?

* മ് വന്നിട്ട് ആൽത്തറയിൽ സൊറ പറയാൻ പോയതാ അങ്കിളേ


* നാളെ ഞായറാഴ്ച്ച അല്ലേ , മോൾടെ ചേട്ടൻ എറണാകുളത്ത് നിന്നും വന്നോ ?


* മ് വന്നു ... വന്ന പാടേ ബാഗ് ഇവിടിട്ടിട്ട് ഓടി . ചേട്ടന്റെ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയി. ഗ്രൗണ്ടിൽ കാണും .


എന്താ അങ്കിളേ ചോദിച്ചത്
അല്ല മോളേ ഒരു കാര്യം ഉണ്ടായിരുന്നു.


* അമ്മ എന്തിയേ?


* ജോലി കഴിഞ്ഞ് വന്ന് അടുക്കളയിൽ ആണ്.


* ശരി , അഛൻ വരുമ്പോൾ ഞാൻ വന്നിരുന്നുന്നു പറയണേ ...


വയലിന്റെ അപ്പുറത്തെ വീട്ടിലെ രതീഷ് അങ്കിൾ ആണ് . പുള്ളി റിട്ടയേർഡ് വില്ലേജ് ഓഫീസർ ആണെങ്കിലും പ്രായ വ്യത്യാസമില്ലാതെ ഒരേ സമയം 
അച്ചന്റേയും ചേട്ടന്റേയും കൂട്ടുകാരനാണ്. 

ചേട്ടന്റെ വണ്ടിയിൽ മൂന്നു പേരും ഒരുമിച്ചാണ് എപ്പോഴും സിനിമക്കും കറങ്ങാനും ഒക്കെ പോകുന്നത്. ചിലപ്പോൾ വേറെ കുറേ കൂട്ടുകാരുമുണ്ടാവും. ഇന്നും എങ്ങോട്ടെങ്കിലും പോകാൻ വേണ്ടി ചോദിച്ചതാണ് അങ്കിൾ.

ഞാൻ രണ്ടാം വർഷ ബി എസ് സി ബോട്ടണിയുടെ റെക്കോർഡിലെ ഫ്ലോറൽ ഡയഗ്രം മുറ്റത്ത് കസേരയിട്ട് ഇങ്ങനെ വരച്ചു കൊണ്ടിരിക്കുന്നു.

ഈ ആറ് മണി നേരത്തും പുമ്പാറ്റയും തേനീച്ചയും കൂടണയാതെ മുറ്റത്തെ നന്ദ്യാർ വട്ടത്തിന്റെ ചോട്ടിൽ വട്ടമിട്ടു പറന്നാസ്വദിക്കുന്നു.

ഈ തേനീച്ചയിലും പൂമ്പാറ്റയിലും ആണുങ്ങൾ മാത്രമേയുള്ളോ ???

മനുഷ്യരായി ജനിച്ച പെണ്ണുങ്ങളെല്ലാം സന്ധ്യയായാൽ വീട്ടിൽ കേറി അടുക്കളേലെ ജോലീം തീർത്ത് വേണേൽ പ്രാർത്ഥിച്ചിട്ട് , വേണേൽ സീരിയലും കണ്ട് , ഭക്ഷണോമുണ്ടാക്കി പാത്രോം കഴുകിവീട്ടിൽ കുത്തിയിരുന്നോണം.

ഒന്ന് കൂട്ടുകാരന്റേയോ കൂട്ടുകാരിയുടേയോ വീട്ടിൽ പോവണമെങ്കിൽ അമ്മയോടും അച്ചനോടും ചേട്ടനോടും അനുവാദം വാങ്ങിക്കണം.

എന്റെ ചേട്ടനാണെങ്കിൽ അതൊന്നും വേണ്ട. രാവിലെ എണീറ്റ് ഒരുങ്ങിയിറങ്ങുമ്പോൾ ചോദിച്ചാൽ പറയും എങ്ങോട്ടാ പോണതെന്ന്.

എന്നേം കൂടി ഒന്നു കൊണ്ടുപോകുമോന്നു ചോദിച്ചാൽ അതൊന്നും പെമ്പിള്ളാർക്ക് പോകാൻ പറ്റിയ സ്ഥലമല്ല എന്നും പറഞ്ഞ് തിരിഞ്ഞു നോക്കാതെ പോകും ....

അച്ചന് അമ്മ വീട്ടിൽ എത്ര ചായയിട്ടു കൊടുത്താലും പിന്നേം ജംഗ്‌ഷനിലെ സുബേറിന്റെ കടേലെ പൊടിച്ചായ കുടിക്കാൻ പോകും വൈകിട്ട് ... അവിടെ കൊറേ കൂട്ടുകാരുണ്ട്. സംസാരിച്ചിരുന്ന് രാത്രി വരുമ്പോൾ ഒൻപത് മണിയൊക്കെ കഴിയും മിക്കവാറും....

എന്നാണാവോ പെൺകുട്ടിയായ എനിക്ക് ഇതു പോലെ ഒന്ന് പുറത്തിറങ്ങി ഷീലയേയും ശോഭ ചേച്ചിയേം മേരിയാന്റിയേം എന്റെ അമ്മയേമൊക്കെ കൂട്ടി വൈകിട്ട് ജംഗ്‌ഷനിൽ ഒക്കെ പോയിരുന്ന് ഒരു കട്ടൻ ഒക്കെ കുടിച്ച് സൊറ പറഞ്ഞിരിക്കാൻ പറ്റുക???


അനീഷ് ശ്രീധരൻ



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌